Pages

CHRISTIAN PARENTING




എന്ത്?
ആധുനികലോകത്തിന്റെ എണ്ണമറ്റ വെല്ലുവിളികളേയും സമ്മര്‍ദ്ദങ്ങളേയും അഭിമുഖീകരിക്കുന്ന നമ്മുടെ ഇളംതലമുറയ്ക്ക് ആവശ്യമായ ക്രിസ്തീയ മാതൃകയും ബോധനവും നല്കി സത്യവിശ്വാസത്തിലും, സന്മാര്‍ഗ്ഗത്തിലും വഴി നടത്തുവാന്‍ മാതാപിതാക്കളെ ഒരുക്കുന്ന ‘മക്കള്‍ മഹാദാനം’ എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഒരു തീവ്രപരിശീലന പദ്ധതി. സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്കു നല്കിയിരിക്കുന്ന ശീര്‍ഷകം പതിരാവരുത് ഈ കതിരുകള്‍ എന്നാണ്. കുടുംബഭദ്രതയും ശാക്തീകരണവും ലക്ഷ്യമിട്ട് സഭ നടപ്പിലാക്കിയ കുടുംബഭദ്രതായജ്ഞം(2009) ലഹരിവിരുദ്ധ ബോധവല്‍ക്കരണം (യു-ടേണ്‍ -2010) എന്നീ പദ്ധതികളുടെ തുടര്‍ച്ചയായിട്ടാണ് ഇതു നടത്തുന്നത്.

എപ്പോള്‍?

2011 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു പദ്ധതിയാണ് ഇത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടക്കേണ്ട  ബോധവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടമാണ് ഈ മൂന്നുമാസങ്ങളിലായി ഇടവക-ഡിസ്ട്രിക്ട് - ഭദ്രാസന-സഭാതലങ്ങളില്‍ നടപ്പിലാക്കുന്നത്

എന്തുകൊണ്ട് ?

നമ്മുടെ സാമൂഹ്യ-സാമ്പത്തിക ഘടനകളിലും ജീവിതത്തിലും ത്വരിതഗതിയില്‍ നടക്കുന്ന മാറ്റങ്ങള്‍ മൂലം പത്തിരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് നാം സ്വപ്നംപോലും കണ്ടിട്ടില്ലാത്ത വലിയ വെല്ലുവിളികളും പ്രശ്നങ്ങളും സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ മുന്നേറ്റം സമൂഹത്തെ വന്‍മാറ്റങ്ങളിലേക്ക് നയിക്കുന്നു. കുടുംബഘടനയിലും ജീവിതചര്യയിലും ഉണ്ടായ മാറ്റങ്ങള്‍ പ്രധാനമായും താഴെപറയുന്നവയാണ്.

(1) അണുകുടുംബങ്ങളുടെ ആവിര്‍ഭാവം
(2) ഫ്ളാറ്റ്-ഫാസ്റ്-ഉപഭോഗ സംസ്ക്കാരത്തിന്റെ വളര്‍ച്ച.
(3) കുടുംബശൈഥില്യം, വിവാഹമോചനം എന്നിവ സാധാരണ സംഭവങ്ങള്‍.
(4) മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍.
(5) ടി.വി., കമ്പ്യൂട്ടര്‍ തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം.
(6) ധൂര്‍ത്ത,് ആഡംബരം എന്നിവയോടുള്ള ഭ്രമം.
(7) ഇന്റര്‍നെറ്റ് ഉണ്ടാക്കിയ വിപ്ളവം.
(8) മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍.
(9) ജീവിതശൈലീരോഗങ്ങള്‍, ആരോഗ്യനഷ്ടം.
(10)വൃദ്ധജനങ്ങളോടുള്ള അവഗണന.

കുടുംബമേഖലയില്‍  ഉണ്ടായ ഈ മാറ്റങ്ങള്‍ മൂലം ശരിയായ സ്വഭാവരൂപീകരണമോ വിശ്വാസദൃഢീകരണമോ കുട്ടികളില്‍ ഉണ്ടാകാതെ പോകുന്നു. ഇവ മൂലം സഭയില്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ പലതാണ് 

(1) സണ്‍ഡേസ്കൂള്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് 
(2) 17 മുതല്‍ 35 വയസുവരെയുള്ള യുവജനങ്ങളുടെ ആരാധനയിലെ പങ്കാളിത്തം വളരെ കുറയുന്നു.
(3) പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന യുവജനങ്ങളില്‍ നല്ലൊരു ശതമാനം ‘ന്യൂ ജനറേഷന്‍ ചര്‍ച്ച’സിലേക്കും പ്രസ്ഥാനങ്ങളിലേക്കും മാറിപ്പോകുന്നു.
(4) മദ്യം, മയക്കുമരുന്ന്, സാത്താന്‍ ആരാധന, വഴിപിഴച്ചജീവിതം എന്നിവയിലേക്ക് അനേകര്‍ ആകര്‍ഷിക്കപ്പെടുന്നു.
(5) സഭയോടും വിശ്വാസത്തോടും ഉള്ള പ്രതിബദ്ധതയും പ്രതിപത്തിയും വളരെ കുറഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യമാകുന്നത്. 

എങ്ങനെ?

മൂന്നു മാസത്തേക്കുള്ള ഒരു തീവ്രയജ്ഞ പരിപാടിയാണ് ഇതില്‍ വിഭാവനംചെയ്യുന്നത്. പ്രധാനമായും ബോധവല്‍ക്കരണം നടക്കേണ്ടത് ഇടവകതലത്തിലാണ്. 

ഇടവകതലത്തില്‍ ചെയ്യേണ്ടത്

(1) ഈ പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ഇടവകജനങ്ങളെ അറിയിക്കുക.
(2) 2011 സെപ്തബര്‍ 30-നു മുമ്പായി ഇടവകയില്‍ എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടേയും ഒരു സംയുക്തയോഗം വിളിച്ചുചേര്‍ത്ത് ഈ പദ്ധതി അവതരിപ്പിക്കുകയും ഒരോ പ്രസ്ഥാനവും ഈ പ്രോജക്ടില്‍ എങ്ങനെ പങ്കുചേരണമെന്ന് നിശ്ചയിക്കുകയും ചെയ്യുക.
(3) ഓരോ പ്രസ്ഥാനവും കുറഞ്ഞത് ഒരു പരിപാടിയെങ്കിലും സംഘടിപ്പിക്കുക.
(4) സെപ്തംബര്‍ അവസാനവാരത്തില്‍ പള്ളിയങ്കണത്തില്‍ ഇതു സംബന്ധിച്ച ഒരു ബാനര്‍ സ്ഥാപിക്കുക. 
(5)സഭാകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദഗ്ധരെ  ക്ഷണിച്ച് ക്ളാസ്സുകള്‍, ചര്‍ച്ചകള്‍ ഇവ ക്രമീകരിക്കുക 
(6)  Parent’s Day (Nov.13), Children’s Day (Dec.4)  സമുചിതമായി ആഘോഷിക്കുക. ഈ ദിനങ്ങളില്‍ യഥാക്രമം ഒരു പേരന്റും ഒരു കുട്ടിയും പളളിയില്‍ വചനഘോഷണം നടത്തുവാന്‍ അവരെ തയ്യാറാക്കുക.
(7) മുത്തച്ഛനേയും മുത്തശ്ശിയേയും ആദരിക്കുന്ന ഒരു പ്രോഗ്രാം ക്രമീകരിക്കുക.
(8) തലതൊട്ടപ്പന്‍/തലതൊട്ടമ്മ ഇവരുടെ ഒരു യോഗം കൂടി അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും  മനസ്സിലാക്കിക്കൊടുക്കുക.
(9) Spiritual Birthday  (മാമോദീസാ മുങ്ങിയ ദിവസം) ആഘോഷിക്കുവാന്‍ പ്രേരിപ്പിക്കുക.
(10) Young Couples Meet  നടത്തി ഉത്തരവാദിത്തമുള്ള മാതൃപിതൃത്ത്വത്തിനായി ഒരുക്കുക.
(11) വിവാഹം, മാമോദീസാ, ഗൃഹപ്രവേശനം, പിറന്നാള്‍ തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ധൂര്‍ത്തും, ആഡംബരവും ഒഴിവാക്കുവാന്‍ ആഹ്വാനം ചെയ്യുക.
(12) +2 പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക്ളാസ്സ് ക്രമീകരിക്കുക.(അവര്‍ വിവിധ കോഴ്സുകള്‍ക്കായി പോകുന്നതിനുമുമ്പ്) 
(13) പോസ്റര്‍, കാര്‍ട്ടൂണ്‍, ഉപന്യാസം, കഥാ-കവിതാ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
(14) റാലികള്‍, തെരുവുനാടകങ്ങള്‍ മുതലായവ നടത്തുക.
(15)Christain Parenting സംബന്ധിച്ച ചെറുപുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുക.

Ministry of Human Empowerment,
Catholicate Palace,Devalokam.P.O,
Kottayam,Kerala - 686 038