Pages

യഹോവയുടെ വചനത്താല്‍ലഹരിപിടിച്ചു മത്തരാകുവിന്‍

അഡ്വ. വര്‍ഗീസ് പി. തോമസ്
ലഹരി - അക്രമാസക്തി എന്നിവയില്‍ അഭിരമിക്കുന്ന സമൂഹത്തിലെ ദുഷ്പ്രവണതയ്ക്കെതിരെ ബോധവത്ക്കരണം നടത്തുവാന്‍ ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് എടുത്ത തീരുമാനം അത്യന്തം ശ്ളാഘനീയമാണ്. ഇതര ക്രിസ്തീയ സഭകളും താമസംവിനാ സമാന കര്‍മ്മ പരിപാടികളുമായി മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ സമൂലമാറ്റം വരുത്താന്‍ സാധിക്കും. സമൂഹത്തെ ശീഘ്രം കാര്‍ന്നുതിന്നുന്ന ലഹരിയുടെ അനന്തര വിഷവിത്താണ് ആക്രമാസക്തി. ഏതാഘോഷത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രേരകശക്തിയാണ് ലഹരിയും മയക്കുമരുന്നും. പണത്തിന്റെ ലഭ്യത ഇതെല്ലാം പ്രാപ്യമാക്കുന്നു. ഈ അടുത്ത സമയത്ത് മലപ്പുറത്തു സംഭവിച്ച മദ്യദുരന്തം ഇതിനു തെളിവാണ്.
അനേകം ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ വിരുന്നും ആഘോഷവും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു പരിപാടിയായിത്തീര്‍ന്നിരിക്കുന്നു. പുതുവല്‍സരം, ഓണം, ക്രിസ്തുമസ്, വിവാഹം, വിവാഹ വാര്‍ഷികം, ജന്‍മദിനം, മാമോദീസാ, വീടുകൂദാശ എന്നീ പേരുകളില്‍ നടത്തുന്ന വിരുന്നില്‍ മദ്യം (രഹസ്യമായെങ്കിലും) വിളമ്പുന്നതു ചടങ്ങിന്റെ ഭാഗമാണ്. രാജഭരണകാലത്തു നടന്നിരുന്ന രാജകീയ വിരുന്നിനു സമാനമായി ഇന്നു സര്‍ക്കാര്‍ ദേശീയ വിരുന്നായി നടത്തുന്നു. ഇതിനിടയില്‍ ആത്മീയ സംഘടനകള്‍ നടത്തുന്ന സ്വര്‍ഗ്ഗീയ വിരുന്നും ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വിരുന്നുകള്‍ പൊടിപൂരമാണ്. മുന്തിയ ഹോട്ടലുകളില്‍ ഇത്തരം വിരുന്നും ആഘോഷവും നടത്തുന്നതിനു പ്രത്യേക ലോഞ്ച് തന്നെ ഡിസൈന്‍ ചെയ്ത് ഉണ്ടാക്കിയിരിക്കുന്നു.
പുരാതന കാലം മുതല്‍ വിരുന്നും വീഞ്ഞും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നു. വേദപുസ്തകാടിസ്ഥാനത്തില്‍ വിരുന്നുകളെ ഇവിടെ വിശകലനം ചെയ്യുന്നത് ഉചിതമാണ്. പഴയനിയമകാലത്തെ വിരുന്നും പുതിയനിയമകാലത്തെ വിരുന്നും ആത്മീയ തലത്തിലും ഭൌതികതലത്തിലും വ്യത്യസ്തത നിലനിര്‍ത്തുന്നു. വീഞ്ഞിന്റെയോ ലഹരിയുടെയോ ഉപയോഗത്തോടെ നടത്തുന്ന വിരുന്നില്‍ അപമൃത്യു, അക്രമം, അപമാനം, കൊല എന്നിവ നിത്യസംഭവങ്ങളാണ്്.
ബൈബിളിലെ ആദ്യവിരുന്ന് ഫറവോന്‍ രാജാവിന്റെ ജന്മനാളില്‍ നടത്തിയതാണ് (ഉല്‍പത്തി 40:20-22). ജന്മദിവസം സകല ദാസന്‍മാര്‍ക്കും വിരുന്ന് കഴിച്ചപ്പോള്‍ രാജകല്‍പന പ്രകാരം അപ്പക്കാരുടെ പ്രമാണിയെ തൂക്കി കൊന്നതായി എഴുതിയിരിക്കുന്നു. ഏതായാലും വിരുന്നില്‍ ഒരു കൊല നടന്നു.
പിന്നീട് അഹശ്വരോശ് രാജാവിന്റെ വാഴ്ചാകാലത്തു 180 ദിവസം ദേശമൊക്കെയും ആഘോഷം സംഘടിപ്പിച്ചു. തുടര്‍ന്ന് രാജധാനിയില്‍ ഏഴു ദിവസം വിരുന്നു നടത്തി. രാജ്യത്തെ സകല പ്രഭുക്കന്‍മാര്‍ക്കും സേനാധിപന്‍മാര്‍ക്കും സംസ്ഥാനാധിപന്‍മാര്‍ക്കും രാജാവിന്റെ പ്രതാപവും മഹത്വവും കാണിക്കാനാണ് വിരുന്നു നടത്തിയത്. കൂടാതെ രാജ്ഞി വസ്ഥിയും പ്രത്യേകമായി സ്ത്രീകള്‍ക്കു രാജധാനിയില്‍ വിരുന്നു കഴിച്ചു. ഏഴാം ദിവസം വീഞ്ഞു കുടിച്ചു രാജാവും മഹത്തുക്കളും ആനന്ദിച്ചിരിക്കുമ്പോള്‍, വസ്ഥി രാജ്ഞിയുടെ സൌന്ദര്യം കാണിപ്പാന്‍ അവരെ കിരീടം അണിയിച്ചു സദസ്സ് മുമ്പാകെ കൊണ്ടുവരുവാന്‍ കല്‍പ്പിച്ചു. കല്‍പ്പന അനുസരിക്കാതെയിരുന്ന വസ്ഥിയെ, രാജ്ഞിസ്ഥാനത്തു നിന്നും നീക്കി പകരം എസ്ഥേറിനെ രാജ്ഞി ആക്കി വാഴിച്ചു. (എസ്ഥേര്‍ 1-9 വരെ അധ്യായം) ഏതായാലും വീഞ്ഞിന്‍ലഹരിയില്‍ നിന്നുള്ള ആനന്ദത്തിന്റെ ഫലമായി സ്ഥാനചലനങ്ങള്‍ ഉണ്ടായി. പിന്നീട് നിഗളിയും ദുഷ്ടനുമായ ഹാമാനെ, അവന്റെ പ്രവൃത്തിമൂലം സ്വയമേ ഉണ്ടാക്കിയ കഴുകുമരത്തില്‍ രാജകല്‍പന പ്രകാരം തൂക്കിലേറ്റി. ഇവിടെയും ഒരു കൊല നടന്നു.
ബാബിലോണ്‍ രാജാവായ ബല്‍ശസ്സര്‍ തന്റെ മഹത്തുക്കളില്‍ ആയിരം പേര്‍ക്ക് വലിയ വിരുന്ന് ഒരുക്കി. ആ വിരുന്നില്‍ യരുശലേം ദേവാലയത്തില്‍ നിന്നും കൊള്ളയിട്ടു കടത്തിയ പൊന്‍ പാത്രങ്ങളില്‍ രാജാവും രാജ്ഞിയും വെപ്പാട്ടികളും വീഞ്ഞു വിളമ്പി കുടിച്ചു മദിച്ചു. തുടര്‍ന്ന് കൈവേലയില്‍ തീര്‍ത്ത പ്രതിമകളെ വന്ദിച്ച് സ്തുതിച്ചു. ആ രാത്രിയില്‍ ഒരു മനുഷ്യന്റെ കൈവിരലുകള്‍ പുറപ്പെട്ട് കൊട്ടാരച്ചുവരിന്മേല്‍ ദൈവ ഭാഷയില്‍ ഇപ്രകാരം എഴുതി “ദൈവം നിന്റെ രാജത്വം എണ്ണി. അതിന് അന്തം വരുത്തിയിരിക്കുന്നു. തുലാസില്‍ നിന്നെ തൂക്കി നോക്കി. കുറവുള്ളവനായി കണ്ടു. നിന്റെ രാജ്യം വിഭജിച്ച് മേദ്യര്‍ക്കും പേര്‍ഷ്യര്‍ക്കും കൊടുത്തിരിക്കുന്നു’’ ആ രാത്രിയില്‍ തന്നെ ബല്‍ശസ്സര്‍ കൊല്ലപ്പെട്ടു എന്ന് എഴുതിയിരിക്കുന്നു. (ദാനിയേല്‍ 5:1-4). ഏതായാലും ഈ വിരുന്നിലും ഒരു കൊല നടന്നു.
ഇവയെല്ലാം രാജകീയ വിരുന്നെങ്കില്‍ ഈയ്യോബിന്റെ പുത്ര ന്‍മാര്‍ ഓരോരുത്തര്‍ താന്താന്റെ വീട്ടില്‍ സ്വകാര്യ വിരുന്നു കഴിച്ചിരുന്നു. താന്താങ്ങളോടു കൂടെ ഭക്ഷിച്ചു പാനം ചെയ്യാന്‍ അവരുടെ മൂന്നു സഹോദരിമാരെയും ക്ഷണിക്കുക പതിവായിരുന്നു. പുത്രന്‍മാര്‍ പാപം ചെയ്തു ഹൃദയംകൊണ്ട് ദൈവത്തെ ത്യജിച്ചിരിക്കും എന്ന് സന്ദേഹിച്ച് ഈയ്യോബ് ദൈവത്തിന് ഹോമയാഗം കഴിക്കുക പതിവായിരുന്നു. ഈ വിരുന്നില്‍ ലഹരി ഉപയോഗിച്ചിരുന്നതായി പറയുന്നില്ലെങ്കിലും എന്തോ ദൈവേഷ്ടമല്ലാത്തതു നടന്നില്ലെ എന്ന് സംശയിപ്പിക്കുന്ന ധ്വനി കാണുന്നു (ഈയ്യോബ് 1: 45).
പഴയനിയമകാലത്തെ യിസ്രയേലിലെ നാട്ടുനടപ്പായിരുന്നു മുന്തിരിയട അല്ലെങ്കില്‍ മുന്തിരിക്കട്ടി വിരുന്നില്‍ വിളമ്പുക എന്നത്. ദാവീദ് ഉണ്ടാക്കിയ പുതിയ കൂടാരത്തില്‍ ദൈവത്തിന്റെ പെട്ടകം വച്ച് ഇസ്രയേല്‍ മക്കള്‍ ആര്‍പ്പോടെ ആഘോഷം നടത്തി. അന്നു ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചുകഴിഞ്ഞ്, ദാവീദ് പ്രജകളെ അനുഗ്രഹിച്ച് ആളൊന്നിന് അപ്പവും ഒരു കഷണം ഇറച്ചിയും ഒരു മുന്തിരി അടയും പങ്കിട്ടുകൊടുത്തു. (2 ശമുവേല്‍ 6:17-19) ലേവ്യരില്‍ നിന്നും തിരഞ്ഞെടുത്ത സംഗീതക്കാര്‍ യഹോവയ്ക്ക് കീര്‍ത്തനവും വന്ദനവും പാടിയിരുന്നു (1 ദിന 16:3). യഹോവയുടെ നാമത്തില്‍ നടത്തിയിരുന്ന വിരുന്നുകളില്‍ വീഞ്ഞുവിളമ്പുകയോ, മത്തരാകുകയോ, വീഞ്ഞില്‍ ആനന്ദിക്കുകയോ ആരും ചെയ്തിരുന്നില്ല.
പുതിയനിയമകാലത്തു കര്‍ത്താവായ യേശുക്രിസ്തു തന്റെ വചനം കേള്‍പ്പാന്‍ വന്ന പുരുഷാരത്തിന് അപ്പവും മീനും വാഴ്ത്തി നറുക്കി ഭക്ഷിപ്പാന്‍ കൊടുത്ത് അവരെ തൃപ്തരാക്കി. ലോകരക്ഷയ്ക്ക് വേണ്ടി ഒരുക്കിയ വിരുന്ന് ദൃഷ്ടാന്തമായി വിവരിച്ചു കേള്‍പ്പിച്ചു. കുഞ്ഞാടിന്റെ വിവാഹവിരുന്നിനെപ്പറ്റിയും ഒരുക്കത്തെപ്പറ്റിയും വെളിപാടുപുസ്തകത്തില്‍ പറയുന്നു. ഈ വിവാഹ വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് എഴുതിയിരിക്കുന്നു. ഈ ഭാഗ്യാവസ്ഥയില്‍ എത്തുവാന്‍ നമുക്കും പ്രത്യാശിക്കാം.
    എന്നാല്‍ ഹേരോദാ രാജാവിന്റെ ജന്മദിനത്തില്‍ നടത്തിയ വിരുന്ന് ഏറ്റവും ഹീനവും മ്ളേച്ഛത ഏറിയതുമായിരുന്നു. അവന്റെ വെപ്പാട്ടി ഹേരോദ്യയുടെ മകള്‍ ശലോമി ജന്മദിനത്തില്‍ നൃത്തം ചെയ്തു രാജാവിനെ പ്രസാദിപ്പിച്ചു. പ്രത്യുപകാരമായി രാജാവില്‍ നിന്നും വാക്കുവാങ്ങി അമ്മയുടെ ആഗ്രഹപ്രകാരം യോഹന്നാന്‍ സ്നാപകന്റെ തല കൊയ്തു താലത്തില്‍ കൊണ്ടുവരീച്ചു. വിരുന്നുകാരെയും കൊടുത്ത വാക്കിനെയും വിചാരിച്ചു ഇതു ചെയ്തു. (മത്തായി 14:1-12). പലരും ദൈവകല്‍പനയ്ക്കെതിരെ ആഘോഷക്കാരെ തൃപ്തിപ്പെടുത്തുന്നതും വാക്കുകൊടുക്കുന്നതും ഈവിധമല്ലേ.
ചരിത്രം പറയുന്നത് ഹേരോദ്യ, ഹേരോദാവിന്റെയും സഹോദരന്‍ ഫിലിപ്പിന്റെയും അനന്തി രവള്‍ ആയിരുന്നു എന്നാണ്. ഫിലിപ്പില്‍ നിന്നാണ് ശലോമി ജന്മംകൊണ്ടത്. യോഹന്നാന്‍ സ്നാപകന്റെ ശിരസ്സ് തളികയില്‍ കൊണ്ടുവന്നപ്പോള്‍ ഹേരോദ്യ, സ്നാപകന്റെ നാക്ക് പുറത്തേക്ക് വലിച്ചുനീട്ടി സൂചികൊണ്ട് തുളച്ചതായി പറയപ്പെടുന്നു. ഈ കൊലയും ഒരു വിരുന്നിലാണ് നടക്കുന്നത്.
മദ്യപാനികള്‍ ബൈബിളിലെ നാലു വാക്യങ്ങളെ ന്യായീകരണത്തിനും മനസ്സമാധാനത്തിനും ആശ്രയിക്കുന്നു. ഉത്തമഗീതത്തില്‍, അവന്‍ എന്നെ വീഞ്ഞു വീട്ടില്‍ കൊണ്ടുപോയി മുന്തിരിയട തന്ന് ശക്തീകരിക്കട്ടെ നാരങ്ങാ തന്ന് എന്നെ തണുപ്പിക്കട്ടെ എന്ന് എഴുതിയിരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു ആദ്യമായി നടത്തിയ ആതിശയം കാനാവിലെ കല്യാണത്തിനു വെള്ളം മേല്‍ത്തരം വീഞ്ഞാക്കിയതാണ്. തന്റെ  അന്ത്യഅത്താഴത്തില്‍ വീഞ്ഞു വാഴ്ത്തി ശിഷ്യന്‍മാര്‍ക്ക് കൊടുത്തിട്ട് എന്റെ ഓര്‍മ്മയ്ക്കായ്, ഞാന്‍ വരുന്നതു വരെ ഇവ്വണ്ണം ചെയ് വീന്‍ എന്നു കല്‍പ്പിച്ചു. പില്‍ക്കാലത്തു പൌലോസപ്പോസ്തലന്‍ മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണവും മാറ്റുവാന്‍ അല്‍പം വീഞ്ഞു സേവിച്ചു കൊള്‍വാന്‍ തീമോത്തിയോസിനെഴുതിയ ലേഖനത്തില്‍ ഉപദേശിക്കുന്നു. ഇങ്ങനെ ന്യായീകരിക്കുന്നവര്‍ വ്യക്തിയായും കുടുംബമായും ഹോട്ടലുകളിലും ക്ളബ്ബുകളിലും തങ്ങളുടെ ജീവിതം ചെലവിട്ടു സമയം കഴിക്കുന്നു. ഇതു പിശാചിന്റെ തന്ത്രമാണെന്ന് തിരിച്ചറിയണം. അടിസ്ഥാനപരമായി യാതൊരു നീതീകരണവും ഇല്ലാത്ത വാദമുഖങ്ങള്‍ നിരത്തുന്നവരെ മുന്നമെ ദൈവിക ദര്‍ശനത്തില്‍ യെശയ്യാ പ്രവാചകന്‍ കണ്ടിരുന്നു. യെശയ്യാവിന്റെ പുസ്തകം 5:11-12 ല്‍ ഇവരെപ്പറ്റി ഇപ്രകാരം പറയുന്നു “അതികാലത്ത് എഴുന്നേറ്റ് മദ്യം തേടി ഓടുകയും വീഞ്ഞുകുടിച്ചു മത്തരായി സന്ധ്യാസമയത്തുവൈകി  ഇരിക്കുകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം. അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും കുഴലും ഉണ്ട്. എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല. അവന്റെ കൈവേലയെ വിചാരിക്കുന്നില്ല’’.
വീഞ്ഞുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നന്ന് എന്ന് ജ്ഞാനിയായ ശലോമോന്‍ പറഞ്ഞത് ഇവര്‍ മറക്കുന്നു. കാനാവിലെ കല്യാണത്തിനു വെള്ളം മേല്‍ത്തരം വീഞ്ഞായിത്തീര്‍ ന്നത് എങ്ങനെ - എന്തിന് എന്ന് ഇവര്‍ക്ക് അറിയില്ല. അല്ലെങ്കില്‍ അജ്ഞത നടിക്കുന്നു. മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു. ദൈവമോ ഹൃദയങ്ങളെ ശോധന ചെയ്യുന്നു.
ആദിയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. ദൈവപുത്രന്‍ നടത്തിയ ആദ്യത്തെ അതിശയത്തിലും, പരിശുദ്ധാത്മാവ് വെള്ളത്തിന്‍മീതെ പരിവര്‍ത്തിച്ചതിനാല്‍ മേല്‍ത്തരം വീഞ്ഞായിത്തീര്‍ന്നു. ഈ വീഞ്ഞാണ് അന്ത്യത്താഴത്തില്‍ കര്‍ത്താവിന്റ രക്തമാണെന്ന് പറഞ്ഞ് നമ്മുടെ രക്ഷയ്ക്ക് കുടിപ്പാന്‍ തന്നത്: എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍നിന്ന് ഇനിയും കുടിക്കയില്ല എന്നു പറഞ്ഞു. ഞാന്‍ വരുവോളം ഇതു ചെയ്വിന്‍ എന്നു കല്‍പ്പിച്ച പ്രകാരം മാത്രമേ ഈ വീഞ്ഞു നമുക്കു പാനം ചെയ്യുവാന്‍ അവകാശമുള്ളൂ. പുത്രന്‍ തമ്പുരാന്റെ വരവിനു മുമ്പുതന്നെ മധുര ഗായകന്‍ ദാവീദ് സങ്കീ ര്‍ത്തനം 104 ന്റെ 15 ല്‍, മനുഷ്യഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും അവന്‍ തരുന്നു എന്നു പാടി. ഇതു നമ്മെ ആശ്ചര്യപ്പെടുത്തുന്നില്ലെ?
കേരളത്തില്‍ നടക്കുന്ന പല പ്രധാന ആഘോഷങ്ങളില്‍, ക്രിസ്തുമസ് ദിനങ്ങളിലാണ് കൂടുതല്‍ മദ്യവില്‍പന നടക്കുന്നത്. ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നിരുന്നസ്ഥലത്തെ, മറ്റൊരു സ്ഥലം കടത്തിവെട്ടി എന്ന വാര്‍ത്ത കൌതുകമായി തോന്നി. ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്നതാണ് ഈ സ്ഥലങ്ങള്‍ എന്നത് അദ്ഭുതപ്പെടുത്തുക മാത്രമല്ല, ആത്മനിന്ദയ്ക്കും കാരണമാക്കി. എന്തായാലും ക്രൈസ്തവര്‍ മദ്യപാനത്തില്‍ മുന്‍പന്തിയില്‍ തന്നെ എന്നതു നഗ്നസത്യമാണ്. ഇതുകൊണ്ടായിരിക്കാം ‘മദ്യ’തിരുവിതാംകൂര്‍കാര്‍ കൂടുതലും ‘കുടി’ യേറ്റക്കാര്‍ എന്നു ഫലിതരൂപേണ പറയാറുള്ളത്.
വീഞ്ഞുകുടിച്ചു വെറിക്കൂത്തുകളില്‍ പങ്കുകൊണ്ട് കാമാര്‍ ത്തികളായും മോഹാര്‍ത്തികളായും കാലം കഴിച്ചതു മതിയാക്കി യിരമ്മ്യാവ് 23 ന്റെ 9 ല്‍ പറയുന്നതുപോലെ ഇനിയെങ്കിലും ജീവിക്കാം. അത് ഇപ്രകാരമാണ്. ‘‘എന്റെ ഹൃദയം ഉള്ളില്‍ നുറുങ്ങിയിരിക്കുന്നു. എന്റെ അസ്ഥികള്‍ ഒക്കെയും ഇളകുന്നു. യഹോവാ നിമിത്തവും അവന്റെ വിശുദ്ധ വചനങ്ങള്‍ നിമിത്തവും ഞാന്‍ മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു” ഈ ലഹരിയാണ് നമുക്കു വേണ്ടത്, ഇതാണ് ആത്മീയവിരുന്ന്, ഇതാണ് സ്വര്‍ഗ്ഗീയവിരുന്ന്.