പതിരാവരുത് ഈ കതിരുകള്‍

ആധുനികലോകത്തിന്റെ എണ്ണമറ്റ വെല്ലുവിളികളേയും സമ്മര്‍ദ്ദങ്ങളേയും അഭിമുഖീകരിക്കുന്ന നമ്മുടെ ഇളംതലമുറയ്ക്ക് ആവശ്യമായ ക്രിസ്തീയ മാതൃകയും ബോധനവും നല്കി സത്യവിശ്വാസത്തിലും, സന്മാര്‍ഗ്ഗത്തിലും വഴി നടത്തുവാന്‍ മാതാപിതാക്കളെ ഒരുക്കുന്ന ‘മക്കള്‍ മഹാദാനം’ എന്ന ആശയത്തില്‍ Read More

ശിശു പരിപാലനം വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍

റേഡിയോയില്‍ കൂടെ കൂടെ വരുന്ന ഒരു പരസ്യമുണ്ട്. ഗര്‍ഭിണിയായെന്നറിഞ്ഞ അമ്മ അതിസന്തോഷത്തോടെ ക്ഷേത്രത്തില്‍ വഴിപാട് അര്‍പിക്കാന്‍ ഒരുമ്പെടുന്നു. Read More.

അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്തൂ....

വിവാഹവും കുടുംബജീവിതവുമൊക്കെ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ഒട്ടുമിക്ക വിവാഹങ്ങളും പരാജയത്തില്‍ കലാശിക്കുന്നവെന്നത് നമ്മെ ഉത്കണ്ഠാകുലരാക്കുന്നു.ഒരു കാലത്ത് കേട്ടുകേഴ്വിപോലുമില്ലാതിരുന്ന Read More.
 

വിളക്കുമരങ്ങള്‍ കണ്ണടച്ചതോ? വഴിപിഴയ്ക്കുന്ന ബാല്യങ്ങള്‍ ഒരു അദ്ധ്യാപക വീക്ഷണം


സുനില്‍ ഡി. കുരുവിള, മാവേലിക്കര
 ഒരിക്കല്‍ ബഹുമാന്യനായൊരു വ്യക്തി ട്രെയിനില്‍ യാത്ര ചെയ്യുന്നു.  ടിക്കറ്റ്
പരിശോധകന്‍ എത്തി ടിക്കറ്റ് ആവശ്യപ്പെട്ടു.  അദ്ദേഹത്തിന് തന്റെ ടിക്കറ്റ് കണ്ടെത്താനായില്ല.  പരിശോധകന്‍ ആളെ തിരിച്ചറിഞ്ഞു.  അപ്പോഴും ആ വലിയ മനുഷ്യന്‍ തന്റെ ടിക്കറ്റ് പരതുകയാണ്.  പരിശോധകന്‍ പറഞ്ഞു: സാര്‍, അങ്ങ് ടിക്കറ്റ് എടുത്തിരിക്കും എന്ന് എനിക്കറിയാം.  അതിനായി ഇനി അന്വേഷിക്കേണ്ടതില്ല.  പ്രായം ചെന്ന ആ വലിയ മനുഷ്യന്റെ മറുപടി ഇതായിരുന്നു- 'ടിക്കറ്റ് കിട്ടിയിട്ട് വേറെ ആവശ്യം ഉണ്ട്.  എവിടെയാണ് ഇറങ്ങേണ്ടതെന്ന് ഞാന്‍ മറന്നുപോയിരിക്കുന്നു.' 
ഇതുതന്നെയല്ലേ ഇന്നു വിദ്യാഭ്യാസത്തിനും, അദ്ധ്യാപകര്‍ക്കും സംഭവിച്ചി രിക്കുന്നത്?  നമ്മുടെ ലക്ഷ്യവും, ചൈതന്യമുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ മറന്നിരിക്കുന്നു.  21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുമ്പോള്‍ തന്നെ നടത്തിയ മാറ്റങ്ങള്‍ എല്ലാം മോശമാണെന്ന് അറിഞ്ഞിരിക്കുന്നു.  ഭാവിക്കുന്നില്ലെന്നു മാത്രം.  വിന്‍സ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞതുപോലെ "ആളുകള്‍ പലപ്പോഴും സത്യത്തില്‍ തട്ടി വീഴുന്നു.  പക്ഷെ മിക്കവരും തട്ടിക്കുടഞ്ഞെഴുന്നേറ്റ് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ മുന്നോട്ട് കുതിക്കുന്നു''.  ബൌദ്ധിക അറിവുകളെ മാത്രം അടിസ്ഥാനപ്പെടുത്തി, തലച്ചോറിനെ മാത്രം വിദ്യാഭ്യാസം ലക്ഷ്യം വെച്ചപ്പോള്‍ നഷ്ടപ്പെട്ടത് ആത്മാവാണ്.
ഭാരതീയ ചിന്തകളില്‍ വിദ്യാഭ്യാസം ഒരു സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു.  അത് മൂല്യാധിഷ്ഠിതമായിരുന്നു.  ആഗോള സ്വാധീനത്തിലും, വികലമായ രാഷ്ട്രീയ നയങ്ങളിലുംപെട്ട് വിദ്യാഭ്യാസത്തിന് അതിന്റെ നന്മയെ നഷ്ടപ്പെട്ടു.  ദൈവമായിരുന്ന ഗുരു ഇന്ന് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററിന്റെ നിലയിലായി.  പുതിയ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ലക്ഷ്യം സാമൂഹിക സൃഷ്ടിയില്‍ നിന്ന് ചുരുങ്ങി "ചന്ത''ക്ക് ആവശ്യമുള്ള ആള്‍ക്കാരെ തരപ്പെടുത്തിക്കൊടുക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങി.  എനിക്ക് എന്ത് പ്രയോജനം കിട്ടും/ ലാഭം ലഭിക്കും എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ആധുനീക വിദ്യാഭ്യാസത്തിന് യാതൊരു ലക്ഷ്യ വുമില്ല. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും, ടെലിവിഷനും ഒക്കെ അരങ്ങു തകര്‍ക്കുന്ന ആധുനിക വിദ്യാഭ്യാസ ത്തില്‍ കട്ട് - കോപ്പി - പേസ്റ്  - ചെയ്യപ്പെടുന്ന ചവറുകള്‍ വരെ എ+ ഗ്രേഡ് വാങ്ങിക്കുന്നുവെങ്കില്‍ ചിന്താപരമായ ഒരു മരവിപ്പ് നമുക്ക് സംഭവിച്ചിട്ടില്ലേ? ഉപകരണങ്ങളാ കേണ്ട സാങ്കേതിക വിദ്യകളൊക്കെ ഇന്ന് യജമാനരായി വാഴുന്നു. ഫലമോ?  അത് ബുദ്ധിമാന്ദ്യത്തിനും, സാമൂഹിക വൈകല്യങ്ങള്‍ക്കും വഴി തെളിക്കും.  ഒരു സമൂഹ സൃഷ്ടിക്ക് ആവശ്യമായ പ്രബുദ്ധതയും, യുക്തി ബോധവും എല്ലാം നഷ്ടപ്പെടുത്തി വീണ്ടും പുതിയൊരു മാനസിക അടിമത്വത്തിന് നമ്മള്‍ സാക്ഷികളാകും.
അദ്ധ്യാപകന്‍ സിലബസ് കേന്ദ്രീകൃതമാക്കി ചുരുങ്ങിപ്പോയിരിക്കുന്നു. കായികവും, കലയും, കവിതയും, സാംസ്ക്കാരികപ്രവര്‍ത്തനവും , സമൂഹവും, പ്രകൃതിയും ഒക്കെ ഇന്ന് ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണ്. അമ്മയെ സ്നേഹിക്കാന്‍ ഒരു "മദേഴ്സ് ഡേ'' ഉള്ളതുപോലെ ! താനൊരു "തൊഴിലാളി''യാണെന്ന് അദ്ധ്യാപകന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു കാലംവരെ സമൂഹത്തിന്റെ ചൂണ്ടുപലകകള്‍ ആയി പ്രാഭവത്തോടെ നിന്നവര്‍ ഇന്ന് ചന്തയിലെ പരസ്യബോര്‍ഡുകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായി.
നമ്മുടെ യുവത്വത്തിന് എന്തു പറ്റീ എന്ന് ചോദി ക്കുകയും, ലേഖന പരമ്പര എഴുതുന്നവരും സ്വയം നല്‍കേണ്ട ഒരു പിടി ഉത്തരങ്ങള്‍ ഉണ്ട്.  രാജ്യശില്‍പ്പികളായ
അദ്ധ്യാപകരെ - ഗുരുക്കന്‍മാരെ - അവരല്ലാതാക്കിയ നയം  വിദ്യാഭ്യാസത്തിന്റെ സത്യസന്ധത നശിപ്പിച്ചതും ആരാണ്? രാഷ്ട്രീയ - കമ്പോള കൂട്ടുകെട്ടുകളും അവര്‍ക്ക് മൌനമായി ഒത്താശചെയ്ത് സ്വന്തം നേട്ടങ്ങള്‍ ഉറപ്പിച്ച മത-സാമൂഹിക പ്രസ്ഥാനങ്ങളും എല്ലാം പ്രതിക്കൂട്ടിലല്ലേ?
ഒരു സമൂഹത്തിന്റെ ക്വാളിറ്റി നിശ്ചയിക്കപ്പെടുന്നത് ആ സമൂഹത്തിന്റെ അദ്ധ്യാപക നിലവാരത്തിനനുസരിച്ചാണ്. നമ്മുടെ നാട്ടിലെ മികച്ച കുട്ടികളില്‍ എത്രപേര്‍ അദ്ധ്യാപ കരാകുന്നുണ്ട്? കഴിവും, പ്രബുദ്ധതയും ഇന്ന് അദ്ധ്യാപ കരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ബാദ്ധ്യതയല്ലേ?  രാഷ്ട്രീ യവും, സ്വജനപക്ഷപാതവും, പണവും ഒത്തുകളിക്കുന്ന അദ്ധ്യാപക തെരഞ്ഞെടുപ്പു രംഗങ്ങളില്‍ മികവിന് എന്ത് സ്ഥാനം?  അതിലും ഭീകരമല്ലേ ഇംഗ്ളീഷ് മീഡിയം സ്ക്കൂളു കളുടേയും അദ്ധ്യാപകരുടെയും അവസ്ഥ. വിദ്യാഭ്യാസ ത്തിന്റെ സാമൂഹിക തലം വേര്‍പെട്ടപ്പോള്‍ അദ്ധ്യാപകരും സമൂഹത്തില്‍നിന്ന് വേര്‍പെട്ടു.  അദ്ധ്യാപകന്റെ വായന കുറഞ്ഞു ശക്തിയും കുറഞ്ഞു.
ഒരിക്കല്‍ ഒരു ശനിയാഴ്ച ദിവസം അദ്ധ്യാപക പരിശീലനം നടത്താനായി ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നെ കാലേക്കൂട്ടി ക്ഷണിച്ചു. പരിശീലനത്തിന്റെ തലേദിവസം സ്ക്കൂള്‍ മാനേജര്‍ എന്നെ വിളിച്ച് പരിശീലനം പറഞ്ഞതുപോലെ നടത്താന്‍ കഴിയില്ല എന്ന് അറിയി ക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഞാന്‍ കാരണം അന്വേഷിച്ചു.  മറുപടി എന്നെ അത്ഭുത പ്പെടുത്തിയില്ല: സാര്‍, നാളെ എല്‍. ഡി. ക്ളാര്‍ക്കിന്റെ പരീക്ഷയാണ്. ഞങ്ങളുടെ അദ്ധ്യാപകര്‍ എല്ലാം ആ പരീക്ഷയില്‍ പങ്കെടുക്കേണ്ടവരാണ്. നല്ല വേതനവും, അംഗീകാരവും കൊടുത്താല്‍ ആരും ടീച്ചറിന്റെ ജോലി വിട്ട് ക്ളാര്‍ക്ക് ആകാന്‍ പോകില്ല.  അത്തരം അദ്ധ്യാപകരാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.  കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് എങ്ങനെ ഇഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികളെ സൃഷ്ടിക്കാന്‍  കഴിയും!
അദ്ധ്യാപകരെ കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിന് മാത്രമേ അവരില്‍ നിന്ന് ഉയര്‍ന്നതും മേന്‍മയേറിയതുമായ പ്രവര്‍ത്തനം പ്രതീക്ഷി ക്കാനും സാധിക്കുകയുള്ളൂ.  സാമ്പത്തിക മൂലധനവും, അറിവും, സാങ്കേതിക മേന്‍മയുമൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചു.  വലിയ കാറും, വീടും, സൂപ്പര്‍മാര്‍ക്കറ്റും ഒക്കെ നമ്മള്‍ നേടി.  എന്നാല്‍ നമ്മുടെ സാമൂഹിക മൂലധനത്തില്‍ വലിയ കുറവ് സംഭവിച്ചിരിക്കുന്നു.  കത്തിയും, മുള്ളും കൊണ്ട് ആഹാരം കഴിക്കുന്നതോ, സായിപ്പിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നതോ, ഒക്കെയാണോ പുരോഗതിയുടെ മാനദണ്ഡങ്ങള്‍.  നമുക്ക് ചുറ്റുമുള്ള ലോകത്തേയും, ജീവനേയും അതിന്റെ ആവശ്യങ്ങളേയും കൂടി നമ്മുടേതിനോടു ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുന്നി ല്ലെങ്കില്‍, അടുത്ത തലമുറയ്ക്കുകൂടി നമ്മള്‍ കരുതുന്നി ല്ലെങ്കില്‍ അതിനെ സമഗ്രമായ സംസ്കാര മെന്ന്-നിലനില്‍ക്കുന്നത് എന്ന് നമുക്ക് വിളിക്കാന്‍ കഴിയില്ല.   
രണ്ട് ഐ.റ്റി. കമ്പനി എക്സിക്യൂട്ടീവുകള്‍ കാട്ടിലകപ്പെട്ടു.  പെട്ടെന്ന് ദൂരെ നിന്ന് ഒരു കടുവ വരുന്നത് അവര്‍ കണ്ടു.  ഒരുവന്‍ ഉടന്‍ തന്നെ തന്റെ ഷൂ ലേസ് മുറുക്കാന്‍ ആരംഭിച്ചു.  കൂട്ടുകാരന്‍ ചോദിച്ചു: നിനക്ക് കടുവയെക്കാള്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുമോ?  ഞാനെന്തിന് കടുവയെക്കാള്‍ വേഗത്തില്‍ ഓടണം.  നിന്നേക്കാള്‍ വേഗത്തില്‍ ഓടിയാല്‍ പോരെ?  ഇതാണ് നാം നേടിയ പുരോഗതി/ മൂല്യം/ ആത്മീയത.  നമുക്ക് വേണ്ടത് സത്യസന്ധമായ, ആഴമുള്ള, സമഗ്രതയുള്ള വിദ്യാഭ്യാസമാണ്.  അല്ലാതെ അവനവനെ മാത്രം കാണുന്ന സംസ്കാരമല്ല. 
എ+ വാങ്ങിക്കാനും, 100% കൊയ്യാനും, എന്‍ട്രന്‍സ് ജയിക്കാനും, പ്ളേയ്സ്മെന്റ് നേടാനും ഒക്കെ നമ്മള്‍ കുട്ടികളെ പ്രാപ്തരാക്കി.  എന്നാല്‍ ഇതില്‍ ജീവിക്കാനറി യാവുന്ന എത്ര കുട്ടികള്‍ ഉണ്ട്?  ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മദ്യം എത്ര ലിറ്ററാണ്?  എഴുപതോളം വിവാഹമോചനം ഒരു ദിവസം നാട്ടില്‍ നടക്കുന്നു.  മുപ്പതില്‍പരം ആത്മഹത്യകള്‍, അക്രമങ്ങളിലും, ലൈംഗീക കുറ്റകൃത്യങ്ങളിലും, കവര്‍ച്ചാ ശ്രമങ്ങളിലും എല്ലാ ദിനവും കുരുങ്ങി വീഴുന്ന ചെറുപ്പക്കാരുടെ എണ്ണം നോക്കിയാല്‍ ഇതിനെല്ലാം ഉത്തരം കിട്ടും.  ഇതിനെല്ലാം പുറമെയാണ് അഴിമതിയിലും ജോലിതട്ടിപ്പിലും മറ്റ് വെള്ളകോളര്‍ തട്ടിപ്പുകളിലും ഭാഗഭാക്കാവുന്നവര്‍.  സമൃദ്ധിയായി ജീവിക്കുവാനും, ജീവിതം ആസ്വദിക്കുവാനും കഴിയുന്നില്ലെങ്കില്‍ നമ്മുടെ നേട്ടങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?  ഏതു തൊഴില്‍ രംഗത്തും ഇന്നു വിജയിക്കണമെങ്കില്‍ വൈകാരിക സാക്ഷരതയാണ് ഏറെ ആവശ്യം.  വിദ്യാഭ്യാസം ഹൃദയതലത്തില്‍ എത്തിയെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ.
അദ്ധ്യാപകരുടെ Morale ഉയര്‍ത്തി നിര്‍ത്താനും, പ്രോല്‍സാഹിപ്പിക്കാനും, കരുതാനും കഴിയുന്ന ഒരു സാംസ്കാരിക അന്തരീക്ഷം സമൂഹത്തില്‍ അനിവാര്യ മാണ്.  നമുക്കാവശ്യം ഒരു ഡീപ്പ് എഡ്യൂക്കേഷന്‍ ആണ്.  ഇവിടെ അദ്ധ്യാപകന്റെ സ്ഥാനം ഒരു ഫെസിലിറ്റേറ്ററിന്റെ മാത്രമല്ല, നേതാവിന്റേ തുകൂടിയാവണം.  ആരേയും പിടിച്ച് അദ്ധ്യാപകരാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തിന് ഇത് രുചിക്കുമോ എന്നറിയില്ല.  അദ്ധ്യാപകര്‍ ക്ളാസിലും സ്കൂളിലും എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം അദ്ധ്യാപകനു തന്നെ നല്‍കണം.  അത് രാഷ്ട്രീയക്കാര്‍ അല്ല തീരുമാനിക്കേണ്ടത്.  നല്ല പരിശീലനവും, ചിട്ടയായ വിലയിരുത്തലും അദ്ധ്യാപകര്‍ക്ക് ആവശ്യമാണ്.  എന്നാല്‍ അവയ്ക്കാവശ്യമായ ആവിഷ്കാര സ്വാതന്ത്യ്രം നല്ല അദ്ധ്യാപകരെ വാര്‍ത്തെടുക്കാന്‍ അനിവാര്യമാണ്.  എങ്കില്‍ മാത്രമേ അറിവിനോടൊപ്പം ജീവിതവും കൂടി പഠിപ്പിക്കാനുള്ള "ഇടം'' അദ്ധ്യാപകര്‍ നേടുകയുള്ളൂ - a shift from mechanical teaching to life enriched teaching.  . 
Curriculam പരിഷ്കാരങ്ങള്‍, പാഠപുസ്തക നിര്‍മ്മാണം ഇവയില്‍ സമൂഹത്തിലെ മികച്ച അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം.  ജനത്തിനു പോലും വേണ്ടാത്ത രാഷ്ട്രീയക്കാര്‍ പിന്‍വാതിലിലൂടെ ഇതെല്ലാം കൈയ്യാളാന്‍ അനുവദിച്ചുകൂടാ.         
അദ്ധ്യാപകരും മനുഷ്യരാണ്.  അവര്‍ക്കും തെറ്റുകള്‍ പറ്റാം.  ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും പര്‍വ്വതീകരിച്ച് മുതലെടുക്കുന്ന രീതി പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഉപേക്ഷിക്കണം.  അദ്ധ്യാപകരെ ആദരിക്കാനും, പ്രോല്‍സാ ഹിപ്പിക്കാനുമായി മാധ്യമങ്ങള്‍ എന്തു ചെയ്യുന്നുണ്ട്?  ഏക്കറു കണക്കിന് ന്യൂസ്പ്രിന്റ് സിനിമാനടന്മാര്‍ക്കും, ഗുണ്ടകള്‍ക്കും വരെ ചിലവാക്കുന്ന മാധ്യമങ്ങള്‍ എത്ര പ്രാധാന്യമാണ് മികച്ച അദ്ധ്യാപകരെ പ്രകീര്‍ത്തിക്കാന്‍ ചിലവാക്കിയിട്ടുള്ളത്.  വാര്‍ത്തയാണ് മാധ്യമങ്ങള്‍ക്കാവശ്യം.  അതിലെ നന്മ പ്രശ്നമല്ല.  അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റുമ്പോള്‍ അത് നമ്മുടേയും കൂടി തെറ്റുകളാണ്.  അവ ശരിയാക്കിയെടുക്കാന്‍ സത്യസന്ധമായ-ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും.  സമൂഹത്തിന്റെ വൈകാരിക പിന്തുണ അദ്ധ്യാപകര്‍ക്ക് ആവശ്യമാണ്.  അല്ലാതെ കുറ്റപ്പെടുത്ത ലുകള്‍ മാത്രമല്ല. 
ബി.എഡ് കോഴ്സ് ഫലപ്രദമായി പരിഷ്കരി ക്കാത്തതും, അദ്ധ്യാപകവൃത്തിയിലേക്ക് മിടുക്കരായ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാത്തതും ഒക്കെ പ്രശ്നങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.  ബി.എഡ് കോളേജുകളിലെ അദ്ധ്യാപകരുടെ നിലവാരത്തെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നതേയില്ല.  ലേലം വിളിച്ച് അദ്ധ്യാപകരെ നിയമിക്കുന്ന മാനേജുമെന്റുകള്‍ മേന്‍മയ്ക്കുകൂടി അല്‍പം ഇടം നല്‍കിയാല്‍ നന്ന്.  മാതാപിതാക്കള്‍ അദ്ധ്യാപകരെ കുട്ടികളുടെ മുന്‍പില്‍ വെച്ച് ആക്ഷേപിക്കരുത്.  രാഷ്ട്രീയക്കാരും, നേതാക്കന്മാരും അദ്ധ്യാപകരെ വിരട്ടാതിരിക്കുക.  അദ്ധ്യാപകര്‍ ഉയര്‍ന്നു നില്‍ക്കുന്ന സമൂഹങ്ങളെ ഗുണമേന്മയോടെ ലോകത്തിലും ഉയര്‍ന്നു നില്‍ക്കുക.
കടപ്പാട് : മലങ്കര സഭാ മാസിക

വഴി തെറ്റുന്ന ബാല്യങ്ങള്‍


നിധീഷ് ചന്ദ്രന്‍, മലയാള മനോരമ
  സ്ഫടികം പോലെ പരിശുദ്ധമാകേണ്ട നമ്മുടെ കുട്ടികളുടെ ബാല്യങ്ങളില്‍ ചിലയിടങ്ങളില്‍ പുള്ളിക്കുത്തുകള്‍ വീണു തുടങ്ങിയിരിക്കുന്നു. പീഡനശ്രമത്തിനിടയിലുള്ള കൊലപാതകങ്ങളില്‍ പതിമൂന്നു വയസ്സുകാരനും നാലാം ക്ളാസ്സുകാരനും പ്രതികള്‍, മോഷണ സംഘങ്ങളില്‍ അംഗങ്ങളാകുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുകുട്ടികള്‍ പോലും അടിമകളാകുന്നു. എന്താണ് നമ്മുടെ കുട്ടികള്‍ക്കു സംഭവിക്കുന്നത്.? ബന്ധങ്ങളും മൂല്യങ്ങളുമൊന്നും വകവയ്ക്കാതെ തിന്മയുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിപ്പോകുന്ന അവരെ രക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക. തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്.

എവിടേക്കാണ് അവര്‍?
കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ക്രമാതീതമായ വര്‍ദ്ധനവുണ്ടാവുന്നുവെന്നാണ് സ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2009-ല്‍ 677 കുട്ടികള്‍ ക്രിമിനല്‍ കേസുകളില്‍ പിടിയിലായപ്പോള്‍ 2010-ല്‍ അത് 801 ആയി. കുട്ടികള്‍ കുറ്റവാളികളാകുന്ന മിക്കവാറും സംഭവങ്ങള്‍ കേസാകാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണത്തിന്റെ 10% പോലുമാവില്ല ഈ കണക്ക്. ഒറ്റയ്ക്കു ചെയ്യുന്ന കുറ്റകൃത്യങ്ങളായിരുന്നു നേരത്തേയെങ്കില്‍ സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളാണു രണ്ടു വര്‍ഷമായുള്ള പ്രവണത. 2011-ല്‍ കേരളത്തിന്റെ മുഴുവന്‍ മനസാക്ഷിയെ ഞെട്ടിച്ച് ഇടുക്കി ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളില്‍ പ്രതികളായതും പതിനഞ്ചു വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍.
കുട്ടികളുടെ ഇടയിലെ മദ്യപാനവും ലഹരി ഉപയോഗവുമെല്ലാം മുമ്പെങ്ങും ഇല്ലാത്ത വിധം വര്‍ധിച്ചതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ക്കൂള്‍ കുട്ടികള്‍ പോലും മദ്യത്തിന് അടിമകളാവുന്ന ഗൌരവതരമായ സ്ഥിതിയിലേക്കാണ് ഇതു നീങ്ങുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം സ്ക്കൂള്‍ തുറന്ന ജൂണ്‍ മാസം മാത്രം കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അറുപതോളം കേസുകള്‍. അമ്മയും അച്ഛനും അധ്യാപകരുമെല്ലാം ഇതില്‍ പ്രതികള്‍.

വഴി തെറ്റുന്നത് എവിടെ?

കുട്ടികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളില്‍ ഏറിയ പങ്കിനും കാരണം അവര്‍ക്കു ചുറ്റുമുള്ള സമൂഹം തന്നെയാണ്. വാര്‍ത്താവിനിമയ വിപ്ളവത്തിന്റെ ഇക്കാലത്ത് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള വിവേചന ശക്തിയില്ലെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ പ്രശ്നങ്ങളില്‍ അകപ്പെടും. ഇവിടെ ഇവര്‍ക്ക് നേര്‍വഴി കാട്ടേണ്ടത് മാതാപിതാക്കളും അധ്യാപകരുമൊക്കെയാണ്. കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും പ്രശ്നബാധിതമായ കുടുംബപശ്ചാത്തലത്തിന്റെ കഥ കൂടി പറയാനുണ്ടാകും. കുട്ടികള്‍ പ്രതികളായി ഈയിടെ നടന്ന സംഭവങ്ങളിലെല്ലാം പ്രശ്നകാരണം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങിയതായി കണ്ടെത്താന്‍ കഴിയും.
കുടുംബത്തിലും, സാമൂഹിക ഘടനയിലുണ്ടായ മാറ്റമാണ് ഇതിനു പ്രധാന കാരണം. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ധാരാളം സമയവും ആരുടെയും കാഴ്ചയില്‍പ്പെടാതെ സൌകര്യങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്യ്രവും ഇപ്പോള്‍ കുട്ടികള്‍ക്കുണ്ട്. സൌഹൃദം, പരിഗണന, വൈകാരികമായ പിന്തുണ ഇവയൊക്കെ കുട്ടികള്‍ക്കു നല്‍കാനുള്ള സമയമോ സൌകര്യമോ പലപ്പോഴും മാതാപിതാക്കള്‍ക്കു കിട്ടുന്നില്ല. പകരം പണത്തിന്റെ മോടി കൊണ്ട് സൌകര്യങ്ങള്‍ ഒരുക്കി കുട്ടികളെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണ് പലരും. വീടുകളില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം കുറഞ്ഞു വരുന്നു. അച്ഛനമ്മമാര്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കൂട്ടാവുമായിരുന്നത് അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെയാണ്. ഇപ്പോള്‍ അത്തരമൊരു സാധ്യതയില്ല.
വീടുകളെക്കാള്‍ കുട്ടികള്‍ ഏറ്റവുമധികം സമയം ചിലവഴിക്കുന്ന സ്ക്കൂളുകളിലും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ട്. സ്ക്കൂളിലേക്കുള്ള വഴികളില്‍ ചതിക്കുഴികള്‍ ഒരുക്കി റാക്കറ്റുകളും ഇപ്പോള്‍ സജീവമാണ്. ഒരു മിസ്ഡ് കോളില്‍ തുടങ്ങി ജീവിതം അവസാനിപ്പിക്കേണ്ട ഗതികേടില്‍ പെട്ട പെണ്‍കുട്ടികളും, തമാശയ്ക്ക് തുടങ്ങിയ മദ്യപാനം മാനസികരോഗാശുപത്രിയില്‍ എത്തിച്ച ആണ്‍കുട്ടികളുമെല്ലാം ഇത്തരം റാക്കറ്റുകളുടെ ഇരകളുടെ ഉദാഹരണമാണ്.
മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയുമൊക്കെ അമിത ഉപയോഗവും കുട്ടികളെ പ്രശ്നങ്ങളില്‍ പെടുത്താറുണ്ട്. ഇത്തരം മാധ്യമങ്ങളില്‍ അധികം പേര്‍ പരതുന്നതും ലൈംഗികമായ ആനന്ദത്തിനുള്ള സാധ്യതകളാണ്. കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളും ഇവ തന്നെ.

കടപ്പാട് : മലങ്കര സഭാ മാസിക

നമ്മുടെ കുട്ടികള്‍ നേര്‍വഴിക്കാണോ ?... ഒരന്വേഷണം

ജി. ബാലകൃഷ്ണന്‍നായര്‍
സൈക്കോളജിസ്റ്
ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് പ്രകൃതിയാണ്. മനുഷ്യന്റെ സന്തുലിതാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത് അവന്‍ വളര്‍ന്നുവരുന്ന സാഹചര്യവും, അവന്റെ മനസ്സിന്റെ നന്മതിന്മകളുടെ നിയന്ത്രണരീതികളുമാണ്. ഭൂമിയില്‍ അനാവശ്യ കടന്നുകയറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രകൃതി പ്രതികരിക്കുന്നതുപോലെയാണ് മനുഷ്യമനസ്സില്‍ തിന്മ നന്മയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സമൂഹം പ്രതികരിക്കുന്നത്. ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും നിഷ്കളങ്കരാണ്. അവനെ മനുഷ്യനായും ചെകുത്താനായും രൂപപ്പെടുത്തുന്നതിന്റെ ഏറിയപങ്കും അവനെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കാണ്. സമയക്കുറവോ അറിവില്ലായ്മയോ ഈ വളര്‍ത്തു ദോഷത്തിന് ഉത്തരവാദിയായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സമയമില്ലെങ്കില്‍ ഉണ്ടാക്കണം, അറിവില്ലെങ്കില്‍ നേടണം. കാര്യങ്ങള്‍ കൈവിട്ടുപോയശേഷം പരിതപിച്ചിട്ടു കാര്യമില്ല.
മാതാപിതാക്കളെ കണ്ടാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അതിനാല്‍ മാതാപിതാക്കള്‍ ഈ ഉത്തരവാദിത്വം മറക്കാതെ കുഞ്ഞുങ്ങള്‍ക്ക് ഒരു ഉത്തമ മാതൃകയായി ജീവിച്ചാല്‍ തന്നെ കുഞ്ഞുങ്ങള്‍ നേര്‍വഴിയാത്ര തുടങ്ങും. 6 വയസ്സ് വരെയാണ് വ്യക്തിത്വവികസനകാലം. 12 വയസ്സിനുള്ളില്‍ സംസ്കാരം ഉറപ്പിക്കണം. ഈ കാലഘട്ടം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ ആശ്രയത്വത്തിലാണ് എന്നതിനാലാണ് അവരുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് മാതാപിതാക്കളാണെന്ന് ഊന്നിപ്പറയുന്നത്.

കുഞ്ഞ് എന്ത് ആഗ്രഹിക്കുന്നു

1. അംഗീകാരം : - ബാല്യം മുതല്‍ അവര്‍ പ്രധാനമായും ആഗ്രഹിക്കുന്നത് അംഗീകാരമാണ്. അവരുടെ പ്രായത്തിനൊത്ത് അവരുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കുന്നതിനൊപ്പം മറ്റൊരാളെ അവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. തെറ്റുകുറ്റങ്ങളോടെ അംഗീകരിച്ച് തെറ്റ് തിരുത്തുകയും ചേര്‍ത്ത് നിര്‍ത്തി അവ ബോധ്യപ്പെടുത്തുകയും ചെയ്യുക.
2. പ്രശംസ :- ആത്മാര്‍ത്ഥതയോടെ ആസ്വദിച്ച് പ്രശംസിക്കുക. ഇത് നല്ലത് ചെയ്യാനുള്ള ഉത്തേജനമാകും. എന്നാല്‍ ഇത് അമിതവും അനവസരത്തിലുമായാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.
3. കഥകള്‍ :- എന്തും പറഞ്ഞുകൊടുക്കുന്നത് കഥാരൂപേണയായാല്‍ മനസ്സിലുറയ്ക്കും. ഗുണപാഠങ്ങളോടെയുള്ള കഥകള്‍ ജീവിതാന്ത്യംവരെ നിലനില്‍ക്കും. കഥകേട്ടുറങ്ങുന്ന കുട്ടികളില്‍ ഭാവന, അമ്മയോടുള്ള അടുപ്പം, ഭാഷാ താല്പര്യം, നല്ല സ്വപ്നങ്ങള്‍, എന്നിവ പ്രദാനംചെയ്യും. അടുത്ത ദിവസം കുട്ടിയെക്കൊണ്ട് പറയിക്കുകയാണെങ്കില്‍ ഓര്‍മ്മശക്തിയും പ്രബലമാകും.
4. ആഘോഷങ്ങള്‍ :- ആഘോഷങ്ങള്‍ കുട്ടികള്‍ക്കുവേണ്ടിയാണ്. മതപരമായ ആഘോഷങ്ങള്‍ മതഭേദമില്ലാതെ നടത്തുന്നത് അവരില്‍ സമഭാവന വളര്‍ത്തും. യാത്രകള്‍, പിക്നിക്കുകള്‍, ജന്മദിനാഘോഷങ്ങള്‍, ഇവകളില്‍ കൂട്ടുകാരെകൂടി പങ്കെടുപ്പിക്കുന്നത് കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ടാക്കും.
5. ചിരിയും കളിയും :- കുട്ടികള്‍ക്ക് ചിരിക്കാന്‍ അധികം കാരണം വേണ്ട. മനസ്സില്‍ സംഘര്‍ഷങ്ങളില്ലാത്തതിനാലാണിത്. അതില്‍ പങ്കുചേരുക, കാരണം ചിരി ഒരു ടോണിക്കാണ്. കുഞ്ഞുങ്ങളുടെ മുഖ്യ ജോലി കളിയാണ്. കളിയിലൂടെയാണ് അവര്‍ പഠനം തുടങ്ങുന്നത്. അവരോടൊത്ത് കളിക്കുക, അവരെ കളിക്കാന്‍ അനുവദിക്കുക.
6. കൂട്ടുകാര്‍ :- സമപ്രായക്കാരുമായി കളിക്കാനും ഇടപഴകാനും അവരെ അനുവദിക്കണം. മാതാപിതാക്കളോ സഹോദരങ്ങളോ ഇതിന് തുല്യമാകില്ല. ആത്മാര്‍ത്ഥത, സത്യസന്ധത, സ്നേഹം, ഇവയുള്ള കൂട്ടുകാരെ തെരഞ്ഞെടുക്കാന്‍ അവരെ പ്രാപ്തരാക്കണം. കൂട്ടുകാരെ മാതാപിതാക്കള്‍ അംഗീകരിക്കുന്നതിലൂടെ അവരുടെ ആത്മാഭിമാനം വളരും.
7. ലളിത കലകള്‍ :- പാട്ട്, ഡാന്‍സ്, ചിത്രരചന, തുടങ്ങിയ ലളിത കലകള്‍ ദൈവത്തിന്റെ ഇരിപ്പിടമാണ്. ഒരു കലാഹൃദയമുള്ളവന് വഴിപിഴയ്ക്കുവാനോ തീവ്രവാദി ആകുവാനോ സാദ്ധ്യമല്ല.
8. പ്രചോദനം :- നല്ലതാണ്, കൊള്ളാം എന്നിവ പ്രശംസ മാത്രമാണ്. കുട്ടികളുടെ കഴിവുകളെപ്പറ്റി വിശ്വാസമുണ്ട് എന്നവര്‍ക്ക് ബോധ്യംവരുമ്പോഴാണ് പ്രചോദനമാകുന്നത്. പ്രചോദനത്തോടൊപ്പം സ്വാതന്ത്യ്രവും വേണം.

അച്ചടക്കം

കുട്ടിക്കാലത്തുതന്നെ അച്ചടക്കവും അടുക്കും ചിട്ടയും ശീലിപ്പിക്കണം. അനുസരണക്കേടിന് ഉടനെ പ്രതികരി ക്കണം; ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാവരുതെന്നു മാത്രം. അമിതമായ പുകഴ്ത്തല്‍ പാടില്ല, അല്ലെങ്കില്‍ പ്രവൃത്തികള്‍ പ്രശംസയ്ക്കുവേണ്ടിയാവുമെന്നു മാത്രമല്ല ഉദ്ദേശിച്ച പ്രശംസകിട്ടിയില്ലെങ്കില്‍ നിരാശ ഉണ്ടാവുകയും ചെയ്യും. വീട്ടിലെ സമ്പദ്ഘടനയും വിഷമങ്ങളും കാലോചിതമായി അറിയിച്ചു വളര്‍ത്തണം എന്നാല്‍ അത് അസ്വാഭാവികമാവുകയോ എപ്പോഴും പാടും ദുരിതവും പറയുകയോ ചെയ്താല്‍; താന്‍ മറ്റെവിടെയെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്ന് ചിന്തിക്കാന്‍ തുടങ്ങും. വാശിപിടിക്കുമ്പോള്‍ അതവഗണിക്കാന്‍ പഠിക്കണം. ദുര്‍വ്വാശിനിറവേറ്റാന്‍ ഒരിക്കലും അനുവദി ക്കരുത്. ഇത് ബാല്യത്തിലെ സാധിക്കൂ എന്നോര്‍ക്കണം. കൌമാരമായാല്‍ വാശിയുടെ ദിശമാറിപോകും. സ്ക്കൂളിലും ഒരു ശ്രദ്ധ ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും പഠിപ്പിക്കുന്ന ടീച്ചറുമായി ഒരു ആശയവിനിമയം നടത്തണം. തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്കും, ഉത്തരവാദിത്വത്തോടെയാണ് വളര്‍ത്തുന്നതെന്ന് ടീച്ചര്‍ക്കും ബോദ്ധ്യമാകും. വീട്ടിലുള്ളവര്‍ കുട്ടികളുടെ കാര്യത്തില്‍ ഒറ്റക്കെട്ടാവണം. ഒരുകാര്യം അമ്മ വേണ്ടാ എന്നു പറഞ്ഞാല്‍ അത് അപ്പന്‍ സാധിച്ചുകൊടുക്കരുത്. അല്ലെങ്കില്‍ ബന്ധത്തെ ദുരുപയോഗം ചെയ്യും. പ്രായത്തിനു തക്ക പരിഗണന കൊടുക്കുന്നത് ആത്മവിശ്വാസം ഉണ്ടാക്കും. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനും അവരവരുടെ സാമഗ്രികള്‍ അടുക്കി വൃത്തിയായി വച്ചുപയോഗിക്കുവാനും ശീലിപ്പിക്കണം.

വളര്‍ച്ച-ജീവിതത്തിന്റെ നാഴികകല്ല്

8-12 വയസ്സില്‍ സംസ്ക്കാരം ഉറപ്പിക്കണം. അവരവരുടെ മത ഗ്രന്ഥങ്ങളില്‍ അതിനുവേണ്ടതുണ്ട്, പറഞ്ഞു മനസ്സിലാക്കുവാന്‍ ത്രാണിയുള്ളവരുണ്ടാവണമെന്നു മാത്രം. എല്ലാ മതങ്ങളും അനുശാസിക്കുന്നത് സ്നേഹം, സത്യസന്ധത, സമഭാവന, അഗമ്യമായ ദൈവവിശ്വാസം എന്നിവയാണ്. ജീവിത യാത്രയില്‍ കാലിടറാതെ മുന്നേറുവാന്‍ വേണ്ടിയാണിത്. നല്ല ദൈവചിന്ത ഉറച്ചവര്‍ കരുണയുള്ളവരായിരിക്കും. നല്ല സാമൂഹ്യ ജീവിയായി രിക്കും. ഈ പ്രായത്തിലാണ്, മാതാപിതാക്കള്‍ മക്കളുടെ സുഹൃത്തുക്കളാകേണ്ടത്. വീട്ടില്‍ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മക്കളെ ഉള്‍പ്പെടുത്തുകയും അവരുടെ അഭിപ്രായത്തെ ഗൌരവമായി എടുക്കുകയും വേണം. അങ്ങനെയായാല്‍ വീടിന്റെ ഉത്തരവാദിത്വം തനിക്കുകൂടി ഉണ്ടെന്ന ബോധം അവര്‍ക്കുണ്ടാകും. 13-19 കാലഘട്ടത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധാലുക്കളാ കണം. കുട്ടി മുതിര്‍ന്നു എന്ന് ബോധ്യപ്പെടുത്തുകയും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും വേണം. "എടാ'', "എടീ'' എന്നുള്ള വിളികള്‍ തന്നെ മാറ്റണം.  "തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്നാണ് ചൊല്ല്'' സൌഹൃദം അതിന്റെ പാരമ്യത്തില്‍ എത്തേണ്ടതിപ്പോഴാണ്. എന്തും ഏതും എന്റെ മാതാപിതാക്കളോട് തുറന്ന് പറയാം എന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടാകുവാനാണ് ഈ സൌഹൃദം. ഇത് കുട്ടികളുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ഈ പ്രായത്തില്‍ 80% പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു, പീഡകരില്‍ 66% പേരും ബന്ധുക്കളോ പരിചയക്കാരോ ആണ്. 25% ആണ്‍കുട്ടികള്‍ക്കും ഇതാണ് അനുഭവം. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയേക്കാള്‍ മൂന്നിരട്ടി സാധ്യതയാണുള്ളത്. തനിക്ക് അനിഷ്ഠമായ രീതിയില്‍, മാന്യമല്ലാത്ത രീതിയില്‍, തന്നെ സ്പര്‍ശിക്കുവാന്‍ അവര്‍ എത്ര വേണ്ടപ്പെട്ടവരാണെ ങ്കിലും ആരെയും അനുവദിക്കാതിരിക്കുവാന്‍ കുട്ടിയെ വ്യക്തതയോടെ ബോധ്യപ്പെടുത്തുക എന്ന ദുര്‍ഘടമായ ദൌത്യമാണ് മാതാപിതാക്കള്‍ക്കു മുമ്പിലുള്ളത്. ഏതെങ്കിലും അരുതാത്തത് സംഭവിച്ചു പോയാല്‍ തന്നെ മാതാപിതാക്കളോടു പറയാന്‍ പ്രേരിപ്പിക്കുകയും കേട്ട ഉടനെ അവരെ കുറ്റപ്പെടുത്താതെ വേദനിച്ച മനസ്സിന് താങ്ങായിരിക്കുകയുമാണ് ചെയ്യേണ്ടത്.

കുട്ടികള്‍ക്ക് സംഭവിക്കുന്നത്

ബോധമുറയ്ക്കുമ്പോള്‍ മുതല്‍ ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള ശബ്ദങ്ങള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ എന്നിവ അനുഭവിക്കേണ്ടിവരുന്ന കാലമാണിത്. അതിനാല്‍ തന്നെ അറിയാതെ അങ്ങോട്ടൊരാകര്‍ഷണം ഉണ്ടായിപ്പോ കുന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ പ്രായപൂര്‍ത്തിയാകുന്ന (precaucious puberty) പ്രവണത കണ്ടുവരുന്നു. ഇതിനു കാരണം ഒരു ചെറിയ ശതമാനം പരമ്പര്യമാണെങ്കിലും, കൂടുതല്‍ സംഭവിക്കുന്നത് തെറ്റായ ഭക്ഷണക്രമവും, വ്യായാമക്കുറവും, അമിതമായ ലൈംഗീക അഭിവാഞ്ചയും കൊണ്ടാണ്. ഇങ്ങനെയുള്ളവര്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഭാവിയില്‍ അഭിമുഖീകരിക്കേ ണ്ടിവരും. ബുദ്ധിമന്ദീഭവിക്കുന്നതിന് പെട്ടെന്ന് വശംവദയാകാനുള്ള പ്രവണത, മറ്റുള്ളവരോടു ഇടപെടുവാനുള്ള വൈമുഖ്യം, ഒറ്റപ്പെടല്‍, ദേഷ്യം, സഹപാഠികളില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങിയ പെരുമാറ്റ വൈകല്യമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ചുരുക്കത്തില്‍ 19-ാം വയസ്സില്‍ 9 വയസ്സിന്റെ മനസ്സുമായി നടക്കേണ്ടിവരുന്നു. കുട്ടികള്‍ പഠിക്കാനുള്ള മെഷീന്‍ മാത്രമാണെന്ന് മാതാപിതാക്കള്‍ കരുതുന്നു എന്നിവര്‍ ചിന്തിക്കുന്നു. ഒന്നോ രണ്ടോ കുട്ടികള്‍ ഉള്ള മാതാ പിതാക്കള്‍ ബാല്യത്തില്‍ ലാളിച്ച് വഷളാക്കുന്നതിനാല്‍ കൌമാരത്തില്‍ കുട്ടികള്‍ കല്പിക്കുന്നു. മാതാപിതാക്കള്‍ മറ്റ് പോംവഴി കാണാതെ അനുസരിക്കേണ്ട നില വരുന്നു. അമിത നിയന്ത്രണമാണെങ്കില്‍ കുട്ടികള്‍ രോഷാകുല രാകുന്നു, അക്രമവാസനയുണ്ടാകുന്നു, തരം കിട്ടിയാല്‍ കെട്ടുപൊട്ടിക്കാന്‍ വെമ്പല്‍കൊള്ളുന്നു. ഹിറ്റ്ലര്‍ പേരെന്റിംഗിനേക്കാള്‍ ഡെമോക്രാറ്റിക് പേരന്റിംഗ് ആണ് അഭികാമ്യം. അരുതാത്തത് ചെയ്തു നോക്കാനുള്ള വാസന കൌമാരത്തില്‍ സഹജമാണ്. വീട്ടില്‍ വഴക്കോ മറ്റ് സമ്മര്‍ദ്ദങ്ങളോ അനുഭവപ്പെടുന്ന ആണ്‍കുട്ടികള്‍ മദ്യപാനം, പുകവലി ശീലം ഇവ തുടങ്ങാം. പെണ്‍ കുട്ടികള്‍ വീടിനു പുറത്തുള്ള ചങ്ങാത്തങ്ങള്‍ തുടങ്ങുന്ന തില്‍ വ്യാപൃതരാവുകയും തദ്വാര ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു?

തങ്ങള്‍ മുതിര്‍ന്നവരാണെന്ന് കുട്ടികളും, അവര്‍ കുഞ്ഞുങ്ങളാണെന്ന് മാതാപിതാക്കളും ചിന്തിക്കുന്ന കാലഘട്ടമാണ് കൌമാരം. കുട്ടികളും അല്ല യൌവ്വനയുക്തരു മല്ല എന്ന ഒരുതരം രണ്ടുമല്ലാത്ത അവസ്ഥ മനുഷ്യന്റെ ജീവിത ദശകളില്‍ ഏറ്റവും സംഘര്‍ഷഭൂരിതമായ കാലഘട്ടമാണ് കൌമാരം. കൌമാരക്കാര്‍ നാലുംകൂടിയ കവലയില്‍ ദിശയറിയാതെ പതറുന്നു (Adolosents are on the cross roads) എന്നാണ് കൌമാരത്തെപ്പറ്റി പറയാറുള്ളത്. ബുദ്ധിവികാസം മൂര്‍ദ്ധന്യത്തിലാകുന്നു, ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉണ്ടാകുന്നു, പഠനത്തിന്റെ ദിശ നിര്‍ണയിക്കപ്പെടുന്നു. സര്‍വ്വോപരി, ഹോര്‍മോണുകളുടെ അതിപ്രസരത്താല്‍ ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാവുകയും, ലൈംഗിക അഭിവാഞ്ച മൊട്ടിടുകയും എന്നു തുടങ്ങി ഒരു കൂട്ടം വ്യത്യസ്ത അവസ്ഥാ ഭേദങ്ങളില്‍പ്പെട്ടുഴലുകയാണ് കൌമാരക്കാര്‍. മാതാപിതാക്കള്‍ ആണ്‍കുട്ടിയെക്കാള്‍ പെണ്‍കുട്ടിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതു ഗുണത്തേക്കാ ളേറെ ദോഷം ചെയ്യുന്നതായാണ് കണ്ടുവരുന്നത്. കെട്ടുപൊട്ടിക്കുവാന്‍ പെണ്‍കുട്ടിയും, സ്വാതന്ത്യ്രം ദുരുപയോഗം ചെയ്യുവാന്‍ ആണ്‍കുട്ടിയും വാസന കാണിക്കുന്നു. തനിക്ക് നില്‍ക്കാനും, ഇരിക്കാനും, ചിരിക്കാനും, നോക്കാനും, ചിന്തിക്കാനും മാതാപിതാക്കള്‍ അനുവദിക്കുന്നില്ല എന്നു കരുതി "വഴക്കാളി'' (Rebellion)കളാവുകയാണ് കൌമാരക്കാര്‍. 'അരുത്'കളുടെ ഒരു ഘോഷയാത്രയാണ് വീട്ടിലെന്നതുകൊണ്ട് കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നു. കുഴച്ചുവച്ച കളിമണ്ണുപോലെ ഏതുരൂപത്തിലും മാറ്റിയെടുക്കാവുന്ന അവസ്ഥയാണ് കൌമാരം. ലൈംഗീകത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതിനാലും ചുറ്റുമുള്ള പ്രലോഭനങ്ങളുടെ അതിപ്രസരത്താലും പെട്ടെന്ന് അവര്‍ കാല്‍ വഴുതിവീണുപോകുന്നു.-സാത്താന്‍ നീട്ടിയ വിലക്കപ്പെട്ട കനി ഭക്ഷിക്കുവാന്‍ വെമ്പിയ ആദ്യ കന്യകയെപ്പോലെ കൌമാരം രോഷത്തിന്റെ കാലവുമാണ്; ഒന്നിലും സ്ഥിരതയില്ലാത്ത അവസ്ഥയും. അതിനാലാണ് പെട്ടെന്ന് ഏതുകാര്യത്തിലും ലൈംഗികത ഒഴികെ അവര്‍ക്ക് ബോറടി ഉണ്ടാകുന്നത്. കൌമാരത്തില്‍ സ്വന്തം കൂട്ടുകാര്‍ (Peer group) ഒഴികെ ഭൂമിയില്‍ ഉള്ളവരെല്ലാം അവരെ സംശയ ദൃഷ്ടികൊണ്ടാണ് നോക്കുന്നത് എന്നിവര്‍ ധരിക്കുന്നു. ഈ അവസ്ഥാ വ്യതിയാനങ്ങള്‍ ഒന്നിനൊന്ന് കൂട്ടികുഴയ്ക്കാതെ സന്തുലിതാവസ്ഥയില്‍ കൊണ്ടു പോകുന്നവര്‍ വിജയകരമായി കൌമാരം കഴിഞ്ഞ് യൌവ്വനത്തിലെ ത്തുന്നു. മറ്റുള്ളവര്‍ ദിശ മാറിപ്പോകുന്നു.

മാതാപിതാക്കളുടെ പങ്ക്

'കതിരിന്മേല്‍ വളം വച്ചിട്ട് കാര്യമില്ല'. അനിവാര്യമായ കൌമാരം വരുന്നതിനു മുമ്പേ അത് മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പെരുമാറാനുള്ള അറിവും സമയവും സര്‍വ്വോപരി ക്ഷമയും മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. എട്ടാം ക്ളാസ്സ് മുതല്‍ (14 വയസ്സ്) അവരെ അവസരോചിത മായി കാര്യങ്ങള്‍ കുറേശ്ശെ മനസ്സിലാക്കണം. ആത്മ ധൈര്യം ഉണ്ടാവാനുള്ള ആദ്യ കാല്‍വെയ്പാണിത്. അവര്‍ക്ക് സഹായകമായ ഒരു കുടുംബ-അധ്യാപക- സാമൂഹിക കൂട്ടായ്മ ഉണ്ടാക്കണം. ചിട്ടയായ ഭക്ഷണ ക്രമം ഉണ്ടാവണം. ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തി ഫാസ്റ്ഫുഡ്, ബേക്കറി, കോള ഉല്‍പന്നങ്ങള്‍, ജംഗ് ഫുഡ്സ് ഇവ ഒഴിവാക്കണം. കാലാകാലങ്ങളില്‍ ചുറ്റുവട്ടത്തുണ്ടാവുന്ന ഭക്ഷണം ഉപയോഗപ്പെടുത്തണം. ആവശ്യത്തിനു വ്യായാമം കിട്ടുന്ന ഒരു ദിനചര്യ ഉണ്ടാവണം. ദിവസവും ഒരുനേരമെങ്കിലും (അത്താഴമാണനുയോജ്യം) വീട്ടിലെല്ലാ വരും ഒരുമിച്ചിരുന്നു ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും സംഭാഷണങ്ങളില്‍ പൊതുവായ കാര്യങ്ങള്‍ മാത്രമാവുകയും വേണം. കുട്ടികള്‍ പഠിക്കുമ്പോള്‍ മാതാപിതാക്കളിലൊരാള്‍ അവരുടെ അടുത്തിരിക്കണം. എന്തെങ്കിലും വായിക്കാനായി ഈ സമയം ഉപയോഗപ്പെടുത്താം. സ്ക്കൂളിലോ കോളേജിലോ പോകുന്നവര്‍ക്ക് ഫോണിന്റെ ആവശ്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ ഒരു രൂപാ ഇട്ടു വിളിക്കാവുന്ന Coin Phone വ്യാപകമായിട്ടുണ്ട്. ദൂരെയാണ് വിദ്യാലയമെങ്കില്‍ അത്യാവശ്യത്തിന് വീട്ടുകാരെ വിളിക്കുവാനായി സംസാരിക്കാന്‍ മാത്രം സൌകര്യമുള്ള ലളിതമായ മൊബൈല്‍ ഫോണ്‍ നല്‍കാം. വീട്ടില്‍വച്ച് കൂട്ടുകാരെ വിളിക്കുവാന്‍ വീട്ടിലെ ഫോണ്‍ (Land Phone) ഉപയോഗിക്കാം. കംപ്യൂട്ടര്‍, ടിവി, എന്നിവ പൊതുവായി വയ്ക്കണം. വീട്ടുകാര്‍ക്ക് എപ്പോഴും ഒരു നിരീക്ഷണത്തി നാണിത്. ഈവക കാര്യങ്ങള്‍ കുട്ടികളുമായി കാര്യകാരണ സഹിതം ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ യാവണം. 18 വയസ്സ് പൂര്‍ത്തിയാവുകയും ഒരു ഗുരുവിന്റെ കീഴില്‍ പഠനം കഴിഞ്ഞ് ലൈസന്‍സ് എടുത്തശേഷം മാത്രമേ ഒരു വണ്ടി വാങ്ങി നല്‍കാവൂ. കുട്ടികളുടെ മേല്‍ സി.ഐ.ഡി പണി ചെയ്യരുത്. അവര്‍ ഇല്ലാത്തപ്പോള്‍ മുറി പരിശോധിക്കുക, അവരുടെ കൂട്ടുകാരോട് അന്വേഷണം നടത്തുക ഇവ വളരെ ദോഷം ചെയ്യും. അവരുടെ സുഹൃത്തുക്കള്‍ ആരെന്ന് ചോദിച്ചു മനസ്സിലാക്കി അവരെ അംഗീകരിക്കുകയും ഇടയ്ക്കിടെ അവരുടെ രക്ഷകര്‍ത്താക്കളുമായി സംസാരിക്കുകയും വേണം. സ്വന്തം ശരീരത്തിന്റെ ഘടനയും ധര്‍മ്മവും, കാലാകാലങ്ങളിലുള്ള വ്യത്യാസവും, ലൈംഗീകതയും മറ്റും കാലോചിതമായി അവരെ ബോധവല്‍ക്കരിക്കുകയും സ്വന്തം ശരീരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവരവര്‍ക്ക് തന്നെയാണ് എന്ന് മനസ്സിലാക്കണം. ഇതിന് മാതാപിതാക്കള്‍ക്ക് ജാള്യതയാണെ ങ്കില്‍ ഒരു കൌണ്‍സിലറെ സമീപിക്കണം. പ്രാര്‍ത്ഥന ഒരു ചടങ്ങു മാത്രമാകാതെ ഏകാഗ്രതയോടെ നിര്‍വ്വഹിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. അവരെ അടുത്ത സുഹൃത്തായി കാണുകയും, അത്യാവശ്യം വീട്ടുകാര്യങ്ങ ളില്‍ പങ്കെടുപ്പിക്കുകയും വേണം. മാതാപിതാക്കളുടെ പ്രതിനിധിയായി അവരെ ഉത്തരവാദിത്വപ്പെട്ട ചടങ്ങുകളില്‍ പങ്കെടുപ്പിക്കണം. കഠിനമായ ശാസനയെക്കാള്‍ കൂടുതല്‍ ഫലം ചെയ്യുന്നത് സ്നേഹപൂര്‍വ്വം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തി കണ്ണില്‍ നോക്കി ശാന്തമായി നിര്‍ദ്ദേശിക്കുന്നതാണ്. ഏതെങ്കിലും വീഴ്ച വന്നാല്‍ സമചിത്തതയോടെ അവരുടെ കൂടെ നിന്ന് അത് പരിഹരിക്കുവാന്‍ സഹായിക്കുകയാണ് വേണ്ടത്.
കൌമാരത്തിലാണ് എതിര്‍ലിംഗത്തോട് കൂടുതല്‍ അടുപ്പം തോന്നുന്നത്. ഇത് പ്രേമമാണെന്ന് തെറ്റിദ്ധരി ക്കുന്നു. നല്ല സുഹൃത്താണ് അമ്മയെങ്കില്‍ ഇത് തുറന്ന് പറയണം. ചാടിക്കടിക്കാന്‍ ചെല്ലാതെ അമിത നിയന്ത്രണം അടിച്ചേല്‍പ്പിക്കാതെ ഗൌരവമായി അതിനെപ്പറ്റി സംസാരിച്ച് ബോധ്യപ്പെടുത്തണം. 19 വയസ്സു വരെയുള്ള ഇത്തരം തോന്നലുകള്‍ വെറും കൌതുകമാണെന്നും ഏതു നിമിഷത്തിലും ഇത് വഴിമാറാമെന്നും 23 വയസ്സില്‍ അത് പ്രണയമായി നിലനിന്നാല്‍ വിവാഹം നടത്തി ത്തരാമെന്നും പറയണം. കൌമാരം പഠനത്തിന്റെ കാലമാണ്. വിവാഹത്തിന്റേതല്ല. പഠനവും അതിലൂടെ അറിവും പ്രായത്താലുള്ള പക്വതയും ജീവസന്ധാരണ മാര്‍ഗ്ഗവും നേടി ഉത്തരവാദിത്വം സ്വയം ബോധ്യ പ്പെടുമ്പോള്‍ വിവാഹമാണ്. അപ്പോഴേ ജീവിതം ആസ്വദിക്കുവാനും സാധിക്കൂ എന്നു മനസ്സിലാക്കണം. ആണ്‍ കുട്ടികള്‍ കൂട്ടുകാരുമായി മദ്യം രുചിച്ചു എന്നറിഞ്ഞാല്‍ അതിന്റെ ദോഷം പറയുന്നതിനോടൊപ്പം ഒരു മദ്യപാനി യായാല്‍ ഉണ്ടാവുന്ന അന്തസ്സുകേട് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ ഇടയുണ്ടാകുവാനുള്ള അവജ്ഞ എന്നിവ ശാന്തത കൂടാതെ പറയണം. കൃത്യമായി പള്ളിയാരാധന കളില്‍ സംബന്ധിക്കുവാന്‍ പ്രേരിപ്പി ക്കണം. കൃത്യമായി ടൈംടേബിള്‍ ഉണ്ടാക്കണം. 8-ാം ക്ളാസ്സ് മുതല്‍ തന്നെ കാലത്ത് എഴുന്നേല്ക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും സ്ക്കൂള്‍ ദിവസവും, അവധി ദിവസവും ഉള്‍പ്പെടെ ഈ ടൈംടേബിള്‍ പാലിക്കുവാന്‍ വേണ്ടിയാ വണം. ആദ്യനാളുകളില്‍ ഇത് പാലിക്കാന്‍ അവരെ സഹായിക്കണം. ഈ ദിനചര്യകളില്‍ മാനസിക ഉല്ലാ സത്തിനും ശാരീരിക ആരോഗ്യ ത്തിനുംവേണ്ടത് പ്രത്യേകം ഉള്‍പ്പെടു ത്തുവാന്‍ മറക്കരുത്. മാതാപിതാക്കളും സഹോദരങ്ങളുമായി മനസ്സുതുറന്ന് സല്ലപിക്കുവാന്‍ കുറച്ച് സമയം നിര്‍ബ ന്ധമായി ഉണ്ടാകണം. കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ തന്നെ മറ്റു കുട്ടിക ളുടെ സൌകര്യങ്ങളുമായി താരതമ്യം ചെയ്യരുത്. വസ്ത്രധാരണം അവരവ രുടെ ശരീരത്തിണങ്ങുന്നതും സന്ദര്‍ഭ ത്തിനനുസരിച്ചുള്ളതും മാന്യവുമാ കണം. പുരുഷന്‍ വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കുവാനും സ്ത്രീ പ്രദര്‍ശിപ്പിക്കുവാനുമാണ് എന്ന നിലയിലായിട്ടുണ്ട്. ടി.വി. സിനിമ, എന്നിവയിലെ വസ്ത്ര ധാരണം ക്യാമറയ്ക്കു മുമ്പില്‍ മാത്രമാണെന്ന് ഓര്‍ക്കണം. ചുരുക്കത്തില്‍ അവരവ രുടെ അതിര്‍ വരമ്പുകള്‍ എവിടെയു ണ്ടാകണം എന്ന് അവരവരവര്‍ക്കു തന്നെ ബോധ്യമുണ്ടാകണം എന്ന് മാതാപിതാക്കള്‍ സഹായിക്കണം.
ഒട്ടേറെ ദുര്‍ഘടങ്ങള്‍ക്കിടയി ലാണ് നാം ഇന്ന് ജീവിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും നാം വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും വേറെ. മാതാപിതാ ക്കളുടെ തിരുശേഷിപ്പാണ് അവരുടെ സന്തതിപരമ്പര എന്ന വസ്തുത ഓര്‍ത്ത് സംസ്ക്കാര സമ്പന്നരായി അറിവുള്ളവരായി ദൈവഭക്തിയുള്ള വരായി സത്യം, സ്നേഹം, സമഭാവന എന്നിവയുള്ള വരായി സര്‍വ്വോപരി ഒരു നല്ല സാമൂഹ്യ ജീവിയായി അവരെ വളര്‍ത്തി വലുതാക്കാന്‍ ചില ത്യാഗങ്ങള്‍ ചെയ്തേ മതിയാവൂ.

കടപ്പാട് : മലങ്കര സഭാ മാസിക

നമ്മുടെ കുട്ടികളെ നമ്മള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍

ഈ കഥ കേള്‍ക്കുന്ന എല്ലാവരും മുകളില്‍ പറഞ്ഞത് ഒന്നുകൂടി വായിക്കും. ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ യോഹാനാണ് കഥയിലെ നായകന്‍. ഇവനു ചെറിയ ഒരു രോഗമുണ്ട്.സഹപാഠികളുടെയും അധ്യാപകരുടെയും കയ്യില്‍ എന്തു കണ്ടാലും, അത് അവന് ഇഷ്ടപ്പെട്ടാല്‍, അവരറിയാതെ അതു സ്വന്തമാക്കും. ഇതു മൂലം പകുതിക്കുവച്ചു യോഹാന്‍ പഠനം അവസാനിപ്പിച്ച സ്കൂളുകള്‍ ഒട്ടേറെ. പുതിയ സ്കൂളില്‍വച്ചും അവനെ മോഷണത്തിനു പിടിക്കുന്നു. ഇതോടെയാണ് മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ സമീപിക്കുന്നത്. ഡോക്ടര്‍ തിരിച്ചറിയുന്നു രോഗം യോഹാനല്ല, മാതാപിതാക്കള്‍ക്കാണ്. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയും പരിചരണവും ലഭിക്കാതെ വന്ന യോഹാന്‍ അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിന് ചെയ്തതായിരുന്നു ഇതെല്ലാം. പിടിവിട്ടുപോയ യോഹാന്റെ മനസ്സിനെ തിരികെ എത്തിക്കുവാന്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്ത്യന്‍ പേരന്റിംഗ് മാസാചരണത്തിന്റെ ഭാഗമായി ഫാ.വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ഹോം വര്‍ക്ക് എന്ന ഷോര്‍ട്ട് ഫിലിമിലാണ് യോഹാന്‍ എത്തുന്നത്.  മാതാപിതാക്കളുടെ പരിചരണം കിട്ടാതെ വളരുന്ന ഓരോ കുട്ടിയും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ യോഹാന്‍ ആകും. മലയാളികളുടെ കുടുംബബന്ധങ്ങളില്‍ പൊളിച്ചെഴുത്തു നടക്കുമ്പോള്‍ ഹോം വര്‍ക്ക് ചോദിക്കുന്നത് ഇതാണ്... നിങ്ങളുടെ കുട്ടി യോഹാനാകണോ..?ഫാ.വര്‍ഗീസ് ലാലിന്റെ 25-ാമത് ഷോര്‍ട്ട് ഫിലിമാണെന്ന പ്രത്യേകതയും ഹോം വര്‍ക്കിനുണ്ട്. വിവിധ മലയാള ചലച്ചിത്രങ്ങള്‍ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ച സാജന്‍ കളത്തിലാണ് ഹോം വര്‍ക്കിന്റെയും ക്യാമറ. മാസ്റര്‍ ധനഞ്ജയും, ബേബി നയന്‍താരയും അടക്കം പ്രശസ്തര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.www.facebook.com/ChristianParenting

ശിശു പരിപാലനം വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍

ശിശു പരിപാലനം
വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍
ഫാ. ഡോ. ഒ. തോമസ്
ആമുഖം
റേഡിയോയില്‍ കൂടെ കൂടെ വരുന്ന ഒരു പരസ്യമുണ്ട്. ഗര്‍ഭിണിയായെന്നറിഞ്ഞ അമ്മ അതിസന്തോഷത്തോടെ ക്ഷേത്രത്തില്‍ വഴിപാട് അര്‍പിക്കാന്‍ ഒരുമ്പെടുന്നു. അതു കേട്ട ആള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അതിപ്രധാനമായ കാര്യം മറ്റൊന്നാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ‘അയഡിന്‍ ഉപ്പ് അമ്മ കഴിക്കുന്നതാണ് ’ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമെന്ന് പഠിപ്പിക്കുന്നു. ഈ പരസ്യം ഒരു കാര്യം വ്യക്തമാക്കുന്നു. ശാസ്ത്രീയമായ അറിവും അതിന്റെ പ്രയോഗവുമാണ് ശിശുപരിപാലനത്തിന് ഏറ്റവും യോജ്യമായിരിക്കുന്നത് എന്ന ചിന്ത ഈ കാലത്ത് മാതാപിതാക്കളെ ഭരിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ചില അപകടങ്ങളുണ്ട്. ഒന്നാമത്തേത്. ശാസ്ത്രീയമെന്ന് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന മിക്കകാര്യങ്ങളും കച്ചവടതാല്പര്യങ്ങള്‍ ഉള്ളവയാണ്. സത്യത്തിന്റെ അംശം അതില്‍ തുലോം കുറവായിരിക്കും. ശുദ്ധമായ ശാസ്ത്രീയ സത്യമാണെങ്കില്‍ തന്നെയും അവയൊക്കെ ദൈവമെന്ന പരമമായ സത്യത്തിന് വിധേയമായിയുള്ളതുതന്നെയാണ്. അതിനാല്‍ ദൈവീകമായ സനാതനസത്യത്തില്‍ അടിയുറപ്പിച്ചിട്ടു വേണം മറ്റ് അറിവുകളെ നാം പ്രയോജനപ്പെടുത്തേണ്ടത്. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടി ഇതൊക്കെയും നിങ്ങള്‍ക്കു ലഭിക്കും (വി. മത്തായി 6:38)
(1) ജീവന്‍ ദൈവത്തിന്റെ ഭാഗം

ഇല്ലായ്മയില്‍ നിന്ന് ദൈവം ഈ പ്രപഞ്ചത്തേയും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചു. അതില്‍തന്നെ ദൈവത്തിന്റെ സാദൃശ്യവും സ്വരൂപവും മനുഷ്യനുമാത്രമേ നല്‍കുയുള്ളൂ (ഉല്പത്തി 1: 26,27) സൃഷ്ടിയേപ്പറ്റിയുള്ള ഈ അടിസ്ഥാനത്തിലാകണം ശിശുക്കളെപ്പറ്റി നാം മനസ്സിലാക്കേണ്ടത്. കേവലം പ്രകൃതിനിയമമനുസരിച്ച് ആണും പെണ്ണും തമ്മില്‍ ഇണചേരുന്നമ്പോള്‍ ഉണ്ടാകുന്ന യാദൃശ്ചികമോ, സ്വഭാവികമായോ ഉള്ളപരിണാമമല്ല മനുഷ്യസൃഷ്ടി. ഓരോസൃഷ്ടിയുടെ പിന്നിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ട്. അതുകൊണ്ടാണ് “ഓരോ ശിശുവിന്റെ ജനനവും, ദൈവം ഇനിയും ലോകത്തെ സ്നേഹിക്കുന്ന എന്നതിന്റെ ഉദാഹരണ”മായി രവീന്ദ്രനാഥടാഗോര്‍ വരച്ചുകാട്ടിയത്. സങ്കീര്‍ത്തനവും പരമമായ ഈ സത്യം ഉദ്ഘോഷിക്കുന്നു. “മക്കള്‍ യഹോവനല്‍കുന്ന അവകാശവും ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ.”(സങ്കീ 127:3) കുടുംബജീവിതത്തിലെ ഏറ്റവും വലിയ ദൈവികദാനം കുഞ്ഞുങ്ങളാണ്. എന്നാല്‍ ഭൌതികതയ്ക്ക് പ്രഥമസ്ഥാനം നല്‍കിയിരിക്കുന്ന ആധുനിക കുടുംബങ്ങള്‍ ഈ ദൈവീക പ്രമാണം മറന്നിരിക്കുന്നു. സാമ്പത്തിക സുരക്ഷിതത്ത്വം, ജോലി തുടങ്ങിയവയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കാനോ, അല്ലെങ്കില്‍ പിന്നീടാകട്ടെ എന്ന ചിന്തിച്ച് കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിച്ചുകളയാനോ മടിയില്ലാത്ത അനേകം കുടുബങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട്. ഗര്‍ഭഛിദ്രം ക്രിസ്തീയ വിശ്വാസമനുസരിച്ച് അനുവദനീയമല്ല അതു ജീവനെ നശിപ്പിക്കലാണ്. അതിനാല്‍ ഗര്‍ഭത്തില്‍ ഉരുവാക്കുന്ന നിമിഷം മുതല്‍ പൈതലിനെ സ്വീകരിക്കാത്ത ശാരീരിക, മാനസ്സിക ആത്മീയതെക്കും മാതാപിതാക്കള്‍ക്കണ്ടായിരിക്കണം. ശിശുപാലനത്തിന്റെ പ്രഥമപാഠം ഇവിടെയാണ് തുടങ്ങുന്നത്.
ഈ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടായിരുന്നു എന്ന തോന്നലോടെ (ഡിംമിലേറ ഇവശഹറ) ഒരു പൈതലിനു ജന്മം നല്‍കിയാല്‍ അത് പില്‍ക്കാലത്ത് കുട്ടിയുടെ വ്യക്തിത്വത്തെസാരമായി പ്രതികൂലമായി തന്നെ ബാധിക്കുമെന്ന് ഇന്ന് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാ ജീവന്റെയും ഉറവിടമായ ദൈവം നല്‍കുന്ന ശ്രേഷ്ഠ വരദാനമായ പൈതലിനെ സന്തോഷത്തോടെയും ദൈവത്തെസ്തുതിച്ചും ഏറ്റവാങ്ങുവാനുള്ള മാതാപിതാക്കളുടെ സന്നദ്ധതയാണ് പിറന്നുവീഴുന്ന ജീവന്റെ ആരോഗ്യകരമായ അവസ്ഥയുടെ പ്രാഥമിക അടിസ്ഥാനം.
(2) നിരുപാധികമായ അംഗീകാരം

പൈതല്‍ ആണാണെങ്കിലും, പെണ്ണാണെങ്കിലും ഒരു പോലെ സ്വീകരിക്കപ്പെടണം. പെണ്‍ കുഞ്ഞുങ്ങള്‍ അസ്വീകാര്യമായ രീതിയ്ക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് പ്രാമുഖ്യം. ക്രിസ്തീയ കുടുംബങ്ങളില്‍ ഇതുണ്ടാവാന്‍ പാടില്ല. ഓരോ സൃഷ്ടിയുടെയും പിന്നില്‍ ദൈവത്തിന്റെ ഉദ്ദേശമുണ്ടെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെങ്കില്‍ ആണ്‍/പെണ്‍ വ്യത്യാസത്തിന്റെ പേരില്‍ ഉത്കണ്ഠയ്ക്ക് കാര്യമില്ല. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക ഘടകങ്ങള്‍ പുരുഷമേധാവിത്വത്തിന് ഇപ്പോഴും മുന്‍തൂക്കം നല്കുന്നുണ്ടെങ്കിലും ക്രിസ്തീയ കുടുംബങ്ങള്‍ ദൈവപരിപാലത്തിനായിരിക്കണം എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്. പിറന്നു വീഴുന്ന കുഞ്ഞിന്റെ നാള്‍, നിറം, രൂപഭംഗി, കുടുംബത്തില്‍ പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഇവയുടെയൊക്കെ പേരില്‍ കുഞ്ഞുങ്ങള്‍ വെറുക്കപ്പെടുന്ന ചിലസാഹചര്യങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതിനെപിന്‍തുണയ്ക്കുന്ന സാംസ്ക്കാരികചുറ്റുപാടുകളും നൂറ്റാണ്ടുകളായി അനുവര്‍ത്തികപ്പെടുന്നുമുണ്ട്. അതില്‍ പ്രധാനമാണ് കുഞ്ഞുപിറക്കുന്ന നാള്‍. ആ ഒറ്റകാരണത്താല്‍ ചില കുഞ്ഞുങ്ങള്‍ പുകഴ്ത്തപ്പെടുകയും, മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കൊന്നും ക്രിസ്തീയ വിശ്വാസത്തില്‍ യാതൊരു സ്ഥാനവുമില്ല. കുഞ്ഞിന്റെ നിറവും രൂപവും ഭംഗിയുമൊന്നും ആ കുഞ്ഞ് സ്വയമായി ആര്‍ജ്ജിച്ചതല്ല. സൃഷ്ടിയില്‍ തന്നെ അതിനുനല്‍കപ്പെട്ടതാണ്. ഇതിന്റെയൊന്നും പേരില്‍ ഒരുകുട്ടിയും അനാവശ്യമായി തഴയപ്പെടരുത്. കുഞ്ഞിനെ അതിന്റെ എല്ലാ സവിശേഷതകളോടുകൂടെയും പൂര്‍ണ്ണമായും അംഗീകരിക്കണം. ചില ഭവനങ്ങളില്‍, ഒരു ശിശുവിന്റെ ജനനശേഷം കുടുംബാംഗങ്ങളില്‍ അത്യാഹിതമോ, സാമ്പത്തിക നഷ്ടമോ ഒക്കെ സംഭവിച്ചു എന്നിരിക്കാം. ഇതിന്റെയെല്ലാം കാരണം ശിശുവില്‍ ആരോപിച്ച് ജന്മം മുതല്‍ ശാപം ഏറ്റുവാങ്ങുവാന്‍ നിര്‍ഭാഗ്യമായി വിധിക്കപ്പെട്ടവരുണ്ട്. അവരുടെ വളര്‍ച്ചയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പില്‍ക്കാലത്തുണ്ടാകും. ശിശുവിന് യാതൊരുപങ്കാളിത്തവുമില്ലാത്ത ഇത്തരം കാര്യങ്ങളുടെ പേരില്‍ ഒരു കുഞ്ഞും അവഹേളിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യരുത്.
നിരുപാധികമായ സ്നേഹവും അംഗീകാരവും ജനനം മുതല്‍ പൈതലിനു ലഭിച്ചിരിക്കണം. സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല. അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. ദേഷ്യപ്പെടുന്നില്ല. ദോഷം കണക്കിടുന്നില്ല. (1 കോരി. 13: 4.5)
(3) കുഞ്ഞിന്റെ സമ്പൂര്‍ണ്ണ ആളത്വ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ ആദിമുതലേയുള്ള ശ്രദ്ധ.

ഭൌതികശാസ്ത്രങ്ങളില്‍ വ്യക്തിയുടെ ശരീരവും മനസും പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. എന്നാല്‍ ദൈവശാസ്ത്രം അതിനും ഒരുപടി മുകളിലാണ്. ആത്മീയം, മാനസ്സികം, ശാരീരികം എന്നീ മൂന്നു ഘടകങ്ങളും വേര്‍പിരിക്കാനാവാതെ ഒരുമിച്ചുനില്‍ക്കുന്നു എന്ന തത്ത്വം ശിശുപരിപാലനത്തില്‍ അതീവ ശ്രദ്ധേയമാണ്. ശാസ്ത്രീയ വളര്‍ച്ചയുടെ യുഗത്തില്‍ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയ്ക്കാണ് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധവെക്കരുത്. ശിശുവിന്റെ ജനനസമയത്തെ തൂക്കം മുതല്‍ ഓരോ ആഴ്ചയിലും കുട്ടിയുടെ ശാരീരികവളര്‍ച്ചയില്‍ വരേണ്ട മാറ്റങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ആത്മീയ, മാനസ്സിക ഘടകങ്ങളെ ഒട്ടും തന്നെ വിസ്മരിക്കാന്‍ ഇടയാകരുത്.
(4) അമ്മയുടെ മുലപാലിലിലൂടെ ഊട്ടിയുറപ്പിക്കുന്ന ആഴമേറിയ സൌഹൃദം

ആത്മ ശരീര മനസ്സുകളുടെ സമ്പൂര്‍ണ്ണ പരിരക്ഷ ശിശുവിന് ഉറപ്പാക്കുന്ന സുപ്രധാനമായ സംഭവം അമ്മയുടെ മുലയൂട്ടലാണ്. മുലയുട്ടലിനെ പ്രത്യേക സംഭവമായി എടുത്തുപറയുന്ന വേദവാക്യങ്ങള്‍ അധികമില്ലെങ്കിലും മോശക്കുഞ്ഞിനെ ഞാഞ്ഞണയുടെ ഇടയില്‍ നിന്ന് കോരിയെടുക്കുമ്പോള്‍ അവന്റെ സഹോദരിയായ മിരിയാം രാജകുമാരിയോട് പറഞ്ഞത് കുഞ്ഞിനെ മുലയൂട്ടുവാന്‍ ഞാന്‍ ഒരമ്മയെ വിളിച്ചുകൊണ്ടുവരാമെന്നാണ് (പുറപ്പാ 2: 7-9) രാജകുമാരി കുഞ്ഞിനെ അമ്മയ്ക്കു കൈമാറുമ്പോള്‍ ഈ കാര്യമാണ് പറഞ്ഞേല്‍പ്പിച്ചത്. നീ ഈ കുഞ്ഞിനെ മുലകൊടുത്തുവളര്‍ത്തണം. ഞാന്‍ നിനക്കുശമ്പളം തരാം (പുറ. 2-9). ജനനപ്പെരുന്നാളിലും ദൈവമാതാവിനെ സ്മരിക്കുന്ന മറ്റു പ്രുമിയോന്‍, സെദ്റാകളിലും യേശുതമ്പുരാനെ മുലയൂട്ടി വളര്‍ത്തി എന്ന് പിതാക്ക വളരെ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. എന്തിനധികം, കര്‍ത്താവിനോടുതന്നെയും ഇപ്രകാരം പറഞ്ഞതായി വേദപുസ്തകത്തില്‍ നാം വായിക്കുന്നുവല്ലോ. “ഒരു സ്ത്രീ ഉച്ചത്തില്‍ അവനോട് നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു” (ലൂക്കോ. 11:23) ഈ വിവരണങ്ങളെ യാദൃശ്ചികമായിട്ടല്ലകാണേണ്ടത്. ദൈവപുത്രനായ, ത്രിത്വത്തില്‍ രണ്ടാമനായ ആദിയും അന്ത്യവുമില്ലാത്ത ദൈവം മനുഷ്യനായപ്പോള്‍ മുലപ്പാല്‍ കുടിച്ചു വളര്‍ന്നെങ്കില്‍ ശിശുക്കള്‍ക്ക് ഈ പ്രക്രിയയില്‍ കൂടിയുള്ള പരിപോഷണം എത്രഅധികമായി ആവശ്യമായിരിക്കുന്നു?. വീടിനു പുറത്ത് ജോലിചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതമായ കാലഘട്ടമാണെങ്കിലും, ശിശുവിന്റെ മാനസിക-ശാരീരിക, ആത്മീയ ആരോഗ്യത്തിന് അടിസ്ഥാനമായ ഈ പ്രക്രിയയ്ക്ക് ഭംഗം വരുവാന്‍ ഇടയാകരുത്. മുലപ്പാല്‍ നല്‍കുന്ന സമയങ്ങളില്‍ അമ്മയുടെ മനസ്സിലും ചിന്തയിലും ഉദിക്കുന്നത് വികാരങ്ങള്‍ക്കും, ദൈവീക ചിന്തയ്ക്കുമെല്ലാം ശിശുവിന്റെ വ്യക്തിത്വവളര്‍ച്ചയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. നിഷേധാത്മിക ചിന്തകലും, വികാരങ്ങളും, ശിശുവില്‍ വിപരീതമായും സ്വാധീനം ചെലുത്തുമെന്ന കാര്യവും മറന്നുകൂടാ.
(5) ഉന്നതമായ പ്രതീക്ഷ

“്നീയോ പൈതലേ അത്യുന്നതനായ ദൈവത്തിന്റെ പുത്രനെന്നും വിളിക്കപ്പെടും”(ലൂക്കോസ് 1:16)
സ്നാപകയോഹന്നാനെയും, യേശുതമ്പുരാനെയും ചേലാകര്‍മ്മം കഴിക്കുവാന്‍ ദൈവാലയത്തില്‍ കൊണ്ടുവന്നതിന്റെ ചരിത്രം നാം വായിക്കുന്നതാണല്ലോ. ഈ പൈതങ്ങളുടെ ബാല്യകാല ജീവിതത്തെ പറ്റി അധികം വിവരണം നമ്മുക്കു ലഭിക്കുന്നില്ല എങ്കിലും ചേലാകര്‍മ്മം കഴിക്കുവാന്‍ കൊണ്ടുപോയത് സുവിശേഷകന്മാര്‍ വിവരിച്ചുതന്നിട്ടുണ്ട് (ലൂക്കോ. 2:21) ബാലനായ യേശുവിനെയും കൂട്ടി മാതാപിതാക്കള്‍ പെസഹാ പെരുന്നാളിനു പോയതും വി. ലൂക്കോസ് നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. (2:41-53) ഏകദേശം സാധര്‍മ്മ്യമുള്ള പ്രസ്താവനകളും അവരുടെ ബാല്യത്തേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. “പൈതല്‍ വളരുന്നു ജ്ഞാനംനിറഞ്ഞു ആത്മാവില്‍ ബലപ്പെട്ടുപോന്നു. ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു.” (ലൂക്കോസ് 2:40) യോഹന്നാന്‍സ്നാപകനേപ്പറ്റി “പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു.” (ലൂക്ക. 1:80) എന്ന് എഴുതിയിരിക്കുന്നു.
ഇതൊക്കെയും സൂചിപ്പിക്കുന്ന സംഗതി, ആത്മീയ വളര്‍ച്ച പൈതല്‍ ഗര്‍ഭത്തില്‍ ഉരുവായ നിമിഷം മുതല്‍ ആരംഭിക്കുന്നു എന്നാണ്. “ഗര്‍ഭസ്ഥശിശു ആത്മീയ സന്തോഷം മൂലം ഉദരത്തില്‍ തുള്ളിച്ചാടിയതായി ഏലിശുബാ പ്രസ്താവിക്കുന്നു.” (ലൂക്കോ. 1: 43-44) പുതിയ നിയമത്തിലെ മാമോദീസായുടെ നിഴലാണ് പഴയനിയമത്തിലെ ചേലാകര്‍മ്മം. സ്നാപകയോഹന്നാനും യേശുവിനും ആത്മീയ ശിക്ഷണം ആരംഭിച്ചത് പ്രായമായിട്ടല്ല ഭൂമിയിലെ ജനനത്തിനുമുന്‍പ് മുതലാണെന്നു കാണാവുന്നതാണ്. ഈ തത്ത്വം ക്രിസ്തീയകുടുംബങ്ങള്‍ ഇന്നും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ ശാരീരിക ആരോഗ്യത്തിന് നാം ചെയ്യുന്ന കാര്യങ്ങള്‍ ആ കുട്ടി അറിയുന്നതേയില്ല. മുലപ്പാല്‍ കുടിക്കുന്നതും, പോളിയോവരാതിരിക്കാന്‍ തുള്ളിമരുന്നുനല്‍കുന്നതും, ക്ഷയരോഗം വരാതിരിക്കാന്‍ കുത്തിവെക്കുന്നതുമൊക്കെ കുഞ്ഞിന്റെ അനുവാദത്തോടെയല്ല നാം നടത്തുന്നത്. അതുകൊണ്ട് കുഞ്ഞിന് പ്രയോജനം ഉണ്ടാകാതെയിരിക്കുന്നുമില്ല. ജീവന്റെ വളര്‍ച്ചയുടെ സ്വാഭാവിക പ്രമാണം അങ്ങനെതന്നെയാണ് ശിശുവിന് നന്മയായ കാര്യങ്ങള്‍ ശിശു അറിയാതെതന്നെ യഥാസമയം നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ശിശുവിന്റെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുക എന്നുപറയുന്നത് മൌഢ്യമാണ്. അതിനാല്‍ മാമോദീസാ ഉള്‍പ്പെടെയുള്ള എല്ലാ ആത്മീയ നിഷ്ഠകളും യഥാസമയം അര്‍ത്ഥവത്തായി കുഞ്ഞുങ്ങള്‍ക്കുനല്‍കുവാന്‍ ക്രിസ്തീയ മാതാപിതാക്കള്‍ക്ക് കടമയും ഉത്തരവാദത്വവും ഉണ്ട്.
(6) മാമോദീസായെപ്പറ്റി ഒരുവാക്ക്

ഈ കൂദാശയുടെ ദൈവശാസ്ത്രപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഇവിടെ വിവരിക്കുന്നില്ല. പ്രായോഗികമായ ചില അടിസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. നന്മയും തിന്മയും ഉള്ള ഈ ലോകത്തില്‍ കുഞ്ഞുങ്ങള്‍ തിന്മയെ ഉപേക്ഷിച്ച് നന്മയില്‍ വളരുവാന്‍, ക്രിസ്തുവില്‍ ആയിത്തീരുവാനാണ്, അത്യന്തികമായി മാതാപിതാക്കള്‍ ലക്ഷ്യം വെയ്ക്കേണ്ടത്. ഈ ഉദ്ദേശശുദ്ധിയുടെ അടിസ്ഥാനത്തില്‍ ബന്ധുമിത്രാദികളെയും അടുത്ത സ്നേഹിതരേയുമൊക്കെവിളിച്ച്, കുഞ്ഞിന്റെ ആത്മീയ വളര്‍ച്ചയെപ്പറ്റി നിര്‍ണ്ണായക തീരുമാനമെടുക്കുന്ന സന്തോഷത്തില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുന്നത് നല്ലകാര്യമാണ്. എന്നാല്‍ തിന്മയുടെ സ്വഭാവമായ പൊങ്ങച്ചവും, ആര്‍ഭാടവും, ധൂര്‍ത്തും വെളിപ്പെടുത്തുവാന്‍ മാമോദീസാ എന്ന അതി പ്രധാനമായ കൂദാശയെ നാം മുഖാന്തരമാക്കിയാല്‍, വളര്‍ന്നുവരുന്നശിശുക്കള്‍ ഈ ലോകത്തിലെ സുഖഭോഗങ്ങളോടു താല്പര്യമുള്ളവരായി തീര്‍ന്നാല്‍ തെറ്റുപറയാനാകുമോ?. ക്രിസ്തുവിന്റെ മുന്നോടിയാകുവാനുള്ള നിയോഗം സ്നാപകയോഹന്നാനും, പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിന് പൂര്‍ണ്ണമായി കീഴ്പ്പെടുവാന്‍ യേശുക്കുഞ്ഞിനും നിയോഗമുണ്ടായതുപോലെ ദൈവത്തിന്റെ ഹിതത്തിനു പൂര്‍ണ്ണമായും കീഴ്പ്പെടുവാനുള്ള നിയോഗം കുഞ്ഞുങ്ങള്‍ക്ക് പില്‍ക്കാലത്ത് ലഭിക്കുവാന്‍ ഉദ്ദേശശുദ്ധിയോടെയും, ആത്മാര്‍ത്ഥയോടെയും കൂദാശകളും, അനുഷ്ഠാനങ്ങളും കുഞ്ഞുങ്ങള്‍ക്കുവേണ്ടി അനുഷ്ഠിക്കുവാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം.
ഭൌതിക ലോകത്തിലെ സുഖവും, സമൃദ്ധിയും വര്‍ദ്ധിക്കുവാനുള്ള വാഞ്ചയോടെ അനുഷ്ഠിക്കുന്ന ആത്മീയകര്‍മ്മങ്ങള്‍ കുഞ്ഞുങ്ങളെ യഥാര്‍ത്ഥ ദൈവമക്കളാക്കുവാന്‍ പ്രയോജനപ്പെടുമോ എന്ന് മാതാപിതാക്കള്‍ സ്വയം വിമര്‍ശനത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.             
ഇന്നു മിക്ക കുഞ്ഞുങ്ങള്‍ക്കും അവരുടെ മാമോദീസാപ്പേരുകള്‍ അറിഞ്ഞുകൂടാ. മാതാപിതാക്കളുടെ ശിശുപരിപാലനത്തില്‍ വന്ന അക്ഷന്ത്യവമായ അപരാധമാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നാമങ്ങള്‍ ഉള്ള പുണ്യവാന്മാരുടെയും പുണ്യവതികളുടെയും ജീവിതത്തോടു സാധര്‍മ്മ്യം പ്രാപിച്ച് ക്രിസ്തുവിനെ എപ്പോഴും അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു ജീവിത ശൈലിയാണ് അവര്‍ക്ക് പില്‍ക്കാലത്ത് ഉണ്ടാകേണ്ടത്. എന്നാല്‍ ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ നോക്കുക! അനുകരിക്കാന്‍ സിനിമ, രാഷട്രീയ, കായിക, വ്യാവസായിക രംഗങ്ങളിലെ നേതാക്കന്മാരെ അല്ലാതെ ഏതെങ്കിലും പുണ്യവാന്മാരെ അവരുടെ അന്തരംഗങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിടുണ്ടോ? കുട്ടികളിലെ അനുകരണസ്വഭാവത്തില്‍ നിന്ന് അവരുടെ മനോഗതം ഏതു നിലകളിലാണ് ചലിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ വളരെ എളുപ്പമാണ്. മാമോദീസായില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളും ആ വിശുദ്ധന്മാരുടെ ജീവിതവും, സ്വകാര്യജീവിതത്തില്‍ ആ വിശുദ്ധന്മാരുടെ മദ്ധ്യസ്ഥത യാചിക്കുന്ന രീതിയും കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതല്‍ നാം പരിശീലിപ്പിക്കേണ്ടതാണ്.
(7) തലതൊട്ടപ്പന്മാരുടെയും / അമ്മമാരുടെയും ചുമതല

സഭയുടെ പ്രതിനിധികളായി കുഞ്ഞുങ്ങള്‍ക്കുവേണ്ടി വിശ്വാസ പ്രതിഞ്ജ എടുക്കുന്നവരും തങ്ങളുടെ ധര്‍മ്മം ഇന്ന് നിറവേറുന്നതായി കാണുന്നില്ല. തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മാതാപിതാക്കളോടൊപ്പം കുഞ്ഞുങ്ങളുടെ ആത്മീയവളര്‍ച്ചയില്‍ ശ്രദ്ധിക്കുവാന്‍ തലതൊട്ടപ്പന്‍ / അമ്മ എന്നിവര്‍ക്കു സാധിക്കണം. പ്രായത്തിനൊത്തവണ്ണം കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനയും ആത്മീയനിഷ്ഠകളും പരിശീലിപ്പിക്കുവാനും അവര്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുവാനും ഈ കൂട്ടര്‍ക്ക് ചുമതലയുണ്ട്. നേരത്തെ സൂചിപ്പിച്ച മാമോദീസാപ്പേരും, അതിന്റെ അര്‍ത്ഥവും എല്ലാം കുഞ്ഞുങ്ങള്‍ക്കും മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് എവിടെയും ദൃശ്യമാകുന്നത്. അര്‍ത്ഥവത്തായി ഈ ചുമതല നിര്‍വ്വഹിക്കപ്പെടുന്നുവെങ്കില്‍ കുഞ്ഞുങ്ങളെ ശൈശവത്തില്‍ മാമോദീസാമുക്കുന്നതിന്റെ പ്രായോഗിക ഗുണങ്ങളെങ്കിലും ശിശുസ്നാനത്തെ എതിര്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമായിരുന്നു.
8. നസ്രത്തിലെ തിരുകുടുംബം

ശിശുപരിപാലനത്തെപ്പറ്റി ഒട്ടേറെകാര്യങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. ഒരു പക്ഷേ മനശാസ്ത്രപഠനങ്ങള്‍ തരുന്നതിനേക്കാള്‍ വിലപ്പെട്ട പാഠങ്ങളും അറിവുകളുമാണ് അവിടെനിന്നും നമുക്കുലഭിക്കുന്നത്. ചുരുക്കമായി അതേപ്പറ്റി പ്രതിപാദിക്കാം.

a. കുടുംബാന്തരീക്ഷത്തില്‍ മാതാപിതാക്കളോടൊപ്പം വളര്‍ത്തപ്പെടേണ്ടതിന്റെ ആവശ്യകത
പുരുഷബന്ധം കൂടാതെ കന്യാമറിയാമില്‍ നിന്ന് ശിശുവിനെ ജനിപ്പിക്കുവാന്‍ പിതാവായ ദൈവത്തിന് തിരുഹിതമുണ്ടായെങ്കില്‍ ആ കുഞ്ഞിനെ വളര്‍ത്താനും മറ്റ് അസാധാരണ വഴികള്‍ സ്വീകരിക്കാമായിരുന്നല്ലോ. എന്നാല്‍ ഇവിടെ ദൈവഹിതം സമൂഹത്തിനു മുഴുവനും മാതൃകയായിത്തീരുന്ന വിധത്തിലാകണമെന്ന് നിശ്ചയിക്കപ്പെട്ടു. ദൈവപുത്രന്‍ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തപ്പെട്ടെങ്കില്‍ സാധാരണ കുഞ്ഞുങ്ങള്‍ക്ക് എത്രയധികമായി അത് ആവശ്യമായിരിക്കണം!

b.ആത്മീയ അനുഭവം മാതാപിതാക്കള്‍ ഒരുപോലെ പങ്കിട്ടിരുന്നു.
സഖറിയാപുരോഹിതനെയും ഏലിശുബായേയും പറ്റി “അവര്‍ ഇരുവരും ഒരു പോലെ ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ കല്പനകളെ പാലിക്കാന്‍ താല്പര്യമുള്ളവരുമായിരുന്നു ”(ലൂക്കോ 1:6) എന്ന് പരാമര്‍ശിക്കുന്നുണ്ട്. ഈ കാര്യം കന്യകമറിയാമിലും യൌസേഫിലും കൂടുതല്‍ വ്യക്തമാണ്. “കണ്ടാലും ഞാന്‍ കര്‍ത്താവിന്റെ ദാസി അവിടുത്തെ ഇഷ്ടംപോലെ ഭവിക്കട്ടെ” (ലൂക്കോ. 1:38) എന്ന് വി. മറിയം തന്നെ സമര്‍പ്പിച്ചുകൊണ്ടു പ്രസ്താവിച്ചു. മാനുഷികമായനിലയില്‍ “പുരുഷനെ അറിയായ്കയാല്‍ ഇതെങ്ങനെ സംഭവിക്കാം ” (ലൂക്കോ. 1: 34) എന്ന ഒരു ചോദ്യമെങ്കിലും മറിയം ചോദിച്ചു. എന്നാല്‍ നീതിമാനായ യോസേഫ് അങ്ങനെകൂടെയും ചോദിച്ചില്ല. വെളിപാടു ലഭിച്ചുകഴിഞ്ഞപ്പോള്‍ മാലാഖയുടെ അരുളപ്പാടിനെ അതേപടി സ്വീകരിക്കയാണുണ്ടായത്. കല്പന ലഭിച്ചതുപോലെ മറിയാമിനെ ചേര്‍ത്തുകൊണ്ടു (വി. മത്തായി 1: 13 -18) മാതാപിതാക്കള്‍ക്ക് ഒരുപോലെ ആത്മീയ അനുഭവവും, ഐക്യവും ഉണ്ടായാല്‍ കുട്ടികളുടെ വളര്‍ച്ചയില്‍ അതുവലിയ സ്വാധീനമായിരിക്കാം ചെലുത്തുന്നത്. ഇന്നത്തെ മിക്കഭവനങ്ങളിലും ഈ ഐക്യരൂപ്യം കാണുന്നില്ല. ദമ്പതികള്‍ ആത്മീയ നിഷ്ഠകളിലും, മൂല്യങ്ങളിലും വ്യത്യസ്തനിലപാടുകളും, മാതൃകയും പിന്‍തുടരുന്നവരാണ്. കുഞ്ഞുങ്ങളുടെ ആത്മീയതയ്ക്ക് അടിസ്ഥാനം ഇല്ലാതെ പോകുന്നത് മാതാപിതാക്കളുടെ വിപരീത ദിശകളിലേക്കുള്ള പ്രയാണമാണ്. ദമ്പതികളിലൊരാള്‍ സഭയുടെ നിഷ്ഠകളും, മറ്റൊരാള്‍ മറ്റുകൂട്ടായിമകളില്‍ പങ്കെടുത്ത് അവരുടെ രീതികളും, അനുഷ്ഠിക്കുന്നവരായാല്‍ കുട്ടികള്‍ക്ക് യാതൊരു അടിസ്ഥാനവും ലഭിക്കുകയില്ല.
  c.ആത്മീയത പരിശീനത്തിലാണ് തുടങ്ങുന്നത്
വിശ്വാസസത്യങ്ങള്‍ കുഞ്ഞുളോട് പറഞ്ഞുകൊടുത്തു മനസ്സിലാക്കുവാന്‍ ദീര്‍ഘവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ‘കതിരില്‍ വളം വെക്കരുത് ’ എന്നുപറയുന്നതുപോലെ മുതിര്‍ന്ന പ്രായത്തില്‍ പലതും പറഞ്ഞുകൊടുത്താല്‍ അത് സ്വീകരിക്കാനുള്ള മനസ്സൊക്കെ അവരില്‍ കാണുകയുമില്ല. നേരെ മറിച്ച് നല്ലപരിശീലനം നന്നേചെറുപ്പത്തില്‍ ഇട്ടുകൊടുക്കുകയും, അതിന്റെയൊക്കെ അര്‍ത്ഥവ്യാപ്തി പ്രായമാകുമ്പോള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതാണ് നല്ലരീതി. ചേലാകര്‍മ്മത്തിനും പെരുന്നാളിനും യേശുകുഞ്ഞിനെ ദേവാലയത്തില്‍ മാതാപിതാക്കള്‍ കൊണ്ടുപോയതായി നാം വായിക്കുന്നു. യഹൂദപാരമ്പര്യം തന്നെ ഈ കാര്യത്തില്‍ നല്ലവഴി കാട്ടിയാണ്. “ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക അവന്‍ വൃദ്ധനായാലും അതുവിട്ടുമാറുകയില്ല”(സദൃശ്യ. 22: 6) ലോകമെമ്പാടുമുള്ള യഹൂദന്മാര്‍ തങ്ങളുടെ തലമുറയെ അവരുടെ പാരമ്പര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് ഈ പരിശീലനത്തിലൂടെയാണ്. ഈ കാര്യത്തില്‍ ആധാരമായി അവര്‍ സ്വീകരിച്ചിരിക്കുന്നത് ന്യായപ്രമാണത്തിലെ ‘ഷേമാ’ എന്ന് വിളിക്കപ്പെടുന്ന ഈ കല്പനയാണ് യിസ്രായേലേ കേര്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണമനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടില്‍ ഇരിക്കുമ്പോഴും എഴുന്നേക്കുമ്പോഴും അവയേക്കുറിച്ച് സംസാരിക്കുകയും വേണം.(ആവ. 6: 4-7) വേദപുസ്തകവായന, രണ്ടുനേരമെങ്കിലും ഉള്ള കുടുംബ പ്രാര്‍ത്ഥന, മുടങ്ങാതെയുള്ള പള്ളിയാരാധന, സണ്‍ഡേസ്കൂള്‍ പഠനം, നോമ്പ്, ഉപവാസം ഇവയിലൊക്കെ ചെറുപ്പം
മുതലേയുള്ള പരിശീലനം ലഭിച്ചാല്‍ വളര്‍ന്നു വരുമ്പോള്‍ ലോകത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാവും. പരിശീലനം ആദ്യം, ബുദ്ധിപരമായ പഠിപ്പിക്കല്‍ പിന്നീട് എന്നതായിരിക്കണം ആത്മീയതയില്‍ അനുവര്‍ത്തിക്കേണ്ട നയം.

d.സ്നേഹത്തില്‍ അടിസ്ഥാനമിട്ട ശാസന
കുഞ്ഞുങ്ങളെ തെറ്റുനിരുത്തുവാനും ശാസിക്കാനും മാതാപിതാക്കള്‍ക്ക് യഥാസമയം സാധിക്കണം. ഈ കാര്യത്തിലും നസ്രത്തിലെ കുടുംബം നല്ല മാതൃക കാണിച്ചുതരുന്നു. നോക്കുക, കന്യക മറിയാം യേശുക്കുഞ്ഞിനെ ശാസിച്ചരീതി. “മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്യരുത് എന്ത?് നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ തിരഞ്ഞു എന്നു പറഞ്ഞു(ലൂക്കോ. 2: 18)” പെസഹാപെരുനാളില്‍ സംബന്ധിച്ചു തിരികെപോകുമ്പോള്‍ കൂട്ടം തെറ്റിപ്പോയതില്‍ ചെറിയ ശാസനയുണ്ട് അതിനപ്പുറം സ്നേഹവും പ്രകടിച്ചിരിക്കുന്നു. പരിശുദ്ധനായ പൌലോസ് ശ്ളീഹായും ഈ വിധത്തില്‍ നമ്മെ പ്രബോധിപ്പിക്കുന്നു. പിതാക്കന്മാരേ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ (എഫേ.6: 4) കുഞ്ഞുങ്ങളെ നന്നാക്കാന്‍ എന്ന നിലയില്‍ ചില മാതാപിതാക്കന്മാര്‍ അവലംബിക്കുന്ന രീതി ഗുണത്തേക്കാള്‍ ദോഷം ചെയ്യാറുണ്ട്. അജ്ഞത മൂലമാകാം മാതാപിതാക്കള്‍ അപ്രകാരം ചെയ്യുന്നത്. പ്രായമായവരേപോലെ കുഞ്ഞുങ്ങള്‍ക്കും വികാരവിചാരങ്ങള്‍ ഉണ്ട്. മാതാപിതാക്കളുടെ വാക്കുകളും ശാസനാരീതികളും കുഞ്ഞുങ്ങളില്‍ ഏതു തരത്തിലുള്ള പ്രതികരണമാണുണ്ടാക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ സംരക്ഷണയില്‍ വളര്‍ത്തിപ്പെടുന്നതിനാല്‍ അവരോട് എങ്ങനെയും പെരുമാറുമെന്ന് വിചാരിക്കരുത്. അവര്‍ക്കും ആളത്വമുണ്ട്. പരിധിവിട്ട് അവരെ കളിയാക്കുകയോ, ചെറുതാക്കുകയോ, വികാരങ്ങളെ മുറിപ്പെടുത്തുകയോ ചെയ്യരുത്. മാതാപിതാക്കളുടെ ദേഷ്യം തീര്‍ക്കാനായി അവരെ ശാസിക്കുകയും ശിക്ഷിക്കുകയുമരുത്. തെറ്റുകളെ സ്നേഹബുദ്ധ്യാ തിരുത്തിക്കൊടുക്കണം. എന്നിട്ടും ആവര്‍ത്തിക്കുന്നെങ്കിലേ വടികൊണ്ടു ശിക്ഷനല്‍കാവൂ അതിനാവശ്യമായതെങ്കില്‍ ഈ ശിക്ഷാരീതി ബാല്യത്തില്‍ നല്‍കിയാലും കുട്ടികള്‍ യൌവനത്തിലേക്കുവളരുമ്പോള്‍ ഈ രീതിക്കുമാറ്റം വരുത്തണം. “തന്നോളമായാല്‍ താനെന്നുചൊല്ലണ”മെന്നുള്ള മലയാളത്തിലെ പ്രയോഗത്തിന് മനഃശാസ്ത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട് കുട്ടികളില്‍ ആത്മാഭിമാനവും സ്വയാവബോധവും വര്‍ദ്ധിക്കുന്ന പ്രായമാണ് യൌവനം. അതിനാല്‍ ബാല്യത്തിലെ പെരുമാറ്റരീതിയില്‍ മാതാപിതാക്കള്‍ ബോധപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്തണം. തെറ്റായരീതികള്‍ കണ്ടാല്‍ തുറന്ന സംസാരത്തിലൂടെ അതു തിരുത്താന്‍ അവര്‍ക്കു തന്നെ താല്പര്യം ഉണ്ടാകേണ്ടരീതിയിലാണ് മുതിര്‍ന്നവര്‍ ഇടപെടേണ്ടത്. അവരിലുള്ള നന്മയെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കൂടി സാധിക്കണം. തെറ്റുകളും ദുശ്ശീലങ്ങളും തിരുത്തുന്നത് മാതാപിതാക്കള്‍ക്കുവേണ്ടിയാണ് എന്ന ചിന്ത യൌവനപ്രായത്തില്‍ ആവശ്യമില്ല. അതിലുപരി തങ്ങളുടെ ഭാവിജീവിതം ശോഭനമാകുവാന്‍ ഈവക കാര്യങ്ങള്‍ ആവശ്യമാണെന്ന ബോധം അവരില്‍ ഉദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും അവര്‍ക്കു പ്രയോജനപ്പെടുന്നുത്. ശിക്ഷയേക്കാള്‍ ശിക്ഷണം നല്‍കുന്ന രീതിയാണ് അഭികാമ്യം അച്ചടക്കവും മാതൃകാപരവുമായ ജീവിതവും മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ വലിയ അളവില്‍ അതു കൂട്ടികളെ സ്വാധീനിക്കാതിരിക്കയില്ല. അതേസമയം അമിതലാളനയും വിവേചനംകൂടാതെ എല്ലാഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതും ഒഴിവാക്കപ്പെടേണ്ടതു തന്നെ.
ഒട്ടേറെ കാര്യങ്ങള്‍ ഈ വിധത്തില്‍ ശിശുപരിപാലത്തേപ്പറ്റി നമുക്കു മനസ്സിലാക്കാനുണ്ട്. അതിലേക്കുള്ള ആമുഖമായി മാത്രം ഈ പഠനക്കുറിപ്പിനെ കാണുക.