Pages

മൃത്യുപാനം

ഫാ. സാമുവേല്‍ ജോണ്‍ തേവത്തുമണ്ണില്‍

ആധുനിക ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ലഹരി മരുന്നുകളുടെ ഉപയോഗം
മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഇന്റര്‍നെറ്റ്, മൊബൈല്‍, ടി.വി. അഡിക്ഷന്‍, മത തീവ്രവാദം മുതലായവ എല്ലാം 'ലഹരി' എന്ന പേരില്‍ ഉള്‍പ്പെടുന്നു. ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന കെടുതികള്‍ വളരെ ആഴത്തില്‍ സമൂഹത്തെയും, കുടുംബത്തെയും ബാധിക്കുന്നു, വിഷമദ്യദുരന്തങ്ങള്‍, റോഡപകടങ്ങള്‍, മാരകമായ രോഗങ്ങള്‍, ആത്മഹത്യ, കൊലപാതകങ്ങള്‍, സ്ത്രീപീഡനം, ബാലപീഢനം, വിവാഹ മോചനം, കുടുംബ തകര്‍ച്ച, കോടതികയറ്റം, റാഗിംഗ്, പെണ്‍വാണിഭം, അധോലോക പ്രവര്‍ത്തനങ്ങള്‍, ആത്മീയവും ധാര്‍മ്മികവുമായ നിലവാര തകര്‍ച്ച എന്നിവ വര്‍ദ്ധിക്കുന്നു.
ലഹരി നല്‍കുന്ന വസ്തുക്കളുടെ പട്ടിക വളരെ നീണ്ടതാണ്. സാധാരണയായി യുവജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കപ്പെടുന്നവയില്‍ മുന്നില്‍ കഞ്ചാവ് തന്നെ. ഹെറോയിന്‍, മാര്‍ജ്ജുവാന, ചരസ്, ഹപ്പിങ്ഫാഗ് എന്നിവയും കഞ്ചാവിന്റെ വിവിധ രൂപങ്ങളാണ്. കറുപ്പില്‍ നിന്നുണ്ടാകുന്ന ഹെറോയിന്റെ മറ്റൊരു പേരാണ് ബ്രൌണ്‍ ഷുഗര്‍. രണ്ടോ, മൂന്നോ ദിവസത്തെ ഉപയോഗം കൊണ്ടു തന്നെ ഒരാളെ അടിമയാക്കി മാറ്റാന്‍ കഴിവുള്ള ഇത് പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത ഇല്ലാതാക്കും. ബ്രൌണ്‍ ഷുഗര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ അംഗവൈകല്യമുള്ളവരായിക്കും. കറുപ്പ് ചെടിയില്‍ നിന്നെടുക്കുന്ന പ്രധാന ലഹരി പദാര്‍ത്ഥങ്ങള്‍ മോര്‍ഫിന്‍, പെതഡിന്‍ എന്നിവ ശക്തിയേറിയ ആസക്തി ഉണ്ടാക്കുന്നവയാണ്. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധങ്ങളാണ് റിറ്റാലിന്‍, സെക്സഡിന്‍ ഇവ പരീക്ഷാ മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച് ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. ഇതു മൂലം ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടവരുത്തുന്നു. പലതരം ഉറക്കഗുളികകള്‍ ഉണ്ട്, മാന്‍ഡോക്സ്, ബാര്‍ബിറ്ററേറ്റുകള്‍, മെന്‍സഡിന്‍ തുടങ്ങിയവ ശക്തിയേറിയവയാണ്. കാംപോസ്, ലിബ്രിയം തുടങ്ങിയവ ശക്തി കുറഞ്ഞവയും ഈ ഔഷധങ്ങളുടെ ദുരപയോഗം 30% വിദ്യാര്‍ത്ഥികളെ ബാധിക്കുന്നു.
മദ്യാപാനം പോലെ തന്നെ ശരീരത്തെയും മനസിനെയും ബാധിക്കുന്ന ലഹരി വസ്തുവാണ് പുകയില. പുകവലിക്കുമ്പോള്‍ നിക്കോട്ടിനും ടാറും കാര്‍ബണ്‍ മോണാക്സൈഡും അനേകം വിഷ വസ്തുക്കളും നമ്മുടെ ശരീരത്തിലെത്തുന്നു. നിക്കോട്ടിന്‍ ആണ് ആസക്തി ഉളവാക്കുന്നത്. നിക്കോട്ടിനും ടാറും ശരീര ഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഹൃദ്രോഗത്തിന്റെ പ്രധാന കാരണം പുകവലിയാണ്. കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന രോഗങ്ങളും തലച്ചോര്‍ സംബന്ധമായ രോഗങ്ങളും പുകവലി മൂലം ഉണ്ടാകുന്നു. പുകവലിക്കുന്നവരേക്കാള്‍ അടുത്ത് നില്‍ക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പുകവലിമൂലം അന്തരീക്ഷം മലിനപ്പെടുന്നു. ചെറുപ്പക്കാര്‍ ലഹരി മരുന്നുകള്‍ക്ക് അടിമകളാകുന്നതിന്റെ ഉത്തരവാദിത്വം അവ ലഭ്യമാക്കുന്ന സമൂഹത്തിനു കൂടിയാമെന്ന് പ്രശസ്ത ഹിന്ദി ചലചിത്ര നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനില്‍ദത്ത് ഒരിക്കല്‍ പറയുകയുണ്ടായി നാളെയുടെ വാഗ്ദാനങ്ങളാവേണ്ട നൂറു കണക്കിനു ചെറുപ്പക്കാര്‍ ലഹരിയുടെ ഉപയോഗം മൂലം മാരകമായ ക്യാന്‍സര്‍, ലിവര്‍സിറോസിസ് എന്നിവ മൂലം ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു.
മദ്യപാനം അത്ര ഗൌരവമായി കരുതേണ്ട തിന്മയല്ലെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ വേദപുസ്തകം പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും മദ്യപാനം പാപമാണെന്ന്. വ്യഭിചാരവും, കൊലപാതകവും പോലെ തന്നെ തെറ്റാണ് മദ്യപാനവും മകയക്കുമരുന്നുകളുടെ ഉപയോഗവും (ഗലാ. 5:19-21).
"മദ്യപാനി ദൈവരാജ്യം അവകാശപ്പെടുകയില്ലെന്ന്'' (ഗലാ. 5:21) പ. പൌലോസ് അപ്പോസ്തലന്‍ പറയുന്നു.
വേദോപനിഷത്തുകള്‍, പുരാണങ്ങള്‍, സ്മൃതികള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും നമ്മുടെ സംസ്ക്കാരത്തിന്റെ ചൈതന്യധാരകളായി വര്‍ത്തിച്ച രാജാറാം മോഹന്‍ റായ്, ലോക മാന്യതിലകന്‍, ഗാന്ധിജി, വിവേകാനന്ദന്‍, ശ്രീനാരയണഗുരു തുടങ്ങിയ പ്രശസ്ത വ്യക്തികളും മദ്യത്തെയും ലഹരി മരുന്നുകളുടെ ഉപയോഗത്തെയും ശക്തിയായി എതിര്‍ത്തവരായിരുന്നു. ലോകത്തിലെ എല്ലാ മതങ്ങളും മദ്യപാനത്തെ എതിര്‍ക്കുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് അവന്റെ ആരോഗ്യമാണ്. ആരോഗ്യം നഷ്ടമായാല്‍ എല്ലാം നഷ്ടമായി, ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യനെ അനാരോഗ്യവാനും ചിത്രഭ്രമമുള്ളവനും അവിവേകിയുമാക്കുന്നു. ജവര്‍ലാല്‍ നെഹ്റുവിന്റെ അഭിപ്രായത്തില്‍  മദ്യനിരോധനത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ അതുവഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ തീര്‍ത്തും അവഗണിക്കാവുന്നതേയുള്ളു. മദ്യമെന്നത് സ്റാറ്റസ് സിംബലായെങ്കിലും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. മാമോദീസാ, കല്ല്യാണം, ശവസംസ്ക്കാരം,ഭവനകൂദാശ, പെരുന്നാളുകള്‍ എല്ലാം മദ്യമയം ആയിത്തീര്‍ന്നിരിക്കുന്നു. ഇത്തരം സാമൂഹ്യതിന്മകള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ ശബ്ദിക്കുവാനും സമൂഹത്തെ രക്ഷിക്കുവാനുമുള്ള ചുമതല സഭക്കും സാമൂഹ്യ സംഘടനകള്‍ക്കും ഉണ്ട്.

കടപ്പാട് : മലങ്കരസഭ മാസിക (ഡിസംബര്‍ 2010)