Pages

നമ്മുടെ കുട്ടികളെ നമ്മള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍

ഈ കഥ കേള്‍ക്കുന്ന എല്ലാവരും മുകളില്‍ പറഞ്ഞത് ഒന്നുകൂടി വായിക്കും. ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ യോഹാനാണ് കഥയിലെ നായകന്‍. ഇവനു ചെറിയ ഒരു രോഗമുണ്ട്.സഹപാഠികളുടെയും അധ്യാപകരുടെയും കയ്യില്‍ എന്തു കണ്ടാലും, അത് അവന് ഇഷ്ടപ്പെട്ടാല്‍, അവരറിയാതെ അതു സ്വന്തമാക്കും. ഇതു മൂലം പകുതിക്കുവച്ചു യോഹാന്‍ പഠനം അവസാനിപ്പിച്ച സ്കൂളുകള്‍ ഒട്ടേറെ. പുതിയ സ്കൂളില്‍വച്ചും അവനെ മോഷണത്തിനു പിടിക്കുന്നു. ഇതോടെയാണ് മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ സമീപിക്കുന്നത്. ഡോക്ടര്‍ തിരിച്ചറിയുന്നു രോഗം യോഹാനല്ല, മാതാപിതാക്കള്‍ക്കാണ്. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയും പരിചരണവും ലഭിക്കാതെ വന്ന യോഹാന്‍ അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിന് ചെയ്തതായിരുന്നു ഇതെല്ലാം. പിടിവിട്ടുപോയ യോഹാന്റെ മനസ്സിനെ തിരികെ എത്തിക്കുവാന്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്ത്യന്‍ പേരന്റിംഗ് മാസാചരണത്തിന്റെ ഭാഗമായി ഫാ.വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ഹോം വര്‍ക്ക് എന്ന ഷോര്‍ട്ട് ഫിലിമിലാണ് യോഹാന്‍ എത്തുന്നത്.  മാതാപിതാക്കളുടെ പരിചരണം കിട്ടാതെ വളരുന്ന ഓരോ കുട്ടിയും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ യോഹാന്‍ ആകും. മലയാളികളുടെ കുടുംബബന്ധങ്ങളില്‍ പൊളിച്ചെഴുത്തു നടക്കുമ്പോള്‍ ഹോം വര്‍ക്ക് ചോദിക്കുന്നത് ഇതാണ്... നിങ്ങളുടെ കുട്ടി യോഹാനാകണോ..?ഫാ.വര്‍ഗീസ് ലാലിന്റെ 25-ാമത് ഷോര്‍ട്ട് ഫിലിമാണെന്ന പ്രത്യേകതയും ഹോം വര്‍ക്കിനുണ്ട്. വിവിധ മലയാള ചലച്ചിത്രങ്ങള്‍ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ച സാജന്‍ കളത്തിലാണ് ഹോം വര്‍ക്കിന്റെയും ക്യാമറ. മാസ്റര്‍ ധനഞ്ജയും, ബേബി നയന്‍താരയും അടക്കം പ്രശസ്തര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.www.facebook.com/ChristianParenting