Pages

ശിശു പരിപാലനം വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍

ശിശു പരിപാലനം
വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍
ഫാ. ഡോ. ഒ. തോമസ്
ആമുഖം
റേഡിയോയില്‍ കൂടെ കൂടെ വരുന്ന ഒരു പരസ്യമുണ്ട്. ഗര്‍ഭിണിയായെന്നറിഞ്ഞ അമ്മ അതിസന്തോഷത്തോടെ ക്ഷേത്രത്തില്‍ വഴിപാട് അര്‍പിക്കാന്‍ ഒരുമ്പെടുന്നു. അതു കേട്ട ആള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അതിപ്രധാനമായ കാര്യം മറ്റൊന്നാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ‘അയഡിന്‍ ഉപ്പ് അമ്മ കഴിക്കുന്നതാണ് ’ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമെന്ന് പഠിപ്പിക്കുന്നു. ഈ പരസ്യം ഒരു കാര്യം വ്യക്തമാക്കുന്നു. ശാസ്ത്രീയമായ അറിവും അതിന്റെ പ്രയോഗവുമാണ് ശിശുപരിപാലനത്തിന് ഏറ്റവും യോജ്യമായിരിക്കുന്നത് എന്ന ചിന്ത ഈ കാലത്ത് മാതാപിതാക്കളെ ഭരിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ചില അപകടങ്ങളുണ്ട്. ഒന്നാമത്തേത്. ശാസ്ത്രീയമെന്ന് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന മിക്കകാര്യങ്ങളും കച്ചവടതാല്പര്യങ്ങള്‍ ഉള്ളവയാണ്. സത്യത്തിന്റെ അംശം അതില്‍ തുലോം കുറവായിരിക്കും. ശുദ്ധമായ ശാസ്ത്രീയ സത്യമാണെങ്കില്‍ തന്നെയും അവയൊക്കെ ദൈവമെന്ന പരമമായ സത്യത്തിന് വിധേയമായിയുള്ളതുതന്നെയാണ്. അതിനാല്‍ ദൈവീകമായ സനാതനസത്യത്തില്‍ അടിയുറപ്പിച്ചിട്ടു വേണം മറ്റ് അറിവുകളെ നാം പ്രയോജനപ്പെടുത്തേണ്ടത്. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടി ഇതൊക്കെയും നിങ്ങള്‍ക്കു ലഭിക്കും (വി. മത്തായി 6:38)
(1) ജീവന്‍ ദൈവത്തിന്റെ ഭാഗം

ഇല്ലായ്മയില്‍ നിന്ന് ദൈവം ഈ പ്രപഞ്ചത്തേയും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചു. അതില്‍തന്നെ ദൈവത്തിന്റെ സാദൃശ്യവും സ്വരൂപവും മനുഷ്യനുമാത്രമേ നല്‍കുയുള്ളൂ (ഉല്പത്തി 1: 26,27) സൃഷ്ടിയേപ്പറ്റിയുള്ള ഈ അടിസ്ഥാനത്തിലാകണം ശിശുക്കളെപ്പറ്റി നാം മനസ്സിലാക്കേണ്ടത്. കേവലം പ്രകൃതിനിയമമനുസരിച്ച് ആണും പെണ്ണും തമ്മില്‍ ഇണചേരുന്നമ്പോള്‍ ഉണ്ടാകുന്ന യാദൃശ്ചികമോ, സ്വഭാവികമായോ ഉള്ളപരിണാമമല്ല മനുഷ്യസൃഷ്ടി. ഓരോസൃഷ്ടിയുടെ പിന്നിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ട്. അതുകൊണ്ടാണ് “ഓരോ ശിശുവിന്റെ ജനനവും, ദൈവം ഇനിയും ലോകത്തെ സ്നേഹിക്കുന്ന എന്നതിന്റെ ഉദാഹരണ”മായി രവീന്ദ്രനാഥടാഗോര്‍ വരച്ചുകാട്ടിയത്. സങ്കീര്‍ത്തനവും പരമമായ ഈ സത്യം ഉദ്ഘോഷിക്കുന്നു. “മക്കള്‍ യഹോവനല്‍കുന്ന അവകാശവും ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ.”(സങ്കീ 127:3) കുടുംബജീവിതത്തിലെ ഏറ്റവും വലിയ ദൈവികദാനം കുഞ്ഞുങ്ങളാണ്. എന്നാല്‍ ഭൌതികതയ്ക്ക് പ്രഥമസ്ഥാനം നല്‍കിയിരിക്കുന്ന ആധുനിക കുടുംബങ്ങള്‍ ഈ ദൈവീക പ്രമാണം മറന്നിരിക്കുന്നു. സാമ്പത്തിക സുരക്ഷിതത്ത്വം, ജോലി തുടങ്ങിയവയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കാനോ, അല്ലെങ്കില്‍ പിന്നീടാകട്ടെ എന്ന ചിന്തിച്ച് കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിച്ചുകളയാനോ മടിയില്ലാത്ത അനേകം കുടുബങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട്. ഗര്‍ഭഛിദ്രം ക്രിസ്തീയ വിശ്വാസമനുസരിച്ച് അനുവദനീയമല്ല അതു ജീവനെ നശിപ്പിക്കലാണ്. അതിനാല്‍ ഗര്‍ഭത്തില്‍ ഉരുവാക്കുന്ന നിമിഷം മുതല്‍ പൈതലിനെ സ്വീകരിക്കാത്ത ശാരീരിക, മാനസ്സിക ആത്മീയതെക്കും മാതാപിതാക്കള്‍ക്കണ്ടായിരിക്കണം. ശിശുപാലനത്തിന്റെ പ്രഥമപാഠം ഇവിടെയാണ് തുടങ്ങുന്നത്.
ഈ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടായിരുന്നു എന്ന തോന്നലോടെ (ഡിംമിലേറ ഇവശഹറ) ഒരു പൈതലിനു ജന്മം നല്‍കിയാല്‍ അത് പില്‍ക്കാലത്ത് കുട്ടിയുടെ വ്യക്തിത്വത്തെസാരമായി പ്രതികൂലമായി തന്നെ ബാധിക്കുമെന്ന് ഇന്ന് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാ ജീവന്റെയും ഉറവിടമായ ദൈവം നല്‍കുന്ന ശ്രേഷ്ഠ വരദാനമായ പൈതലിനെ സന്തോഷത്തോടെയും ദൈവത്തെസ്തുതിച്ചും ഏറ്റവാങ്ങുവാനുള്ള മാതാപിതാക്കളുടെ സന്നദ്ധതയാണ് പിറന്നുവീഴുന്ന ജീവന്റെ ആരോഗ്യകരമായ അവസ്ഥയുടെ പ്രാഥമിക അടിസ്ഥാനം.
(2) നിരുപാധികമായ അംഗീകാരം

പൈതല്‍ ആണാണെങ്കിലും, പെണ്ണാണെങ്കിലും ഒരു പോലെ സ്വീകരിക്കപ്പെടണം. പെണ്‍ കുഞ്ഞുങ്ങള്‍ അസ്വീകാര്യമായ രീതിയ്ക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് പ്രാമുഖ്യം. ക്രിസ്തീയ കുടുംബങ്ങളില്‍ ഇതുണ്ടാവാന്‍ പാടില്ല. ഓരോ സൃഷ്ടിയുടെയും പിന്നില്‍ ദൈവത്തിന്റെ ഉദ്ദേശമുണ്ടെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെങ്കില്‍ ആണ്‍/പെണ്‍ വ്യത്യാസത്തിന്റെ പേരില്‍ ഉത്കണ്ഠയ്ക്ക് കാര്യമില്ല. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക ഘടകങ്ങള്‍ പുരുഷമേധാവിത്വത്തിന് ഇപ്പോഴും മുന്‍തൂക്കം നല്കുന്നുണ്ടെങ്കിലും ക്രിസ്തീയ കുടുംബങ്ങള്‍ ദൈവപരിപാലത്തിനായിരിക്കണം എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്. പിറന്നു വീഴുന്ന കുഞ്ഞിന്റെ നാള്‍, നിറം, രൂപഭംഗി, കുടുംബത്തില്‍ പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഇവയുടെയൊക്കെ പേരില്‍ കുഞ്ഞുങ്ങള്‍ വെറുക്കപ്പെടുന്ന ചിലസാഹചര്യങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതിനെപിന്‍തുണയ്ക്കുന്ന സാംസ്ക്കാരികചുറ്റുപാടുകളും നൂറ്റാണ്ടുകളായി അനുവര്‍ത്തികപ്പെടുന്നുമുണ്ട്. അതില്‍ പ്രധാനമാണ് കുഞ്ഞുപിറക്കുന്ന നാള്‍. ആ ഒറ്റകാരണത്താല്‍ ചില കുഞ്ഞുങ്ങള്‍ പുകഴ്ത്തപ്പെടുകയും, മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കൊന്നും ക്രിസ്തീയ വിശ്വാസത്തില്‍ യാതൊരു സ്ഥാനവുമില്ല. കുഞ്ഞിന്റെ നിറവും രൂപവും ഭംഗിയുമൊന്നും ആ കുഞ്ഞ് സ്വയമായി ആര്‍ജ്ജിച്ചതല്ല. സൃഷ്ടിയില്‍ തന്നെ അതിനുനല്‍കപ്പെട്ടതാണ്. ഇതിന്റെയൊന്നും പേരില്‍ ഒരുകുട്ടിയും അനാവശ്യമായി തഴയപ്പെടരുത്. കുഞ്ഞിനെ അതിന്റെ എല്ലാ സവിശേഷതകളോടുകൂടെയും പൂര്‍ണ്ണമായും അംഗീകരിക്കണം. ചില ഭവനങ്ങളില്‍, ഒരു ശിശുവിന്റെ ജനനശേഷം കുടുംബാംഗങ്ങളില്‍ അത്യാഹിതമോ, സാമ്പത്തിക നഷ്ടമോ ഒക്കെ സംഭവിച്ചു എന്നിരിക്കാം. ഇതിന്റെയെല്ലാം കാരണം ശിശുവില്‍ ആരോപിച്ച് ജന്മം മുതല്‍ ശാപം ഏറ്റുവാങ്ങുവാന്‍ നിര്‍ഭാഗ്യമായി വിധിക്കപ്പെട്ടവരുണ്ട്. അവരുടെ വളര്‍ച്ചയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പില്‍ക്കാലത്തുണ്ടാകും. ശിശുവിന് യാതൊരുപങ്കാളിത്തവുമില്ലാത്ത ഇത്തരം കാര്യങ്ങളുടെ പേരില്‍ ഒരു കുഞ്ഞും അവഹേളിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യരുത്.
നിരുപാധികമായ സ്നേഹവും അംഗീകാരവും ജനനം മുതല്‍ പൈതലിനു ലഭിച്ചിരിക്കണം. സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല. അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. ദേഷ്യപ്പെടുന്നില്ല. ദോഷം കണക്കിടുന്നില്ല. (1 കോരി. 13: 4.5)
(3) കുഞ്ഞിന്റെ സമ്പൂര്‍ണ്ണ ആളത്വ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ ആദിമുതലേയുള്ള ശ്രദ്ധ.

ഭൌതികശാസ്ത്രങ്ങളില്‍ വ്യക്തിയുടെ ശരീരവും മനസും പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. എന്നാല്‍ ദൈവശാസ്ത്രം അതിനും ഒരുപടി മുകളിലാണ്. ആത്മീയം, മാനസ്സികം, ശാരീരികം എന്നീ മൂന്നു ഘടകങ്ങളും വേര്‍പിരിക്കാനാവാതെ ഒരുമിച്ചുനില്‍ക്കുന്നു എന്ന തത്ത്വം ശിശുപരിപാലനത്തില്‍ അതീവ ശ്രദ്ധേയമാണ്. ശാസ്ത്രീയ വളര്‍ച്ചയുടെ യുഗത്തില്‍ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയ്ക്കാണ് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധവെക്കരുത്. ശിശുവിന്റെ ജനനസമയത്തെ തൂക്കം മുതല്‍ ഓരോ ആഴ്ചയിലും കുട്ടിയുടെ ശാരീരികവളര്‍ച്ചയില്‍ വരേണ്ട മാറ്റങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ആത്മീയ, മാനസ്സിക ഘടകങ്ങളെ ഒട്ടും തന്നെ വിസ്മരിക്കാന്‍ ഇടയാകരുത്.
(4) അമ്മയുടെ മുലപാലിലിലൂടെ ഊട്ടിയുറപ്പിക്കുന്ന ആഴമേറിയ സൌഹൃദം

ആത്മ ശരീര മനസ്സുകളുടെ സമ്പൂര്‍ണ്ണ പരിരക്ഷ ശിശുവിന് ഉറപ്പാക്കുന്ന സുപ്രധാനമായ സംഭവം അമ്മയുടെ മുലയൂട്ടലാണ്. മുലയുട്ടലിനെ പ്രത്യേക സംഭവമായി എടുത്തുപറയുന്ന വേദവാക്യങ്ങള്‍ അധികമില്ലെങ്കിലും മോശക്കുഞ്ഞിനെ ഞാഞ്ഞണയുടെ ഇടയില്‍ നിന്ന് കോരിയെടുക്കുമ്പോള്‍ അവന്റെ സഹോദരിയായ മിരിയാം രാജകുമാരിയോട് പറഞ്ഞത് കുഞ്ഞിനെ മുലയൂട്ടുവാന്‍ ഞാന്‍ ഒരമ്മയെ വിളിച്ചുകൊണ്ടുവരാമെന്നാണ് (പുറപ്പാ 2: 7-9) രാജകുമാരി കുഞ്ഞിനെ അമ്മയ്ക്കു കൈമാറുമ്പോള്‍ ഈ കാര്യമാണ് പറഞ്ഞേല്‍പ്പിച്ചത്. നീ ഈ കുഞ്ഞിനെ മുലകൊടുത്തുവളര്‍ത്തണം. ഞാന്‍ നിനക്കുശമ്പളം തരാം (പുറ. 2-9). ജനനപ്പെരുന്നാളിലും ദൈവമാതാവിനെ സ്മരിക്കുന്ന മറ്റു പ്രുമിയോന്‍, സെദ്റാകളിലും യേശുതമ്പുരാനെ മുലയൂട്ടി വളര്‍ത്തി എന്ന് പിതാക്ക വളരെ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. എന്തിനധികം, കര്‍ത്താവിനോടുതന്നെയും ഇപ്രകാരം പറഞ്ഞതായി വേദപുസ്തകത്തില്‍ നാം വായിക്കുന്നുവല്ലോ. “ഒരു സ്ത്രീ ഉച്ചത്തില്‍ അവനോട് നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു” (ലൂക്കോ. 11:23) ഈ വിവരണങ്ങളെ യാദൃശ്ചികമായിട്ടല്ലകാണേണ്ടത്. ദൈവപുത്രനായ, ത്രിത്വത്തില്‍ രണ്ടാമനായ ആദിയും അന്ത്യവുമില്ലാത്ത ദൈവം മനുഷ്യനായപ്പോള്‍ മുലപ്പാല്‍ കുടിച്ചു വളര്‍ന്നെങ്കില്‍ ശിശുക്കള്‍ക്ക് ഈ പ്രക്രിയയില്‍ കൂടിയുള്ള പരിപോഷണം എത്രഅധികമായി ആവശ്യമായിരിക്കുന്നു?. വീടിനു പുറത്ത് ജോലിചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതമായ കാലഘട്ടമാണെങ്കിലും, ശിശുവിന്റെ മാനസിക-ശാരീരിക, ആത്മീയ ആരോഗ്യത്തിന് അടിസ്ഥാനമായ ഈ പ്രക്രിയയ്ക്ക് ഭംഗം വരുവാന്‍ ഇടയാകരുത്. മുലപ്പാല്‍ നല്‍കുന്ന സമയങ്ങളില്‍ അമ്മയുടെ മനസ്സിലും ചിന്തയിലും ഉദിക്കുന്നത് വികാരങ്ങള്‍ക്കും, ദൈവീക ചിന്തയ്ക്കുമെല്ലാം ശിശുവിന്റെ വ്യക്തിത്വവളര്‍ച്ചയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. നിഷേധാത്മിക ചിന്തകലും, വികാരങ്ങളും, ശിശുവില്‍ വിപരീതമായും സ്വാധീനം ചെലുത്തുമെന്ന കാര്യവും മറന്നുകൂടാ.
(5) ഉന്നതമായ പ്രതീക്ഷ

“്നീയോ പൈതലേ അത്യുന്നതനായ ദൈവത്തിന്റെ പുത്രനെന്നും വിളിക്കപ്പെടും”(ലൂക്കോസ് 1:16)
സ്നാപകയോഹന്നാനെയും, യേശുതമ്പുരാനെയും ചേലാകര്‍മ്മം കഴിക്കുവാന്‍ ദൈവാലയത്തില്‍ കൊണ്ടുവന്നതിന്റെ ചരിത്രം നാം വായിക്കുന്നതാണല്ലോ. ഈ പൈതങ്ങളുടെ ബാല്യകാല ജീവിതത്തെ പറ്റി അധികം വിവരണം നമ്മുക്കു ലഭിക്കുന്നില്ല എങ്കിലും ചേലാകര്‍മ്മം കഴിക്കുവാന്‍ കൊണ്ടുപോയത് സുവിശേഷകന്മാര്‍ വിവരിച്ചുതന്നിട്ടുണ്ട് (ലൂക്കോ. 2:21) ബാലനായ യേശുവിനെയും കൂട്ടി മാതാപിതാക്കള്‍ പെസഹാ പെരുന്നാളിനു പോയതും വി. ലൂക്കോസ് നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. (2:41-53) ഏകദേശം സാധര്‍മ്മ്യമുള്ള പ്രസ്താവനകളും അവരുടെ ബാല്യത്തേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. “പൈതല്‍ വളരുന്നു ജ്ഞാനംനിറഞ്ഞു ആത്മാവില്‍ ബലപ്പെട്ടുപോന്നു. ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു.” (ലൂക്കോസ് 2:40) യോഹന്നാന്‍സ്നാപകനേപ്പറ്റി “പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു.” (ലൂക്ക. 1:80) എന്ന് എഴുതിയിരിക്കുന്നു.
ഇതൊക്കെയും സൂചിപ്പിക്കുന്ന സംഗതി, ആത്മീയ വളര്‍ച്ച പൈതല്‍ ഗര്‍ഭത്തില്‍ ഉരുവായ നിമിഷം മുതല്‍ ആരംഭിക്കുന്നു എന്നാണ്. “ഗര്‍ഭസ്ഥശിശു ആത്മീയ സന്തോഷം മൂലം ഉദരത്തില്‍ തുള്ളിച്ചാടിയതായി ഏലിശുബാ പ്രസ്താവിക്കുന്നു.” (ലൂക്കോ. 1: 43-44) പുതിയ നിയമത്തിലെ മാമോദീസായുടെ നിഴലാണ് പഴയനിയമത്തിലെ ചേലാകര്‍മ്മം. സ്നാപകയോഹന്നാനും യേശുവിനും ആത്മീയ ശിക്ഷണം ആരംഭിച്ചത് പ്രായമായിട്ടല്ല ഭൂമിയിലെ ജനനത്തിനുമുന്‍പ് മുതലാണെന്നു കാണാവുന്നതാണ്. ഈ തത്ത്വം ക്രിസ്തീയകുടുംബങ്ങള്‍ ഇന്നും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ ശാരീരിക ആരോഗ്യത്തിന് നാം ചെയ്യുന്ന കാര്യങ്ങള്‍ ആ കുട്ടി അറിയുന്നതേയില്ല. മുലപ്പാല്‍ കുടിക്കുന്നതും, പോളിയോവരാതിരിക്കാന്‍ തുള്ളിമരുന്നുനല്‍കുന്നതും, ക്ഷയരോഗം വരാതിരിക്കാന്‍ കുത്തിവെക്കുന്നതുമൊക്കെ കുഞ്ഞിന്റെ അനുവാദത്തോടെയല്ല നാം നടത്തുന്നത്. അതുകൊണ്ട് കുഞ്ഞിന് പ്രയോജനം ഉണ്ടാകാതെയിരിക്കുന്നുമില്ല. ജീവന്റെ വളര്‍ച്ചയുടെ സ്വാഭാവിക പ്രമാണം അങ്ങനെതന്നെയാണ് ശിശുവിന് നന്മയായ കാര്യങ്ങള്‍ ശിശു അറിയാതെതന്നെ യഥാസമയം നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ശിശുവിന്റെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുക എന്നുപറയുന്നത് മൌഢ്യമാണ്. അതിനാല്‍ മാമോദീസാ ഉള്‍പ്പെടെയുള്ള എല്ലാ ആത്മീയ നിഷ്ഠകളും യഥാസമയം അര്‍ത്ഥവത്തായി കുഞ്ഞുങ്ങള്‍ക്കുനല്‍കുവാന്‍ ക്രിസ്തീയ മാതാപിതാക്കള്‍ക്ക് കടമയും ഉത്തരവാദത്വവും ഉണ്ട്.
(6) മാമോദീസായെപ്പറ്റി ഒരുവാക്ക്

ഈ കൂദാശയുടെ ദൈവശാസ്ത്രപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഇവിടെ വിവരിക്കുന്നില്ല. പ്രായോഗികമായ ചില അടിസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. നന്മയും തിന്മയും ഉള്ള ഈ ലോകത്തില്‍ കുഞ്ഞുങ്ങള്‍ തിന്മയെ ഉപേക്ഷിച്ച് നന്മയില്‍ വളരുവാന്‍, ക്രിസ്തുവില്‍ ആയിത്തീരുവാനാണ്, അത്യന്തികമായി മാതാപിതാക്കള്‍ ലക്ഷ്യം വെയ്ക്കേണ്ടത്. ഈ ഉദ്ദേശശുദ്ധിയുടെ അടിസ്ഥാനത്തില്‍ ബന്ധുമിത്രാദികളെയും അടുത്ത സ്നേഹിതരേയുമൊക്കെവിളിച്ച്, കുഞ്ഞിന്റെ ആത്മീയ വളര്‍ച്ചയെപ്പറ്റി നിര്‍ണ്ണായക തീരുമാനമെടുക്കുന്ന സന്തോഷത്തില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുന്നത് നല്ലകാര്യമാണ്. എന്നാല്‍ തിന്മയുടെ സ്വഭാവമായ പൊങ്ങച്ചവും, ആര്‍ഭാടവും, ധൂര്‍ത്തും വെളിപ്പെടുത്തുവാന്‍ മാമോദീസാ എന്ന അതി പ്രധാനമായ കൂദാശയെ നാം മുഖാന്തരമാക്കിയാല്‍, വളര്‍ന്നുവരുന്നശിശുക്കള്‍ ഈ ലോകത്തിലെ സുഖഭോഗങ്ങളോടു താല്പര്യമുള്ളവരായി തീര്‍ന്നാല്‍ തെറ്റുപറയാനാകുമോ?. ക്രിസ്തുവിന്റെ മുന്നോടിയാകുവാനുള്ള നിയോഗം സ്നാപകയോഹന്നാനും, പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിന് പൂര്‍ണ്ണമായി കീഴ്പ്പെടുവാന്‍ യേശുക്കുഞ്ഞിനും നിയോഗമുണ്ടായതുപോലെ ദൈവത്തിന്റെ ഹിതത്തിനു പൂര്‍ണ്ണമായും കീഴ്പ്പെടുവാനുള്ള നിയോഗം കുഞ്ഞുങ്ങള്‍ക്ക് പില്‍ക്കാലത്ത് ലഭിക്കുവാന്‍ ഉദ്ദേശശുദ്ധിയോടെയും, ആത്മാര്‍ത്ഥയോടെയും കൂദാശകളും, അനുഷ്ഠാനങ്ങളും കുഞ്ഞുങ്ങള്‍ക്കുവേണ്ടി അനുഷ്ഠിക്കുവാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം.
ഭൌതിക ലോകത്തിലെ സുഖവും, സമൃദ്ധിയും വര്‍ദ്ധിക്കുവാനുള്ള വാഞ്ചയോടെ അനുഷ്ഠിക്കുന്ന ആത്മീയകര്‍മ്മങ്ങള്‍ കുഞ്ഞുങ്ങളെ യഥാര്‍ത്ഥ ദൈവമക്കളാക്കുവാന്‍ പ്രയോജനപ്പെടുമോ എന്ന് മാതാപിതാക്കള്‍ സ്വയം വിമര്‍ശനത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.             
ഇന്നു മിക്ക കുഞ്ഞുങ്ങള്‍ക്കും അവരുടെ മാമോദീസാപ്പേരുകള്‍ അറിഞ്ഞുകൂടാ. മാതാപിതാക്കളുടെ ശിശുപരിപാലനത്തില്‍ വന്ന അക്ഷന്ത്യവമായ അപരാധമാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നാമങ്ങള്‍ ഉള്ള പുണ്യവാന്മാരുടെയും പുണ്യവതികളുടെയും ജീവിതത്തോടു സാധര്‍മ്മ്യം പ്രാപിച്ച് ക്രിസ്തുവിനെ എപ്പോഴും അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു ജീവിത ശൈലിയാണ് അവര്‍ക്ക് പില്‍ക്കാലത്ത് ഉണ്ടാകേണ്ടത്. എന്നാല്‍ ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ നോക്കുക! അനുകരിക്കാന്‍ സിനിമ, രാഷട്രീയ, കായിക, വ്യാവസായിക രംഗങ്ങളിലെ നേതാക്കന്മാരെ അല്ലാതെ ഏതെങ്കിലും പുണ്യവാന്മാരെ അവരുടെ അന്തരംഗങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിടുണ്ടോ? കുട്ടികളിലെ അനുകരണസ്വഭാവത്തില്‍ നിന്ന് അവരുടെ മനോഗതം ഏതു നിലകളിലാണ് ചലിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ വളരെ എളുപ്പമാണ്. മാമോദീസായില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളും ആ വിശുദ്ധന്മാരുടെ ജീവിതവും, സ്വകാര്യജീവിതത്തില്‍ ആ വിശുദ്ധന്മാരുടെ മദ്ധ്യസ്ഥത യാചിക്കുന്ന രീതിയും കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതല്‍ നാം പരിശീലിപ്പിക്കേണ്ടതാണ്.
(7) തലതൊട്ടപ്പന്മാരുടെയും / അമ്മമാരുടെയും ചുമതല

സഭയുടെ പ്രതിനിധികളായി കുഞ്ഞുങ്ങള്‍ക്കുവേണ്ടി വിശ്വാസ പ്രതിഞ്ജ എടുക്കുന്നവരും തങ്ങളുടെ ധര്‍മ്മം ഇന്ന് നിറവേറുന്നതായി കാണുന്നില്ല. തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. മാതാപിതാക്കളോടൊപ്പം കുഞ്ഞുങ്ങളുടെ ആത്മീയവളര്‍ച്ചയില്‍ ശ്രദ്ധിക്കുവാന്‍ തലതൊട്ടപ്പന്‍ / അമ്മ എന്നിവര്‍ക്കു സാധിക്കണം. പ്രായത്തിനൊത്തവണ്ണം കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനയും ആത്മീയനിഷ്ഠകളും പരിശീലിപ്പിക്കുവാനും അവര്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുവാനും ഈ കൂട്ടര്‍ക്ക് ചുമതലയുണ്ട്. നേരത്തെ സൂചിപ്പിച്ച മാമോദീസാപ്പേരും, അതിന്റെ അര്‍ത്ഥവും എല്ലാം കുഞ്ഞുങ്ങള്‍ക്കും മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് എവിടെയും ദൃശ്യമാകുന്നത്. അര്‍ത്ഥവത്തായി ഈ ചുമതല നിര്‍വ്വഹിക്കപ്പെടുന്നുവെങ്കില്‍ കുഞ്ഞുങ്ങളെ ശൈശവത്തില്‍ മാമോദീസാമുക്കുന്നതിന്റെ പ്രായോഗിക ഗുണങ്ങളെങ്കിലും ശിശുസ്നാനത്തെ എതിര്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമായിരുന്നു.
8. നസ്രത്തിലെ തിരുകുടുംബം

ശിശുപരിപാലനത്തെപ്പറ്റി ഒട്ടേറെകാര്യങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. ഒരു പക്ഷേ മനശാസ്ത്രപഠനങ്ങള്‍ തരുന്നതിനേക്കാള്‍ വിലപ്പെട്ട പാഠങ്ങളും അറിവുകളുമാണ് അവിടെനിന്നും നമുക്കുലഭിക്കുന്നത്. ചുരുക്കമായി അതേപ്പറ്റി പ്രതിപാദിക്കാം.

a. കുടുംബാന്തരീക്ഷത്തില്‍ മാതാപിതാക്കളോടൊപ്പം വളര്‍ത്തപ്പെടേണ്ടതിന്റെ ആവശ്യകത
പുരുഷബന്ധം കൂടാതെ കന്യാമറിയാമില്‍ നിന്ന് ശിശുവിനെ ജനിപ്പിക്കുവാന്‍ പിതാവായ ദൈവത്തിന് തിരുഹിതമുണ്ടായെങ്കില്‍ ആ കുഞ്ഞിനെ വളര്‍ത്താനും മറ്റ് അസാധാരണ വഴികള്‍ സ്വീകരിക്കാമായിരുന്നല്ലോ. എന്നാല്‍ ഇവിടെ ദൈവഹിതം സമൂഹത്തിനു മുഴുവനും മാതൃകയായിത്തീരുന്ന വിധത്തിലാകണമെന്ന് നിശ്ചയിക്കപ്പെട്ടു. ദൈവപുത്രന്‍ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തപ്പെട്ടെങ്കില്‍ സാധാരണ കുഞ്ഞുങ്ങള്‍ക്ക് എത്രയധികമായി അത് ആവശ്യമായിരിക്കണം!

b.ആത്മീയ അനുഭവം മാതാപിതാക്കള്‍ ഒരുപോലെ പങ്കിട്ടിരുന്നു.
സഖറിയാപുരോഹിതനെയും ഏലിശുബായേയും പറ്റി “അവര്‍ ഇരുവരും ഒരു പോലെ ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ കല്പനകളെ പാലിക്കാന്‍ താല്പര്യമുള്ളവരുമായിരുന്നു ”(ലൂക്കോ 1:6) എന്ന് പരാമര്‍ശിക്കുന്നുണ്ട്. ഈ കാര്യം കന്യകമറിയാമിലും യൌസേഫിലും കൂടുതല്‍ വ്യക്തമാണ്. “കണ്ടാലും ഞാന്‍ കര്‍ത്താവിന്റെ ദാസി അവിടുത്തെ ഇഷ്ടംപോലെ ഭവിക്കട്ടെ” (ലൂക്കോ. 1:38) എന്ന് വി. മറിയം തന്നെ സമര്‍പ്പിച്ചുകൊണ്ടു പ്രസ്താവിച്ചു. മാനുഷികമായനിലയില്‍ “പുരുഷനെ അറിയായ്കയാല്‍ ഇതെങ്ങനെ സംഭവിക്കാം ” (ലൂക്കോ. 1: 34) എന്ന ഒരു ചോദ്യമെങ്കിലും മറിയം ചോദിച്ചു. എന്നാല്‍ നീതിമാനായ യോസേഫ് അങ്ങനെകൂടെയും ചോദിച്ചില്ല. വെളിപാടു ലഭിച്ചുകഴിഞ്ഞപ്പോള്‍ മാലാഖയുടെ അരുളപ്പാടിനെ അതേപടി സ്വീകരിക്കയാണുണ്ടായത്. കല്പന ലഭിച്ചതുപോലെ മറിയാമിനെ ചേര്‍ത്തുകൊണ്ടു (വി. മത്തായി 1: 13 -18) മാതാപിതാക്കള്‍ക്ക് ഒരുപോലെ ആത്മീയ അനുഭവവും, ഐക്യവും ഉണ്ടായാല്‍ കുട്ടികളുടെ വളര്‍ച്ചയില്‍ അതുവലിയ സ്വാധീനമായിരിക്കാം ചെലുത്തുന്നത്. ഇന്നത്തെ മിക്കഭവനങ്ങളിലും ഈ ഐക്യരൂപ്യം കാണുന്നില്ല. ദമ്പതികള്‍ ആത്മീയ നിഷ്ഠകളിലും, മൂല്യങ്ങളിലും വ്യത്യസ്തനിലപാടുകളും, മാതൃകയും പിന്‍തുടരുന്നവരാണ്. കുഞ്ഞുങ്ങളുടെ ആത്മീയതയ്ക്ക് അടിസ്ഥാനം ഇല്ലാതെ പോകുന്നത് മാതാപിതാക്കളുടെ വിപരീത ദിശകളിലേക്കുള്ള പ്രയാണമാണ്. ദമ്പതികളിലൊരാള്‍ സഭയുടെ നിഷ്ഠകളും, മറ്റൊരാള്‍ മറ്റുകൂട്ടായിമകളില്‍ പങ്കെടുത്ത് അവരുടെ രീതികളും, അനുഷ്ഠിക്കുന്നവരായാല്‍ കുട്ടികള്‍ക്ക് യാതൊരു അടിസ്ഥാനവും ലഭിക്കുകയില്ല.
  c.ആത്മീയത പരിശീനത്തിലാണ് തുടങ്ങുന്നത്
വിശ്വാസസത്യങ്ങള്‍ കുഞ്ഞുളോട് പറഞ്ഞുകൊടുത്തു മനസ്സിലാക്കുവാന്‍ ദീര്‍ഘവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ‘കതിരില്‍ വളം വെക്കരുത് ’ എന്നുപറയുന്നതുപോലെ മുതിര്‍ന്ന പ്രായത്തില്‍ പലതും പറഞ്ഞുകൊടുത്താല്‍ അത് സ്വീകരിക്കാനുള്ള മനസ്സൊക്കെ അവരില്‍ കാണുകയുമില്ല. നേരെ മറിച്ച് നല്ലപരിശീലനം നന്നേചെറുപ്പത്തില്‍ ഇട്ടുകൊടുക്കുകയും, അതിന്റെയൊക്കെ അര്‍ത്ഥവ്യാപ്തി പ്രായമാകുമ്പോള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതാണ് നല്ലരീതി. ചേലാകര്‍മ്മത്തിനും പെരുന്നാളിനും യേശുകുഞ്ഞിനെ ദേവാലയത്തില്‍ മാതാപിതാക്കള്‍ കൊണ്ടുപോയതായി നാം വായിക്കുന്നു. യഹൂദപാരമ്പര്യം തന്നെ ഈ കാര്യത്തില്‍ നല്ലവഴി കാട്ടിയാണ്. “ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക അവന്‍ വൃദ്ധനായാലും അതുവിട്ടുമാറുകയില്ല”(സദൃശ്യ. 22: 6) ലോകമെമ്പാടുമുള്ള യഹൂദന്മാര്‍ തങ്ങളുടെ തലമുറയെ അവരുടെ പാരമ്പര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് ഈ പരിശീലനത്തിലൂടെയാണ്. ഈ കാര്യത്തില്‍ ആധാരമായി അവര്‍ സ്വീകരിച്ചിരിക്കുന്നത് ന്യായപ്രമാണത്തിലെ ‘ഷേമാ’ എന്ന് വിളിക്കപ്പെടുന്ന ഈ കല്പനയാണ് യിസ്രായേലേ കേര്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണമനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടില്‍ ഇരിക്കുമ്പോഴും എഴുന്നേക്കുമ്പോഴും അവയേക്കുറിച്ച് സംസാരിക്കുകയും വേണം.(ആവ. 6: 4-7) വേദപുസ്തകവായന, രണ്ടുനേരമെങ്കിലും ഉള്ള കുടുംബ പ്രാര്‍ത്ഥന, മുടങ്ങാതെയുള്ള പള്ളിയാരാധന, സണ്‍ഡേസ്കൂള്‍ പഠനം, നോമ്പ്, ഉപവാസം ഇവയിലൊക്കെ ചെറുപ്പം
മുതലേയുള്ള പരിശീലനം ലഭിച്ചാല്‍ വളര്‍ന്നു വരുമ്പോള്‍ ലോകത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാവും. പരിശീലനം ആദ്യം, ബുദ്ധിപരമായ പഠിപ്പിക്കല്‍ പിന്നീട് എന്നതായിരിക്കണം ആത്മീയതയില്‍ അനുവര്‍ത്തിക്കേണ്ട നയം.

d.സ്നേഹത്തില്‍ അടിസ്ഥാനമിട്ട ശാസന
കുഞ്ഞുങ്ങളെ തെറ്റുനിരുത്തുവാനും ശാസിക്കാനും മാതാപിതാക്കള്‍ക്ക് യഥാസമയം സാധിക്കണം. ഈ കാര്യത്തിലും നസ്രത്തിലെ കുടുംബം നല്ല മാതൃക കാണിച്ചുതരുന്നു. നോക്കുക, കന്യക മറിയാം യേശുക്കുഞ്ഞിനെ ശാസിച്ചരീതി. “മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്യരുത് എന്ത?് നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ തിരഞ്ഞു എന്നു പറഞ്ഞു(ലൂക്കോ. 2: 18)” പെസഹാപെരുനാളില്‍ സംബന്ധിച്ചു തിരികെപോകുമ്പോള്‍ കൂട്ടം തെറ്റിപ്പോയതില്‍ ചെറിയ ശാസനയുണ്ട് അതിനപ്പുറം സ്നേഹവും പ്രകടിച്ചിരിക്കുന്നു. പരിശുദ്ധനായ പൌലോസ് ശ്ളീഹായും ഈ വിധത്തില്‍ നമ്മെ പ്രബോധിപ്പിക്കുന്നു. പിതാക്കന്മാരേ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ (എഫേ.6: 4) കുഞ്ഞുങ്ങളെ നന്നാക്കാന്‍ എന്ന നിലയില്‍ ചില മാതാപിതാക്കന്മാര്‍ അവലംബിക്കുന്ന രീതി ഗുണത്തേക്കാള്‍ ദോഷം ചെയ്യാറുണ്ട്. അജ്ഞത മൂലമാകാം മാതാപിതാക്കള്‍ അപ്രകാരം ചെയ്യുന്നത്. പ്രായമായവരേപോലെ കുഞ്ഞുങ്ങള്‍ക്കും വികാരവിചാരങ്ങള്‍ ഉണ്ട്. മാതാപിതാക്കളുടെ വാക്കുകളും ശാസനാരീതികളും കുഞ്ഞുങ്ങളില്‍ ഏതു തരത്തിലുള്ള പ്രതികരണമാണുണ്ടാക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ സംരക്ഷണയില്‍ വളര്‍ത്തിപ്പെടുന്നതിനാല്‍ അവരോട് എങ്ങനെയും പെരുമാറുമെന്ന് വിചാരിക്കരുത്. അവര്‍ക്കും ആളത്വമുണ്ട്. പരിധിവിട്ട് അവരെ കളിയാക്കുകയോ, ചെറുതാക്കുകയോ, വികാരങ്ങളെ മുറിപ്പെടുത്തുകയോ ചെയ്യരുത്. മാതാപിതാക്കളുടെ ദേഷ്യം തീര്‍ക്കാനായി അവരെ ശാസിക്കുകയും ശിക്ഷിക്കുകയുമരുത്. തെറ്റുകളെ സ്നേഹബുദ്ധ്യാ തിരുത്തിക്കൊടുക്കണം. എന്നിട്ടും ആവര്‍ത്തിക്കുന്നെങ്കിലേ വടികൊണ്ടു ശിക്ഷനല്‍കാവൂ അതിനാവശ്യമായതെങ്കില്‍ ഈ ശിക്ഷാരീതി ബാല്യത്തില്‍ നല്‍കിയാലും കുട്ടികള്‍ യൌവനത്തിലേക്കുവളരുമ്പോള്‍ ഈ രീതിക്കുമാറ്റം വരുത്തണം. “തന്നോളമായാല്‍ താനെന്നുചൊല്ലണ”മെന്നുള്ള മലയാളത്തിലെ പ്രയോഗത്തിന് മനഃശാസ്ത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട് കുട്ടികളില്‍ ആത്മാഭിമാനവും സ്വയാവബോധവും വര്‍ദ്ധിക്കുന്ന പ്രായമാണ് യൌവനം. അതിനാല്‍ ബാല്യത്തിലെ പെരുമാറ്റരീതിയില്‍ മാതാപിതാക്കള്‍ ബോധപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്തണം. തെറ്റായരീതികള്‍ കണ്ടാല്‍ തുറന്ന സംസാരത്തിലൂടെ അതു തിരുത്താന്‍ അവര്‍ക്കു തന്നെ താല്പര്യം ഉണ്ടാകേണ്ടരീതിയിലാണ് മുതിര്‍ന്നവര്‍ ഇടപെടേണ്ടത്. അവരിലുള്ള നന്മയെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കൂടി സാധിക്കണം. തെറ്റുകളും ദുശ്ശീലങ്ങളും തിരുത്തുന്നത് മാതാപിതാക്കള്‍ക്കുവേണ്ടിയാണ് എന്ന ചിന്ത യൌവനപ്രായത്തില്‍ ആവശ്യമില്ല. അതിലുപരി തങ്ങളുടെ ഭാവിജീവിതം ശോഭനമാകുവാന്‍ ഈവക കാര്യങ്ങള്‍ ആവശ്യമാണെന്ന ബോധം അവരില്‍ ഉദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും അവര്‍ക്കു പ്രയോജനപ്പെടുന്നുത്. ശിക്ഷയേക്കാള്‍ ശിക്ഷണം നല്‍കുന്ന രീതിയാണ് അഭികാമ്യം അച്ചടക്കവും മാതൃകാപരവുമായ ജീവിതവും മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ വലിയ അളവില്‍ അതു കൂട്ടികളെ സ്വാധീനിക്കാതിരിക്കയില്ല. അതേസമയം അമിതലാളനയും വിവേചനംകൂടാതെ എല്ലാഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതും ഒഴിവാക്കപ്പെടേണ്ടതു തന്നെ.
ഒട്ടേറെ കാര്യങ്ങള്‍ ഈ വിധത്തില്‍ ശിശുപരിപാലത്തേപ്പറ്റി നമുക്കു മനസ്സിലാക്കാനുണ്ട്. അതിലേക്കുള്ള ആമുഖമായി മാത്രം ഈ പഠനക്കുറിപ്പിനെ കാണുക.