Pages

ഇടമില്ലാത്തവര്‍ക്ക് ഇടം കണ്ടെത്തിയ ഇടയന്‍മാര്‍

റവ. ഫാ. പി. എ. ഫിലിപ്പ് 
വി. വേദപുസ്തകത്തില്‍ ആദ്യസെമിനാരി ഡോര്‍മിറ്ററിയുടെ നിര്‍മ്മാണം സംബന്ധിച്ച് പരാമശമുള്ളത് 2രാജാക്കന്മാര്‍ 6:1-3 വാക്യങ്ങളിലാണ്. ബി. സി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏലിശാപ്രവാചകന്‍ തന്റെ 50 വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രവാചകദൌത്യം നിറവേറിയത് തന്റെ ഗുരുവായ ഏലിയാവിന്റെ ഇരുട്ടിന്റെ ആത്മാവ് പ്രാപിച്ചുകൊണ്ടായിരുന്നു. തന്റെ കര്‍മ്മ വീഥികളില്‍ ഉജ്ജ്വലമായി മുന്നേറിയ പ്രവാചകന് ധാരാളം ശിഷ്യസമ്പത്തുമുണ്ടായി. ശിഷ്യന്മാരുടെ എണ്ണം പെരുകി വന്നപ്പോള്‍ അവര്‍ക്ക് താമസിക്കുവാനുള്ള സ്ഥലം ഇല്ലാതായി. താമസസൌകര്യങ്ങള്‍ പരിമിതമായപ്പോള്‍ പ്രവാചകന്റെ അടുത്ത് പരാതിയും അതിനുള്ള പരിഹാരവുമായി ശിഷ്യന്മാര്‍ എത്തി. സ്ഥലം ഇടുക്കമുള്ളതുകൊണ്ട് കൂടുതല്‍ താമസസൌകര്യം ക്രമീകരിക്കുവാന്‍ യോര്‍ദ്ദാന്‍ നദിയുടെ കരയില്‍ നിന്ന് മരം മുറിച്ച് കൊണ്ടുവരുവാനുള്ള അനുവാദം ശിഷ്യന്മാര്‍ പ്രവാചകനോട് ചോദിക്കുന്നു. അനുവാദം നല്കിയ പ്രവാചകന്‍ ശിഷ്യന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് അവരോടൊപ്പം യോര്‍ദ്ദാന്റെ കരയിലേക്ക് പോകുന്നു. ശിഷ്യഗണത്തിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നു.

ഒന്നാമത്, താമസിക്കുന്ന സ്ഥലം ഇടുക്കമായിരിക്കുന്നു എന്ന തിരിച്ചറിവ് ശിഷ്യന്മാര്‍ക്കും ഗുരുവിനും ഉണ്ടായി

‘ഇടമില്ലായ്മയുടെ അസ്വസ്ഥത’ അനുഭവിക്കുന്ന ശിഷ്യരാണ് പരാതി പറയുന്നത്. ഈ അസ്വസ്ഥതയാണ് പുതിയ പരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ഹേതുവായിത്തീരുന്നത്. ഈ അസ്വസ്ഥതയാണ് വളര്‍ച്ചയുടേയും പുരോഗമനമനസ്സിന്റെയും അടിസ്ഥാനശില. ഇടമില്ലായ്മയുടെ കണ്ടെത്തലും ഇടുക്കത്തിന്റെയും അസ്വസ്ഥതയുമാണ് പ്രവാചകനേയും ശിഷ്യരേയും നൂതനപദ്ധതികളിലേക്ക് നയിക്കുന്നത്. പഴയസെമിനാരിയുടെ ആദ്യശില്പി പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയും ഡോ പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും ഈ ഇടുക്കത്തിന്റെ അസ്വസ്ഥത അനുഭവിച്ചവരാണ്. താമസസ്ഥലത്തെ പരിമിതികളുടെ തിരിച്ചറിവ് ഏലിശാ പ്രവാചകനെ യോര്‍ദ്ദാന്‍ നദീതീരത്തേക്കു നയിക്കുന്നു. താമസസ്ഥലം വിസ്തീര്‍ണ്ണപെടുത്തുവാനുള്ള ഉദ്യമം നടത്തുന്നു. ഗുണാത്മകവും സൃഷ്ടിപരവുമായ അസ്വസ്ഥതയാണ് പഴയ സെമിനാരിയുടെ ആദ്യശില്പി പുലിക്കോട്ടില്‍ ജോസഫ് ഇട്ടൂപ്പ് റമ്പാനെ മീനച്ചിലാറിന്റെ തീരത്തേക്ക് നയിച്ചത്. പ്രവാചകനും ഇട്ടൂപ്പു റമ്പാനും സാദ്ധ്യതകളുടെ സ്രോതസ്സ് കണ്ടെത്തിയത് നദീതീരങ്ങളിലാണ്.

കോട്ടയം അക്ഷരത്തിന്റേയും, കായലുകളുടേയും, റബറിന്റേയും നാടാണ്. അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹൃദയത്തില്‍ അക്ഷയമായ അക്ഷരത്തിന്റെ ആദ്യതിരി കത്തിച്ചത് പുലിക്കോട്ടില്‍ തിരുമേനിയായിരുന്നുവെന്ന് ലോകം അറിയുന്നുണ്ടോ? മലയാളക്കരയില്‍ ഇംഗ്ളീഷ് അക്ഷരങ്ങള്‍ ആദ്യമായി കോരിയിട്ടത് ഈ സെമിനാരിയിലാണ്. രണ്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് വളരുവാനുള്ള അഭിനിവേശം കൈമുതലായി തലയില്‍ നിറയെ ആശയങ്ങളും ഒഴിഞ്ഞ പോക്കറ്റുമായി ഇട്ടുപ്പു റമ്പാന്‍ ഈ മണ്ണില്‍ കാലുകുത്തി. ഇന്നത്തെ ആധുനിക സൌകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് സഭയെപറ്റി ദൂരക്കാഴ്ചയോടെ ചിന്തിച്ച് വിപ്ളവകരമായ മാറ്റത്തിന് വഴി തുറന്നിട്ടു. ‘സഭ ഇടുങ്ങിയിരിപ്പാന്‍ പാടില്ല’ എന്ന ചിന്തയാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ഈ ഇടുക്കത്തിന്റെ അസ്വസ്ഥതയാണ് സഭയുടെ സിരാകേന്ദ്രമായി മാറിയ ഈ സെമിനാരിയുടെ സ്ഥാപനത്തിന് അടിസ്ഥാനം. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ ആര്‍ത്താറ്റുള്ള വിശ്വാസിസമൂഹം ചിന്നിച്ചിതറിയപ്പോഴും ചങ്കൂറ്റത്തോടും തികഞ്ഞ വിഭീഷണത്വത്തോടുംകൂടി പള്ളിക്കുള്ളിലിരുന്ന് പ്രാര്‍ത്ഥിച്ച ഇട്ടൂപ്പു റമ്പാന്‍ പ്രാര്‍ത്ഥനാമല്ലനും, ബഹുഭാഷാപണ്ഡിതനും, വാഗ്മിയും, ആര്‍ക്കിടെക്ടും ഒക്കെയായിരുന്നു. മനോഹരമായ ഈ സെമിനാരി ചാപ്പലും ശില്പചാരുതയുടെ നേര്‍ക്കാഴ്ചയായ സെമിനാരിയുടെ നാലുകെട്ടും ഒക്കെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും, സൂക്ഷ്മനിരീക്ഷണപാടവും ഒക്കെ വിളിച്ചോതുന്നു. സെമിനാരി സ്ഥാപനത്തിന് ആദ്യം മൌനസമ്മതം നല്കിയ അന്നത്തെ നസ്രാണിസാരഥി മാര്‍ത്തോമ്മാ എട്ടാമന്‍, വട്ടിപ്പണത്തിന്റെ പലിശ സെമിനാരി നിര്‍മ്മാണത്തിന് കൊടുക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വരം മാറ്റി. മാര്‍ത്തോമ്മാ എട്ടാമന്റെ ശക്തമായ എതിര്‍പ്പുകളെ വകവയാക്കാതെ പുലിക്കോട്ടില്‍ റമ്പാന്‍ മുന്നോട്ടുതന്നെ പോയി. നല്ലകാര്യങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകുക സ്വാഭാവികം. ഉള്ളില്‍ ഇടുക്കത്തിന്റെ അസ്വസ്ഥത അനുഭവിച്ച പുലിക്കോട്ടില്‍ തിരുമേനി സെമിനാരി സ്ഥാപനത്തിലൂടെ സഭയ്ക്കുവേണ്ടി വിശാലതയുടെ വലിയ വാതില്‍ തുറക്കുകയായിരുന്നു. സെമിനാരിയുടെ ആധുനികശില്പി ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും ഇടുക്കത്തിന്റെ അസ്വസ്ഥത ഉള്ളില്‍ പേറിയിരുന്നു. പുത്തന്‍ സാഹചര്യങ്ങളില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ പ്രഥമമെത്രാപ്പോലീത്തായായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ എടുത്തു പറയുവാന്‍ ഒരിടവകമാത്രമേ ആ ഭദ്രാസനത്തിലുണ്ടായിരുന്നുള്ളൂ. ഡല്‍ഹി ഹൌസ്കാസ് പള്ളിയുടെ ഒരു മുറിയില്‍ താമസിച്ചുകൊണ്ട് ഇടുക്കത്തിന്റെ അസ്വസ്ഥത അദ്ദേഹം അറിഞ്ഞു. കേവലം 20 വര്‍ഷങ്ങള്‍ കൊണ്ട് ഡല്‍ഹി ഭദ്രാസനത്തിനുണ്ടായ വളര്‍ച്ച അത്ഭുതാവഹമാണ്. അദ്ദേഹം കാലം ചെയ്യുമ്പോഴേക്ക് 50ല്‍ പരം ഇടവകകളും അനേകം അനുബന്ധസ്ഥാപനങ്ങളും ഭദ്രാസനത്തിനുണ്ടായി സെമിനാരി പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ അദ്ദേഹം വന്‍കാര്യങ്ങളാണ് ചെയ്തുതീര്‍ത്തത്. അത്മായ വേദാഭ്യാസനത്തിനായി ദിവ്യബോധനം, ആരാധന സംഗീതം ക്രമപ്പെടുത്തുന്നതിനായി ശ്രുതി എന്ന സ്ഥാപനം, സഭയുടെ എക്യുമെനിക്കല്‍-സാമൂഹ്യസന്ധങ്ങള്‍ക്കായി സോഫിയാ സെന്റര്‍ തുടങ്ങിയ അതിനൂതനവും, പുരോഗമനപരവുമായ കാര്യങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചു. സെമിനാരിയുടെ ആദ്യ ശില്പിയുടെ സ്വപ്നങ്ങളെ പൂവണിയിക്കുന്നതായിരുന്നു ആധുനികശില്പിയുടെ സംഭാവനകള്‍. ഇന്ന് സഭയെ നയിക്കുന്ന ഉന്നത ശീര്‍ഷരായ പലരും മാര്‍ ഗ്രീഗോറിയോസ് വളര്‍ത്തിയ ശിഷ്യന്മാരാണ്.

ഇക്കാലത്ത് സഭയ്ക്ക് ഈ ‘ഇടുക്കത്തിന്റെ അസ്വസ്ഥത’ കുറഞ്ഞു പോകുന്നു എന്നത് ആശങ്കയോടെ ചിന്തിക്കേണ്ട വിഷയമാണ്. ആത്മനിര്‍വൃതി(രീാുഹമരലിര്യ) ഒരു പരിധിവരെ നല്ലതാണ്. പക്ഷേ ആത്മനിവൃതിയുടെ ആലസ്യത്തില്‍ ഉറങ്ങുവാന്‍ തുടങ്ങിയാല്‍ പിന്നെ വളര്‍ച്ചയില്ല എന്നു നാം തിരിച്ചറിയണം. എല്ലാം തികഞ്ഞു എന്ന മനോഭാവത്തില്‍ സഭ മുന്നോട്ടുപോയാല്‍ കാലത്തിന്റെ വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടാന്‍ കഴിയില്ല. ആത്മനിവൃതിയില്‍ പതിയിരിക്കുന്ന അപകടമാണിത്. കൊരിന്ത്യസഭയിലെ ക്രിസത്യാനികളുടെ ‘എല്ലാം തികഞ്ഞു ’ എന്ന മനോഭാവത്തെ വി. പൌലോസ് ശാസിക്കുന്നു. ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി; ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി (1 കോരി. 4:8-20) ശീതവാനുമല്ല ; ഉഷ്ണവാനുമല്ല (വെളി. 3: 14-22) എന്ന മന്ദതയിലേക്ക് മലങ്കര സഭ വഴുതി വീണോ എന്ന് നാം വീണ്ടു വിചാരം നടത്തണം. Chuck Swindoll  എന്ന ഗ്രന്ഥത്തിലെ പ്രസ്താവം ചിന്തനീയമാണ്.“...we are finding a great deal  of security in the mediocrity and predictability of sameness.... we are like chatty, laughing tourists taking snapshots in the low lands through rose coloured filters....enjoying todays lull...we are yesterday dwelleres; avoiding the reality of today.”

        ഇന്നിന്റെ യാഥാര്‍ത്ഥങ്ങളേയും വെല്ലുവിളികളേയും തമസ്ക്കരിക്കുന്ന, ഇന്നലകളുടെ സുഖസുക്ഷിപ്തിയില്‍ മാത്രം അഭിരമിക്കുന്ന സഭ വളര്‍ച്ചയുടെ പാതയില്‍ അല്ല. പഴമയുടെ പെരുമയെ നാം വാഴ്ത്തുമ്പോള്‍ പുതുമയിലെ പൊരുളുകളേയും  ഉള്‍ക്കൊള്ളണം. വളരുവാനുള്ള ഒരു അഭിനിവേശം ഉള്ളിടത്തുമാത്രമേ വളര്‍ച്ചയ്ക്ക് സാദ്ധ്യത തെളിയുന്നുള്ളൂ. പുറംതോടിനുള്ളില്‍ സുഖമായി വസിക്കുന്ന വിത്തിന് ജീവിതം സ്വസ്ഥമാണെങ്കിലും ഉള്ളില്‍ ഒരു അസ്വസ്ഥതയുണ്ട്; ഒരു വെമ്പല്‍ ഉണ്ട്. പുറം ലോകത്തിന്റെ വിശാലതയിലേക്ക് പൊട്ടിമുളയിക്കുവാനുള്ള വ്യഗ്രതയുണ്ട്. ഓരോ പൂമൊട്ടിനും ഈ വെമ്പലുണ്ട്. ഈ ഇടുക്കത്തിന്റെ സംഘര്‍ഷം സഭ അനുഭവിച്ചേ മതിയാവൂ. എങ്കിലേ നവംനവങ്ങളായ കര്‍മ്മമേഖലയിലേക്ക് കാലെടുത്തുവയ്ക്കുവാന്‍ സഭയ്ക്കു കഴിയുകയുള്ളൂ.

രണ്ടാമത്, ഇടം തേടുന്നവര്‍ക്ക് ഇടം നല്കുന്ന ഇടയന്മാരായിരുന്ന ഈ പുണ്യ പിതാക്കന്മാര്‍.
വേദപുസ്തക സംഭവത്തില്‍ ഏലിശായുടെ ശിഷ്യന്മാര്‍ താമസിക്കുവാന്‍ ഇടമില്ലാതെ വിഷമിക്കുന്നവരാണ്. അവര്‍ പ്രവാചകരോട് പരിഭവം പറയുന്നു. അദ്ധ്വാനിക്കുവാന്‍ യോര്‍ദ്ദാന്‍ നദിക്കരയില്‍ പോകുന്ന ശിഷ്യന്മാരോടൊത്ത് ഗുരുവും പോകുന്നു. ഇടയത്വശുശ്രൂഷയുടെ ഒരു അനുപേക്ഷണീയ ഘടകമാണ് ഇടം നല്‍കുന്ന ശുശ്രൂഷ. ഇടമില്ലാത്തവരുടെ ഇടയന്‍, ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന നിലകളിലൊക്കെ നന്നായി പ്രവര്‍ത്തിച്ച ശ്രേഷ്ഠ ഇടയനായിരുന്ന ഡല്‍ഹിയുടെ പ്രഥമമെത്രാപ്പോലീത്താ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് വിശ്വമാനവനായി ഉലകം ചുറ്റുമ്പോഴും, ഡല്‍ഹി നഗരത്തില്‍ സ്ക്കൂട്ടറിന്റെ പിന്‍സീറ്റിലും, ഓട്ടോറിക്ഷയിലും ഒക്കെ അദ്ദേഹം യാത്രചെയ്തിട്ടുണ്ട്. ഭദ്രാസനമെത്രാപ്പോലീത്താ ആയി നിയോഗിതനായപ്പോള്‍ ഒരു ആസ്ഥാനമില്ലായിരുന്നു. ഡല്‍ഹി ഹൌസ് കാസ് പള്ളിയുടെ ഒറ്റമുറിയിലും, ജനക്പുരി പള്ളിയുടെ ബാല്‍ക്കണിയിലുമായി എട്ടുവര്‍ഷത്തിലേറെ അദ്ദേഹം ജീവിച്ചു ഇടമില്ലായ്മയുടെ ഞെരുക്കുവും ഇടമില്ലാത്തവരുടെ ദു:ഖവും ഒരേ സമയം അദ്ദേഹം അനുഭവിച്ചു. 1986-87 ല്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ‘ലാല്‍കുവാ’ എന്ന ഗ്രാമത്തില്‍ കല്‍തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ഒരു പദ്ധതി അദ്ദേഹം നടപ്പിലാക്കി. ഡല്‍ഹിയിലെ ഉരുകുന്ന ചൂടിലും കൊടും തണുപ്പിലും വാഹന സൌകര്യമോ വൈദ്യുതിയോ കുടിവെള്ളം പോലുമോ ഇല്ലാത്ത ആ കൊച്ചു ഗ്രാമത്തില്‍ അദ്ദേഹം കാല്‍ നടയായി പോയിട്ടുണ്ട്. അവരുടെ കുട്ടികള്‍ക്ക് പഠന സൌകര്യത്തിനായി ബാലവാടികള്‍ സ്ഥാപിച്ചു. കിണര്‍ കുഴിച്ചാല്‍ പാല്‍ പോലെയുള്ള വെള്ളം കിട്ടുന്ന ആ സ്ഥലത്ത് കുടിവെള്ളം എത്തിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. 

റഷ്യന്‍ മാതൃകയില്‍ ശില്പചാരുതയോടെ നിര്‍മ്മിച്ച ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്റര്‍ ഡല്‍ഹിയിലെ ഒരു പ്രധാന നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയമാണ്. എന്നാല്‍ പ്രധാന റോഡില്‍ നിന്ന് സെന്ററിലേക്ക് പ്രവേശിക്കുന്ന കൈവഴിയില്‍ അനേകം പാവങ്ങള്‍ ഷെഡുകെട്ടി ചില്ലറ കച്ചവടങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അത് അവരുടെ അഷ്ടിയ്ക്കുള്ള മാര്‍ഗ്ഗമായിരുന്നു. പ്രധാന നിരത്തുകളുടെ അരികില്‍ ഇത്ര വൃത്തിഹീനമായ രീതിയില്‍ അനധികൃതമായി നടത്തുന്ന കച്ചവടക്കാരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടയ്ക്കിടെ ഒഴിപ്പിക്കാറുമുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്ന് ഓര്‍ത്തഡോക്സ് സെന്ററിന്റെ കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ചെറു കച്ചവട സംഘങ്ങള്‍ ഒരു ഒഴിയാബാധയായി മാറിയപ്പോള്‍ അവരെ ഒഴിപ്പിക്കുവാനായി ഞാനൊരു പരാതി നല്‍കി. മുന്‍സിപ്പാലിറ്റി അധികൃതര്‍ കുടിയൊഴിപ്പിക്കാന്‍ വന്നപ്പോള്‍ തിരുമനസ്സ് എന്നോട് ‘എന്താണ് കാര്യം’ എന്ന് ചോദിച്ചു. ഞാന്‍ വിജയഭാവത്തില്‍ ‘ഷെഢുകള്‍ പൊളിച്ചുമാറ്റാന്‍ പരാതി നല്‍കിയത് അനുസരിച്ച് മുന്‍സിപ്പാലിറ്റി അധികൃതര്‍ വന്നിരിക്കുകയാണ് ’ എന്ന് അറിയിച്ചു. തിരുമനസ്സ് വളരെ വേദനയോടെ കുപിതനായി എന്നോട് ‘ഞാന്‍ ഇവിടെ വരുന്നതിന് മുമ്പേ ഈ പാവങ്ങള്‍ ഇവിടെയുണ്ട് അവര്‍ അവിടെ കഴിഞ്ഞോട്ടെ; ഒഴിപ്പിക്കേണ്ട’ എന്ന് പറഞ്ഞു. ഇടമില്ലാത്തവരോടുള്ള കരുണയും കരുതലും വിശ്വമാനവന് എത്രയായിരുന്നു എന്ന് ചിന്തിക്കു. സന്ധ്യക്ക് തിരുമേനി നടക്കാന്‍ ഇറങ്ങുമ്പോള്‍ മൂക്കള ഒലിപ്പിച്ചും വള്ളി നിക്കറും ഇട്ട് നടക്കുന്ന തെരുവ് കുട്ടികളെയും കൂടെ കൊണ്ടുപോകുമായിരുന്നു. അവര്‍ക്ക് നിലക്കടല വാങ്ങിക്കൊടുത്ത് കൊച്ചു വര്‍ത്തമാനം പറഞ്ഞ് നടക്കുന്ന കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ലോക നേതാക്കളോടും ബുദ്ധിജീവികളോടും ഒപ്പം ജീവിതത്തിന്റെ സിംഹഭാഗം കഴിച്ചുകൂട്ടിയ തിരുമേനിക്ക് ഇടമില്ലാത്തവരുടെ നൊമ്പരങ്ങളും നന്നായി അറിയാമായിരുന്നു.

ഇന്ന് സഭയ്ക്ക് അകത്തും പുറത്തും ഇടമില്ലാത്ത അനേകരുണ്ട് അവര്‍ക്ക് ഇടം നല്‍കാനുള്ള ആത്മീക-ധാര്‍മ്മീക ഉത്തരവാദിത്തമാണ് ഈ പിതാക്കന്മാര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അവരുടെ സ്മരണ ഈ മേഖലകളിലേക്ക് നമ്മെ വഴിനടത്തുന്ന ഉണര്‍ത്തുപാട്ടാകട്ടെ എന്ന് ആശംസിക്കുന്നു. അവരുടെ മദ്ധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ!

(സെമിനാരി സ്ഥാപകന്‍ സഭാജ്യോതിസ്സ് പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസിന്റേയും, ആധുനിക ശില്പി ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടേയും ഓര്‍മ്മപ്പെരുന്നാളില്‍ നടത്തിയ അനുസ്മരണ പ്രസംഗം)