Pages

മദ്യനയം തിരുത്തണം : ക്രൈസ്തവ മെത്രാന്‍ സമിതി

കൊച്ചി: കുടുംബബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാനും സൃഷ്ടികളോട് ആദരവു പുലര്‍ത്തുന്ന മനോഭാവം വളര്‍ത്തിയെടുക്കാനും ക്രൈസ്തവസഭകള്‍ക്ക് കടമയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയില്‍ കൂടിയ ക്രൈസ്തവമെത്രാന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത, മാര്‍ യൂഹാന്നന്‍ യോസഫ്, ആര്‍ച്ച്ബിഷപ്പുമാരായ ഡോ.സൂസപാക്യം, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് രാജിനും (232-ാം വകുപ്പ്) നഗരസഭകള്‍ക്കും (നഗര പാലിക ബില്‍ 447) ഉള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുന്നവരെ മാത്രമേ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളവരായി കണക്കാക്കാനാവൂ എന്നും ക്രൈസ്തവമെത്രാന്മാരുടെ സമ്മേളനം അംഗീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ഒരു സംയുക്ത ഇടയലേഖനം കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളും കൂടി തയാറാക്കുക, കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെ ഡയറക്ടറി പ്രസിദ്ധീകരിക്കുക, പരിസ്ഥിതി സംരക്ഷണത്തിന് പൊതുസമിതി രൂപീകരിക്കുക, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ വികലനയങ്ങളെ ഒരുമിച്ചുനിന്ന് പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങളിലും സമ്മേളനം തീരുമാനമെടുത്തു.