Pages

ലഹരി വസ്തുക്കളുടെ ഉപയോഗംയുവജനങ്ങളുടെ ഇന്നിന്റെ പ്രശ്നം

ഫാ. സാമുവേല്‍ ജോണ്‍തേവത്തുമണ്ണില്‍
(സണ്‍ഡേസ്ക്കൂള്‍ തുമ്പമണ്‍ ഭദ്രാസന വൈസ് പ്രസിഡന്റ്)
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്രൈമാസ ലഹരിവിരുദ്ധ ബോധവത്ക്കരണ യജ്ഞം സംബന്ധിച്ച് പ. കാതോലിക്കാ ബാവാതിരുമേനിയുടെ കല്പന പള്ളിയില്‍ വായിച്ചത് കേട്ട ശേഷം ഒരു മദ്ധ്യവയസ്ക്കയായ സ്ത്രീയുടെ പ്രതികരണം ഇപ്രകാരമായിരുന്നു."ഇപ്പോഴെങ്കിലും സഭയ്ക്ക് ഈ കാര്യത്തില്‍ ബോധം ഉണ്ടായതില്‍ ദൈവത്തെ സ്തുതിക്കുന്നു''. ഈ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് രണ്ടുകാര്യം ബോദ്ധ്യമായി ഒന്ന്-മദ്യപാനത്തിന്റെ ദുരിതം ദൂരവ്യാപകമാണ്, രണ്ട്- സഭയ്ക്ക് ഈ കാര്യത്തില്‍ കാര്യമായ ഉത്തരവാദിത്വം ഉണ്ട്; സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രത്യേകിച്ച് യുവതലമുറയെ കാര്‍ന്നു തിന്നുന്ന ഈ മാരകരോഗം നന്നായി ചികിത്സിക്കേണ്ടിയിരിക്കുന്നു. അതിന് വൈകീയവേളയിലെങ്കിലും മുന്‍കൈയെടുത്ത സഭാനേതൃത്വത്തെ അങ്ങേയറ്റം ശ്ളാഹിക്കുന്നു.
ആധുനിക ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം ഡ.ച ന്റെ ഉപസംഘടനയായ ണ.ഒ.ഛ യുടെ കണക്കുകള്‍ അനുസരിച്ച് ഏകദേശം ലോകജനസംഖ്യയുടെ 1/4 ഭാഗം ലഹരിമരുന്നുകളുടെ അടിമകളാണ്. ഇന്ത്യയില്‍ ഏകദേശം 40 കോടിയോളം ജനങ്ങള്‍ ഇതിന്റെ അടിമകളാണ്. ഇതില്‍ ഭൂരിപക്ഷവും യുവജനങ്ങള്‍ തന്നെ. വര്‍ഷം തോറും ഇതിന്റെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ നിലയില്‍ വന്ന മാറ്റം, ജീവിതനിലവാരത്തില്‍ വന്ന വ്യതിയാനം, അണുകുടുംബം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നീ കാരണങ്ങളാല്‍ യുവജനങ്ങള്‍ ഈ തെറ്റിലേക്കുപോകുവാന്‍ വഴിവെയ്ക്കുന്നുണ്ട്. ഇതുകൂടാതെ അനേകം കാരണങ്ങളും ഇതിന് പിന്നില്‍ ഉണ്ട്. ലഹരിയെന്നാല്‍ മദ്യാസക്തി എന്നുമാത്രമല്ല അര്‍ത്ഥം. മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഇന്റര്‍നെറ്റ്, മൊബൈല്‍, ടി.വി അഢിഷന്‍, മതതീവ്രവാദം മുതലായവ എല്ലാം 'ലഹരി'എന്നപേരില്‍ ഉള്‍പ്പെടുന്നു. ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന കെടുതികള്‍ വളരെ ആഴത്തില്‍ സമൂഹത്തെയും, കുടുംബത്തെയും ബാധിക്കുന്നു. വിഷമദ്യദുരന്തങ്ങള്‍, റോഡപകടങ്ങള്‍, മാരകമായ രോഗങ്ങള്‍, ആത്മഹത്യ, കൊലപാതകങ്ങള്‍, സ്ത്രീപീഡനം, ബാലപീഡനം, വിവാഹ മോചനം, കുടുംബത്തകര്‍ച്ച, കോടതികയറ്റം, റാഗിംഗ്, പെണ്‍വാണിഭം, അധോലോക പ്രവര്‍ത്തനങ്ങള്‍, ആത്മീയവും ധാര്‍മ്മികവുമായ നിലവാര തകര്‍ച്ച എന്നിവ വര്‍ദ്ധിക്കുന്നു.
ലഹരി നല്‍കുന്ന വസ്തുക്കളുടെ പട്ടിക വളരെ നീണ്ടതാണ്. സാധാരണയായി യുവജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കപ്പെടുന്നവയില്‍ മുന്നില്‍ കഞ്ചാവ് തന്നെ. ഹെറോയിന്‍, മാര്‍ജ്ജുവാന, ചരസ്സ്, ഹപ്പിങ്ഫാഗ് എന്നിവയും കഞ്ചാവിന്റെ വിവിധ രൂപങ്ങളാണ്. കറുപ്പില്‍ നിന്നുണ്ടാക്കുന്ന ഹെറോയിന്റെ മറ്റൊരു പേരാണ് ബ്രൌണ്‍ ഷുഗര്‍. രണ്ടോ, മൂന്നോ ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ ഒരാളെ അടിമയാക്കി മാറ്റാന്‍ കഴിവുള്ള ഇത് പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത ഇല്ലാതാക്കും. ബ്രൌണ്‍ഷുഗര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ അംഗവൈകല്യമുള്ളവരായിരിക്കും. കറുപ്പ് ചെടിയില്‍ നിന്നെടുക്കുന്ന പ്രധാന ലഹരിപദാര്‍ത്ഥങ്ങള്‍ മോര്‍ഫിന്‍, പെതഡിന്‍ എന്നിവ ശക്തിയേറിയ ആസക്തി ഉണ്ടാക്കുന്നവയാണ്. മസ്തിഷ്ക്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധങ്ങളാണ് റിറ്റാലിന്‍, സെക്സഡിന്‍ ഇവ പരീക്ഷാമാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച് ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. ഇതുമൂലം ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടവരുത്തുന്നു. പലതരം ഉറക്കഗുളികകള്‍ ഉണ്ട്, മാന്‍ഡോക്സ്, ബാര്‍ബിറ്ററേറ്റുകള്‍, മെന്‍സഡിന്‍ തുടങ്ങിയവ ശക്തിയേറിയവയാണ്. കാംപോസ്, ലിബ്രിയം തുടങ്ങിയവ ശക്തികുറഞ്ഞവയും ഈ ഔഷധങ്ങളുടെ ദുരുപയോഗം 30% വിദ്യാര്‍ത്ഥികളെ ബാധിക്കുന്നു.
മദ്യപാനം പോലെതന്നെ ശരീരത്തെയും മനസിനെയും ബാധിക്കുന്ന ലഹരി വസ്തുവാണ് പുകയില. പുകവലിക്കുമ്പോള്‍ നിക്കോട്ടിനും ടാറും കാര്‍ബണ്‍മോണോക്സൈഡും അനേകം വിഷവസ്തുക്കളും നമ്മുടെ ശരീരത്തിലെത്തുന്നു. നിക്കോട്ടിന്‍ ആണ് ആസക്തി ഉളവാക്കുന്നത്. നിക്കോട്ടിനും ടാറും ശരീരഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഹൃദ്രോഗത്തിന്റെ പ്രധാനകാരണം പുകവലിയാണ്. കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളും തലച്ചോര്‍ സംബന്ധമായ രോഗങ്ങളും പുകവലി മൂലം ഉണ്ടാകുന്നു. പുകവലി പുകവലിക്കുന്നവരേക്കാള്‍ അടുത്ത് നില്‍ക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പുകലി മൂലം അന്തരീക്ഷം മലിനപ്പെടുന്നു. ചെറുപ്പക്കാര്‍ ലഹരി മരുന്നുകള്‍ക്ക് അടിമകളാകുന്നതിന്റെ ഉത്തരവാദിത്വം അവലഭ്യമാകുന്ന സമൂഹത്തിനുകൂടിയാണെന്ന് പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനില്‍ ദത്ത് ഒരിക്കല്‍ പയുകയുണ്ടായി. നാളെയുടെ വാഗ്ദാനങ്ങളാവേണ്ട നൂറുകണക്കിനു ചെറുപ്പക്കാര്‍ ലഹരിയുടെ ഉപയോഗം മൂലം മാരകമായ ക്യാന്‍സര്‍, ലിവര്‍ സിറോസിസ് എന്നിവ മൂലം ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു.
മദ്യപാനം അത്രഗൌരവമായി കരുതേണ്ട തിന്മയല്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ വേദപുസ്തകം പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും മദ്യപാനം പാപമാണെന്ന്. വ്യഭിചാരവും, കൊലപാതകവും പോലെ തന്നെ തെറ്റാണ് മദ്യപാനവും മയക്കുമരുന്നുകളുടെ ഉപയോഗവും (ഗലാ 5:19-21) പഴയനിയമം മദ്യപാനത്തെ എതിര്‍ക്കുന്നു.  "വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല''. സദൃശ്യ:20:1-2 ജ്ഞാനിയായ ശാലോമോന്‍ വീണ്ടും പറയുന്നു.  "നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജന പ്രിയരുടെ ഇടയിലും ഇരിക്കരുത്, കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും, നിദ്രാലുത്വം, പഴത്തുണി ഉടുക്കുമാറാക്കും..ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം, ആര്‍ക്ക് ആവലാതി, ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുമപ്പ്, വീഞ്ഞ് കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുക്കം അതു സര്‍പ്പം പോലെ കടിക്കും; അണലിപോലെ കൊത്തും.'' (സദൃശ്യവാക്യങ്ങള്‍ 23:20-35) മദ്യപാനം എന്നതിന്മകൊണ്ട് ഉണ്ടാകുന്ന ദൂഷ്യങ്ങളാണ് നാം ഇവിടെ കണ്ടത്.  "മദ്യപാനി ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് ''(ഗലാ:5-21) പ. പൌലോസ് അപ്പോസ്തോലന്‍ പറയുന്നു.
ഈ നാട്ടിലുടനീളം ദൃശ്യമാകുന്ന തകര്‍ന്ന കുടുംബങ്ങള്‍ ആരോഗ്യം നശിച്ച യുവാക്കള്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ എന്നിവര്‍ക്കൊക്കെ മദ്യപ്പിശാചിന്റെ കൊടും ക്രൂരകൃത്യങ്ങളുടെ കരളലിയിക്കുന്ന കഥ പറയാനുണ്ടായിരിക്കും മദ്യവര്‍ജനം എന്ന ആശയം ഭാരതത്തിനും നമ്മുടെ സംസ്ക്കാരത്തിനും പുത്തനല്ല. വേദോപനിഷത്തുകള്‍, പുരാണങ്ങള്‍, സ്മൃതികള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും നമ്മുടെ സംസ്ക്കാരത്തിന്റെ ചൈത്യധാരകളായി വര്‍ത്തിച്ച രാജാറാം മോഹന്‍ റായ്, ലോക മാന്യതിലകന്‍, ഗാന്ധിജി, വിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങിയ പ്രശസ്ത വ്യക്തികളും മദ്യത്തെയും ലഹരിമരുന്നുകളുടെ ഉപയോഗത്തെയും ശക്തിയായി എതിര്‍ത്തവരായിരുന്നു. ലോകത്തിലെ എല്ലാ മതങ്ങളും മദ്യപാനത്തെ എതിര്‍ക്കുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് അവന്റെ ആരോഗ്യമാണ്. ആരോഗ്യം  നഷ്ടമായാല്‍ എല്ലാം നഷ്ടമായി, ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യനെ അനാരോഗ്യവാനും ചിത്തഭ്രമമുള്ളവനും അവിവേകിയുമാക്കുന്നു, ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിപ്രായത്തില്‍ മദ്യനിരോധനത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ അതുവഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ തീര്‍ത്തും അവഗണിക്കാവുന്നതേയുള്ളു. മദ്യമെന്നത് സ്റാറ്റസ് സിംബലായെങ്കിലും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. മാമോദീസാ, കല്യാണം, ശവസംസ്ക്കാരം, ഭവനകൂദാശ, പെരുന്നാളുകള്‍ എല്ലാം മദ്യമയം ആയിത്തീര്‍ന്നിരിക്കുന്നു. ഇത്തരം സാമൂഹ്യതിന്മകള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ ശബ്ദിക്കുവാനും സമൂഹത്തെ രക്ഷിക്കുവാനുമുള്ള ചുമതല സഭക്കും സാമൂഹ്യസംഘടനകള്‍ക്കും ഉണ്ട്. യൂ-ടേണ്‍ എന്ന ബോധവത്ക്കരണം വഴി ഒരു പാപിയെങ്കിലും അനുതപിച്ച് തിരിച്ചുവന്നാല്‍ സ്വര്‍ഗ്ഗം സന്തോഷിക്കും. അതിനായി സഭയായി സമൂഹമായി പ്രവര്‍ത്തിക്കാം, പ്രാര്‍ത്ഥിക്കാം.