Pages

വീട്ടില്‍ ഒരു പച്ചക്കറിതോട്ടം : കൊറ്റംമ്പള്ളി പള്ളി ഒരു മാതൃക

കോട്ടയം : കര്‍ഷകരെ പ്രോല്‍സാഹിപ്പിച്ച് കൃഷി വിജയപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ സഭാ മാനവ ശാക്തീകരണ വകുപ്പ് നടപ്പിലാക്കിയ കര്‍ഷകശ്രേഷ്ഠ അവാര്‍ഡ് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണില്‍ വിജയകരമായി കോളിഫ്ളവര്‍, കാബേജ് കൃഷി നടത്തിയതിന്റെ ആവേശത്തിലാണ് മാവേലിക്കര ഭദ്രാസനത്തിലെ കൊറ്റമ്പള്ളി മാര്‍ ഏലിയാ ഓര്‍ത്തഡോക്സ് പള്ളിയും അതിലെ അനേകം കുടുംബങ്ങളും. എല്ലാ ഭവനത്തിലും ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതി ഇടവക അംഗങ്ങളെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനും കരക്കൃഷിയിലേക്ക് ആഭിമുഖ്യമുള്ളവരാക്കാനും സഹായിക്കുന്നു. ഇവിടെ ആരംഭിച്ച കുടനിര്‍മാണ യൂണിറ്റും വിജയകരമായി നടക്കുകയാണ്. സ്വയം തൊഴില്‍ പദ്ധതി എന്ന നിലയില്‍ ഇവിടെ നിര്‍മിച്ചെടുക്കുന്ന മോര്‍ ഏലിയാ മോംസ് കുടകള്‍ കൂടുതല്‍ ഡിമാന്‍ഡ് ഉള്ളതായി മാറിയിരിക്കുകയാണ്. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ സ്ത്രീകള്‍ക്കു കുട നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയായിരുന്നു. ഇവിടത്തെ 64 സ്ത്രീകളാണു കുട നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്. കുടനിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ നാലായിരത്തിലധികം കുടകള്‍ നിര്‍മ്മിച്ചു വിപണിയിലെത്തിച്ചു കഴിഞ്ഞു. കുടനിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. വീടുകളില്‍ ഇരുന്നാണു വീട്ടമ്മമാര്‍ കുട നിര്‍മിച്ചു നല്‍കുന്നത്. ഒരു കുടയ്ക്ക് 20 രൂപ ഇവര്‍ക്കു ലഭിക്കും. പിന്നീടു ലഭിക്കുന്ന ലാഭവിഹിതത്തിന്റെ പങ്കും ഇവര്‍ക്കാണ്. കേരള സംസ്ഥാന ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രമോഷന്‍ കൌണ്‍സിലിന്റെ സഹകരണത്തോടെയാണ് എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയില്‍ കോളിഫ്ളവര്‍, കാബേജ്, ചീര, വെണ്ട, പാവല്‍ തുടങ്ങി നിരവധി പച്ചക്കറി ഇനങ്ങളാണു കൃഷി ചെയ്യുന്നത്. ഇവിടെ നടപ്പിലാക്കിയ കോളിഫ്ളവര്‍, കാബേജ് വിളവെടുപ്പ് ഓര്‍ത്തഡോക്സ് സഭ മാനവശേഷി ഡയറക്ടര്‍ ഫാ. പി. എ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. കോശി മാത്യു അധ്യക്ഷനായിരുന്നു. മത്തായി കൊട്ടയ്ക്കാട്ടേത്ത്, തോമസ് വട്ടത്തറയില്‍, സജി, എബി ജോണ്‍, ബിനു തോമസ്, ജിനു ജോര്‍ജ്ജ്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ലിജി ഭവനത്തില്‍ റെജിയുടെ വീടിന്റെ ടെറസില്‍ ചാക്കുകളില്‍ മണ്ണു നിറച്ച് ഉല്‍പാദിപ്പിച്ച കോളിഫ്ളവറും കാബേജും കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഇവിടെ ഒന്നര കിലോവരെ ഭാരമുള്ള കോളിഫ്ളവറാണു വിളയിച്ചെടുത്തത്. കൃഷിയിലും കുടനിര്‍മാണത്തിലും മാര്‍ ഏലിയ ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനവും സജീവമായി രംഗത്തുണ്ട്. ഇടവക വികാരി ഫാ. കോശി മാത്യുവിന്റെ ഇടപെടലും മേല്‍നോട്ടവും ഇടവക അംഗങ്ങള്‍ക്കു കൃഷിയില്‍ താല്‍പര്യമുണര്‍ത്തുന്നു.