Pages

വഴി തെറ്റുന്ന ബാല്യങ്ങള്‍


നിധീഷ് ചന്ദ്രന്‍, മലയാള മനോരമ
  സ്ഫടികം പോലെ പരിശുദ്ധമാകേണ്ട നമ്മുടെ കുട്ടികളുടെ ബാല്യങ്ങളില്‍ ചിലയിടങ്ങളില്‍ പുള്ളിക്കുത്തുകള്‍ വീണു തുടങ്ങിയിരിക്കുന്നു. പീഡനശ്രമത്തിനിടയിലുള്ള കൊലപാതകങ്ങളില്‍ പതിമൂന്നു വയസ്സുകാരനും നാലാം ക്ളാസ്സുകാരനും പ്രതികള്‍, മോഷണ സംഘങ്ങളില്‍ അംഗങ്ങളാകുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുകുട്ടികള്‍ പോലും അടിമകളാകുന്നു. എന്താണ് നമ്മുടെ കുട്ടികള്‍ക്കു സംഭവിക്കുന്നത്.? ബന്ധങ്ങളും മൂല്യങ്ങളുമൊന്നും വകവയ്ക്കാതെ തിന്മയുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിപ്പോകുന്ന അവരെ രക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക. തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്.

എവിടേക്കാണ് അവര്‍?
കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ക്രമാതീതമായ വര്‍ദ്ധനവുണ്ടാവുന്നുവെന്നാണ് സ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2009-ല്‍ 677 കുട്ടികള്‍ ക്രിമിനല്‍ കേസുകളില്‍ പിടിയിലായപ്പോള്‍ 2010-ല്‍ അത് 801 ആയി. കുട്ടികള്‍ കുറ്റവാളികളാകുന്ന മിക്കവാറും സംഭവങ്ങള്‍ കേസാകാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണത്തിന്റെ 10% പോലുമാവില്ല ഈ കണക്ക്. ഒറ്റയ്ക്കു ചെയ്യുന്ന കുറ്റകൃത്യങ്ങളായിരുന്നു നേരത്തേയെങ്കില്‍ സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളാണു രണ്ടു വര്‍ഷമായുള്ള പ്രവണത. 2011-ല്‍ കേരളത്തിന്റെ മുഴുവന്‍ മനസാക്ഷിയെ ഞെട്ടിച്ച് ഇടുക്കി ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളില്‍ പ്രതികളായതും പതിനഞ്ചു വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍.
കുട്ടികളുടെ ഇടയിലെ മദ്യപാനവും ലഹരി ഉപയോഗവുമെല്ലാം മുമ്പെങ്ങും ഇല്ലാത്ത വിധം വര്‍ധിച്ചതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ക്കൂള്‍ കുട്ടികള്‍ പോലും മദ്യത്തിന് അടിമകളാവുന്ന ഗൌരവതരമായ സ്ഥിതിയിലേക്കാണ് ഇതു നീങ്ങുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം സ്ക്കൂള്‍ തുറന്ന ജൂണ്‍ മാസം മാത്രം കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അറുപതോളം കേസുകള്‍. അമ്മയും അച്ഛനും അധ്യാപകരുമെല്ലാം ഇതില്‍ പ്രതികള്‍.

വഴി തെറ്റുന്നത് എവിടെ?

കുട്ടികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളില്‍ ഏറിയ പങ്കിനും കാരണം അവര്‍ക്കു ചുറ്റുമുള്ള സമൂഹം തന്നെയാണ്. വാര്‍ത്താവിനിമയ വിപ്ളവത്തിന്റെ ഇക്കാലത്ത് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള വിവേചന ശക്തിയില്ലെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ പ്രശ്നങ്ങളില്‍ അകപ്പെടും. ഇവിടെ ഇവര്‍ക്ക് നേര്‍വഴി കാട്ടേണ്ടത് മാതാപിതാക്കളും അധ്യാപകരുമൊക്കെയാണ്. കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും പ്രശ്നബാധിതമായ കുടുംബപശ്ചാത്തലത്തിന്റെ കഥ കൂടി പറയാനുണ്ടാകും. കുട്ടികള്‍ പ്രതികളായി ഈയിടെ നടന്ന സംഭവങ്ങളിലെല്ലാം പ്രശ്നകാരണം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങിയതായി കണ്ടെത്താന്‍ കഴിയും.
കുടുംബത്തിലും, സാമൂഹിക ഘടനയിലുണ്ടായ മാറ്റമാണ് ഇതിനു പ്രധാന കാരണം. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ധാരാളം സമയവും ആരുടെയും കാഴ്ചയില്‍പ്പെടാതെ സൌകര്യങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്യ്രവും ഇപ്പോള്‍ കുട്ടികള്‍ക്കുണ്ട്. സൌഹൃദം, പരിഗണന, വൈകാരികമായ പിന്തുണ ഇവയൊക്കെ കുട്ടികള്‍ക്കു നല്‍കാനുള്ള സമയമോ സൌകര്യമോ പലപ്പോഴും മാതാപിതാക്കള്‍ക്കു കിട്ടുന്നില്ല. പകരം പണത്തിന്റെ മോടി കൊണ്ട് സൌകര്യങ്ങള്‍ ഒരുക്കി കുട്ടികളെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണ് പലരും. വീടുകളില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം കുറഞ്ഞു വരുന്നു. അച്ഛനമ്മമാര്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കൂട്ടാവുമായിരുന്നത് അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെയാണ്. ഇപ്പോള്‍ അത്തരമൊരു സാധ്യതയില്ല.
വീടുകളെക്കാള്‍ കുട്ടികള്‍ ഏറ്റവുമധികം സമയം ചിലവഴിക്കുന്ന സ്ക്കൂളുകളിലും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ട്. സ്ക്കൂളിലേക്കുള്ള വഴികളില്‍ ചതിക്കുഴികള്‍ ഒരുക്കി റാക്കറ്റുകളും ഇപ്പോള്‍ സജീവമാണ്. ഒരു മിസ്ഡ് കോളില്‍ തുടങ്ങി ജീവിതം അവസാനിപ്പിക്കേണ്ട ഗതികേടില്‍ പെട്ട പെണ്‍കുട്ടികളും, തമാശയ്ക്ക് തുടങ്ങിയ മദ്യപാനം മാനസികരോഗാശുപത്രിയില്‍ എത്തിച്ച ആണ്‍കുട്ടികളുമെല്ലാം ഇത്തരം റാക്കറ്റുകളുടെ ഇരകളുടെ ഉദാഹരണമാണ്.
മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയുമൊക്കെ അമിത ഉപയോഗവും കുട്ടികളെ പ്രശ്നങ്ങളില്‍ പെടുത്താറുണ്ട്. ഇത്തരം മാധ്യമങ്ങളില്‍ അധികം പേര്‍ പരതുന്നതും ലൈംഗികമായ ആനന്ദത്തിനുള്ള സാധ്യതകളാണ്. കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളും ഇവ തന്നെ.

കടപ്പാട് : മലങ്കര സഭാ മാസിക