Pages

ലഹരിവിരുദ്ധ ബോധവല്‍ക്കരണം (U-turn)



ലഹരിവിരുദ്ധ ബോധവല്‍ക്കരണം (U-turn)
     ലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കുറെക്കാലമായി നാം കാണുന്നത്. കുടുംബഭദ്രതയേയും സമൂഹത്തിന്റെ സമാധാനത്തേയും ഉലയ്ക്കുന്ന ഭയാനകമായ നിലയിലാണ് ലഹരി ഉപയോഗം. മദ്യ ദുരന്തങ്ങള്‍ തുടര്‍ക്കഥകളാകുന്നു. നമ്മുടെ യുവജനങ്ങളില്‍ അധികപങ്കും (മദ്ബഹായിലെ ശുശ്രൂഷക്കാര്‍ പോലും) ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. മദ്യമെന്നത് സ്റാറ്റസ് സിംബലായിരിക്കുന്നു. മാമോദിസാ, കല്യാണം, ശവസംസ്ക്കാരം, ഭവനകൂദാശ, പെരുനാളുകള്‍ എല്ലാം മദ്യമയം ആയിത്തീരുന്ന ദുരവസ്ഥയാണിന്ന്. ഇത്തരം സാമൂഹ്യതിന്മകള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ ശബ്ദിക്കുവാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ചുമതല സഭയ്ക്കുണ്ട്. 6500 കോടിയിലധികം ലാഭം കൊയ്യുന്ന ബിവറേജസ്കോര്‍പ്പറേഷനെ വീണ്ടും ഊട്ടി വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. സ്ത്രീകളും കുട്ടികളും കൂടി ലഹരിയുടെ പിടിയിലമരുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. ഈ വിപത്തിനെതിരേ സഭയേയും സമൂഹത്തേയും ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ നിശ്ചയപ്രകാരം 2010 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ലഹരിവിരുദ്ധ ത്രൈമാസമായി സഭ  ആചരിക്കുന്നു.

ലഹരിയെന്നാല്‍ എന്ത് ?
     ലഹരിയെന്നാല്‍ മദ്യാസക്തി എന്നുമാത്രമല്ല അര്‍ത്ഥം. മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, ഇന്റര്‍നെറ്റ്-മൊബൈല്‍-ടി. വി. അഡിക്ഷന്‍, മതതീവ്രവാദം, മുതലായവ എല്ലാം ‘ലഹരി’ എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഈ സാമൂഹ്യബോധവല്‍ക്കരണ പരിപാടിയിലൂടെ ഈ വിധമുള്ള എല്ലാ ‘ലഹരി’യ്ക്കെതിരേയുമുള്ള ബോധവല്‍ക്കരണം ആണ് ഉദ്ദേശിക്കുന്നത്.


ലഹരിയുടെ കെടുതികള്‍

(1) ലഹരി മൂലമുണ്ടാകുന്ന രോഗങ്ങള്‍ (അതുമൂലമുണ്ടാകുന്ന ദേശീയ നഷ്ടം)
(2) വിഷമദ്യദുരന്തങ്ങള്‍, റോഡപകടങ്ങള്‍
(3) ആത്മഹത്യ, കൊലപാതകങ്ങള്‍
(4) സ്ത്രീ പീഢനം, ബാലപീഢനം.
(5) വിവാഹ മോചനം, കുടുംബപ്രശ്നങ്ങള്‍, കുടുംബത്തകര്‍ച്ച.
(6) പോലീസ്/കോടതി കേസ്സുകള്‍
(7) റാഗിംഗ്, പെണ്‍വാണിഭം, ക്വട്ടേഷന്‍ സംഘങ്ങള്‍/അധോലോക സംഘങ്ങള്‍
(8) ആത്മീയ/ധാര്‍മ്മിക നിലവാരത്തകര്‍ച്ച

ഇടവകതലത്തില്‍ ചെയ്യുവാനുള്ളത്

(1)‘ലഹരി വിരുദ്ധ ബോധവല്‍ക്കരണം’ എന്ന ആശയം മുന്‍നിര്‍ത്തി ഒരു നല്ല ബാനര്‍ പള്ളിയങ്കണത്തില്‍ സ്ഥാപിക്കുക.(മാതൃകാ ബാനര്‍ കാണുക)

(2)‘ലഹരി ആസക്തി’ ഒരു രോഗമാണെന്ന് ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുക.

(3) ലഹരി ആസക്തിയ്ക്ക് അടിമപ്പെട്ടവരെ (ഇടവകയിലും പുറത്തുമുള്ളവരെ)കണ്ടെത്തി കൌണ്‍സലിംഗ് സൌകര്യമോ, ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതു നല്‍ക്കാനുള്ള ക്രമീകരണങ്ങളോ ചെയ്യുക. യുവജനപ്രസ്ഥാനം, മര്‍ത്തമറിയം സമാജം എന്നീ ആദ്ധ്യാത്മീക സംഘടനകള്‍ക്ക് ഇക്കാര്യം ചെയ്യാവുന്നതാണ്.

(4) ലഘുലേഖകള്‍, സി.ഡി., പുസ്തകങ്ങള്‍ ഇവ വിതരണം ചെയ്യുക.

(5) ബോധവല്‍ക്കരണ ക്ളാസ്സുകള്‍, സെമിനാറുകള്‍, എന്നിവ നടത്തുക.(ക്ളാസ്സ് നയിക്കാന്‍ കഴിയുന്നവരുടെ ലിസ്റ് അന്യത്ര ചേര്‍ത്തിരിക്കുന്നു. ഇതിനുപുറമേ പ്രാദേശീകമായി ലഭിക്കുന്ന മറ്റു വിദഗ്ധരേയും ക്ഷണിക്കാവുന്നതാണ്.)

(6) പ്രബന്ധ-പ്രസംഗ-കവിതാമത്സരങ്ങള്‍.

(7) പോസ്റര്‍-കാര്‍ട്ടൂണ്‍ മത്സരങ്ങള്‍.

(8) റാലി,തെരുവുനാടകങ്ങള്‍,കൂട്ടയോട്ടം മുതലായവ.

9) 2010 ഡിസംബര്‍ 3. (യല്‍ദോ നോമ്പിലെ ആദ്യവെള്ളിയാഴ്ച)  ഇടവക മുഴുവനായി ഉപവസിക്കുകയും, ലഹരി ആസക്തരുടെ സൌഖ്യത്തിനായും മാനസാന്തരത്തിനായും, അവരുടെ കുടുംബങ്ങളുടെ യഥാസ്ഥാനത്ത്വത്തിനായും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. (ഈ വെള്ളിയാഴ്ച ഇതിനായി പ്രത്യേക ഉപവാസപ്രാര്‍ത്ഥന ക്രമീകരിക്കാവുന്നതാണ്.)

(10) 2010 ഡിസംബര്‍ 5.(യോഹന്നാന്‍ സ്നാപകന്റെ ജനനത്തിന്റെ ഞായര്‍- ശിശുദിനം) ലഹരി വിരുദ്ധ പ്രതിജ്ഞാദിനമായി ആചരിക്കുക (പ്രതിജ്ഞ അന്യത്ര ചേര്‍ത്തിരിക്കുന്നു.) ‘വീഞ്ഞോ, മദ്യമോ അവന്‍ കുടിക്കുകയില്ല.’(ലൂക്കോസ് 1:15) എന്ന വാക്യത്തെ ആധാരമാക്കി പ്രസംഗങ്ങള്‍, പ്രസ്താവനകള്‍ എന്നിവ നടത്തുക.

(11) കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ ഇവയില്‍ ഒട്ടിയ്ക്കത്തക്കവിധം ലഹരിവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന സ്റിക്കര്‍ പള്ളിയില്‍ വിതരണം ചെയ്യുക. (ഇത് യുവജനപ്രസ്ഥാനത്തിന് ചെയ്യാവുന്നതാണ്.)

(12) കുടുംബത്തിന്റെ അന്നദാതാവിന്റെ ലഹരി ആസക്തി മൂലം പട്ടിണിയാവുന്ന കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ( ഭക്ഷണം, വസ്ത്രം മുതലായവ) നല്കി കുടുംബത്തെ സംരക്ഷിക്കുവാന്‍ പരിശ്രമിക്കുക.

(13) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണവകുപ്പ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന-മദ്യാസക്തിയുടെ വിനകളും വിപത്തുകളും വര്‍ണ്ണിക്കുന്നതും, ലഹരിയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതുമായ- യു-ടേണ്‍ എന്ന ഹ്രസ്വ ചിത്രം പള്ളിയില്‍ പ്രദര്‍ശിപ്പിക്കുകയും ചിത്രത്തിന്റെ സി. ഡി. എല്ലാ കുടുംബങ്ങളിലും ഓരോ കോപ്പി കേവലം 30 രൂപയ്ക്ക് നല്കുകയും ചെയ്യുക.

(14) യുവജനങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി ഒരു ലഹരിവിരുദ്ധ യുവ-ബാല കര്‍മ്മസേന രൂപവല്‍ക്കരിക്കുക.

(15)  ലഹരി ആസക്തിയ്ക്ക് അടിമപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

ലഹരിവിരുദ്ധ ത്രൈമാസാചരണം
പ്രത്യേക പ്രാര്‍ത്ഥന

        സകല സൃഷ്ടികളുടേയും നിര്‍മ്മിതാവും വീണ്ടെടുപ്പുകാരനുമായ ദൈവം തമ്പുരാനേ! നിന്റെ സാദൃശ്യത്തിലും  സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ വിശുദ്ധിയിലും നന്മയിലും അനുനിമിഷം വളര്‍ന്നുവരണം എന്ന് നീ ആഗ്രഹിക്കുന്നുവല്ലോ. പരിശുദ്ധാത്മാവില്‍ ബലപ്പെട്ട് ദൈവീക ജ്ഞാനത്തില്‍ നിന്നോടുള്ള ഭക്തിയിലും പരിപൂര്‍ണ്ണസമര്‍പ്പണത്തിലും വളര്‍ന്നുവരുവാന്‍ നിന്റെ മക്കളായ ഞങ്ങളെ ശക്തീകരിക്കുകയും വഴി നടത്തുകയും ചെയ്യുമാറാകണമെന്ന് നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആധുനിക ലോകം ഉയര്‍ത്തുന്ന സമസ്ത വെല്ലുവിളികളേയും ഫലപ്രദമായി നേരിടുവാനുള്ള വിവേകവും മനോധൈര്യവും സഹായവും അവിടുന്ന് ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കേണമെ. വിശേഷാല്‍ മദ്യം, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ പിടിയില്‍ അകപ്പെട്ട് ഭയാനകമായ ദുരിതമനുഭവിക്കുന്ന സകലരേയും തിരുമുമ്പാകെ സമര്‍പ്പിച്ച് ഈ സമയം ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് വി. വേദത്തില്‍ക്കൂടി ഞങ്ങള്‍ മനസ്സിലാക്കുന്നുവല്ലോ. ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മരണസംസ്കാരത്തിലേക്ക് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്ന ലഹരിവസ്തുകള്‍ക്ക് അടിമകളായിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ, പ്രത്യേകിച്ചും യുവതലമുറയെ അതില്‍ നിന്നും കരകയറ്റുവാനും നിര്‍മ്മലമായ ആത്മീയ ജീവിത വഴികളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാനുമായി ആത്മാര്‍ത്ഥതയോടുകൂടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ അവിടുന്ന് ഞങ്ങളെ സഹായിക്കേണമേ. ലഹരിയുടെ ആസക്തിയില്‍ നശിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ മൂലം ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അവിടുന്ന് ആശ്വാസവും ബലവും നല്‍കി പ്രത്യാശയോടെ ജീവിതത്തെ നയിക്കുവാന്‍ സംഗതിയാക്കണമെ. മദ്യവും അതുപോലെയുള്ള എല്ലാ തിന്മകളും ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യുവാനുള്ള സംരംഭങ്ങളില്‍ വ്യക്തികളായും കുടുംബങ്ങളായും സഭയായും സമൂഹമായും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുവാനുള്ള സാമൂഹ്യപ്രതിബദ്ധതയും ആത്മീയധൈര്യവും അവിടുന്ന് ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെ. നൈമിഷികമായ ഭൌതികസന്തോഷങ്ങളെക്കാളും എല്ലാറ്റിനെയും പുതുക്കുകയും നവീകരിക്കുകയും ചെയ്യുന്ന പുതുവീഞ്ഞായ നിന്നില്‍ ആത്മീയലഹരി കണ്ടെത്തി സന്തോഷിക്കുവാനും സമാധാനം നിറയുന്ന ഒരു ലോകസൃഷ്ടിക്കായി പ്രവര്‍ത്തിക്കുവാനും ഞങ്ങളെ പരിശുദ്ധാത്മാവില്‍ അവിടുന്ന് വഴി നയിക്കേണമെ. ഞങ്ങള്‍ നിനക്ക് സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ തന്നെ.   ആമ്മീന്‍.